‘വില്ലന്’ റിലീസിന് മുന്‍പേ റെക്കോഡ്; ഓഡിയോ റൈറ്റ്സ് വിറ്റത് വന്‍തുകയ്ക്ക്

Update: 2018-05-30 10:51 GMT
Editor : Jaisy
‘വില്ലന്’ റിലീസിന് മുന്‍പേ റെക്കോഡ്; ഓഡിയോ റൈറ്റ്സ് വിറ്റത് വന്‍തുകയ്ക്ക്
Advertising

10-15 ലക്ഷം രൂപയാണ് സാധാരണയായി മ്യൂസിക് റൈറ്റ് വില്‍പനയില്‍ ഒരു മലയാളസിനിമ നേടുന്നത്

സൂപ്പര്‍ ഹിറ്റായ ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം മോഹന്‍ലാലും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തിയ ലാലിന്റെ പോസ്റ്ററും പെട്ടെന്ന് തന്നെ തരംഗമായി മാറുകയും ചെയ്തു. ദാ ഇപ്പോള്‍ റിലീസിന് മുന്‍പേ മറ്റൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് വില്ലന്‍. ഓഡിയോ റൈറ്റ്സ് വില്‍പനയിലാണ് ചിത്രം റെക്കോഡ് തുക സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡിലെ പ്രധാന മ്യൂസിക് ലേബലുകളിലൊന്നായ ‘ജംഗ്ലീ മ്യൂസിക്കാ’ണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയത്. 50 ലക്ഷം രൂപയാണ് ‘ജംഗ്ലീ’ ഇതിനായി മുടക്കിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഒരു മലയാളസിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 10-15 ലക്ഷം രൂപയാണ് സാധാരണയായി മ്യൂസിക് റൈറ്റ് വില്‍പനയില്‍ ഒരു മലയാളസിനിമ നേടുന്നത്.

ഒട്ടേറെ പ്രത്യകതകളുമായിട്ടാണ് വില്ലന്‍ സ്ക്രീനിലെത്തുന്നത്. മുഴുവനായും 8കെ റെസല്യൂഷനുള്ള ക്യാമറയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് വില്ലന്‍. പുലിമുരുകന്റെ വിജയത്തിനും ദേശീയ പുരസ്കാരത്തിനും ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്ന ചിത്രം കൂടിയായിരിക്കും വില്ലന്‍. മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ജോഡികള്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാത്യു മാഞ്ഞൂരാന്റെ ഭാര്യയായിട്ടാണ് മഞ്ജുവെത്തുന്നത്. തമിഴില്‍ നിന്നും വിശാലും ഹന്‍സികയും ഹിന്ദിയില്‍ നിന്നും രാഷി ഖന്നയുമുണ്ട്. രണ്‍ജി പണിക്കര്‍, ശ്രീകാന്ത്, സിദ്ധിഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ഇടവേള ബാബു, കോട്ടയം നസീര്‍, ആന്റണി പെരുമ്പാവൂര്‍ എന്നിങ്ങനെ ഒരു വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

റോക്ക്‍ലൈന്‍ എന്റര്‍ടെയ്‍‌ന്‍മെന്റിന്റെ ബാനറില്‍ റോക്ക്‍ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് വില്ലന്റെ തിരക്കഥയൊരുക്കുന്നത്. സംഗീതം ഫോര്‍ മ്യൂസിക്സ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News