സുഡാനി ഫ്രം നൈജീരിയയും എസ് ദുര്‍ഗയും നാളെ തിയേറ്ററുകളിലെത്തും
ഫുട്ബോളും മലപ്പുറവും പ്രമേയമാക്കിയാണ് നവാഗതനായ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ വരുന്നത്.
മൂന്ന് മലയാള ചിത്രങ്ങളും മൂന്ന് ഇതരഭാഷാ ചിത്രങ്ങളും വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തും. സൌബിന്‍ ഷാഹിറിന്റെ സുഡാനി ഫ്രം നൈജീരിയ ആണ് മലയാളത്തില്‍ നിന്ന് എത്തുന്നവയിൽ പ്രധാനം. റാണി മുഖർജിയുടെ തിരിച്ചുവരവ് ചിത്രം ഹിച്ച്കിയാണ് ബോളിവുഡിൽ നിന്നുള്ളത്.
ഫുട്ബോളും മലപ്പുറവും പ്രമേയമാക്കിയാണ് നവാഗതനായ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ വരുന്നത്. സൌബിൻ ഷാഹിറും നൈജീരിയൻ നടൻ സാമുവൽ അബിയോള റോബിൻസണും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കെ എൽ 10 പത്ത് ഒരുക്കിയ മൊഹ്സിൻ പെരാരിയാണ് സുഡാനിക്കായി തിരക്കഥ ഒരുക്കിയത്.
ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ എസ് ദുർഗയും വെള്ളിയാഴ്ച എത്തും. സംസ്ഥാനത്തെ 40 തീയറ്ററുകളിലാണ് റിലീസ്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ് ദുർഗ, പരമ്പരാഗത കീഴ്വഴക്കങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെ സമൂഹം എത്രമാത്രം ഭീഷണിപ്പെടുത്തുമെന്നാണ് ചർച്ച ചെയ്യുന്നത്. അരീക്കോട് ഗ്രാമത്തിലെ നാലു ചെറുപ്പക്കാരുടെ പ്രണയത്തിന്റെയും നര്‍മ്മത്തിന്റെയും കഥ പറയുന്ന ലോലന്‍സ് ആണ് വെള്ളിയാഴ്ച എത്തുന്ന മറ്റൊരു ചിത്രം.
നാല് വർഷത്തെ ഇടവേളക്ക് ശേഷം റാണി മുഖർജി അഭിനയിക്കുന്ന ഹിച്കിയാണ് ബോളിവുഡിൽ നിന്നും എത്തുന്നത്. അധ്യാപികയാകാൻ ആഗ്രഹിക്കുന്ന സംസാര വൈകല്യമുള്ള നൈന മാഥൂര്‍ എന്ന യുവതി ആയി റാണി വേഷമിടുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് സംവിധായകൻ.