എന്തിനാണ് അനാവശ്യമായി അവളെയും സിനിമയെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി

Update: 2018-05-30 08:20 GMT
Editor : Jaisy
എന്തിനാണ് അനാവശ്യമായി അവളെയും സിനിമയെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി
Advertising

സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്കുണ്ടാകുന്ന ആദ്യ ദിവസത്തെ തള്ളിക്കയറ്റം ഇന്നുവരെ മലയാള സിനിമയിൽ ഒരു നടിയുടെ സിനിമക്കുമുണ്ടായിട്ടില്ല

റിലീസായി ഒരു ദിവസം ആവും മുമ്പേ ഒരു സിനിമയുടെ വിധിയെഴുതുന്ന വിചിത്ര മനുഷ്യരുളള ലോകമാണ് ഫേസ്ബുക്കെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മഞ്ജു വാര്യർ രാമലീല കാണണമെന്ന് പറഞ്ഞപ്പോൾ ആ പോസ്റ്റെടുത്ത് ആഘോഷിച്ചവർ ഇപ്പോൾ അവരഭിനയിച്ച സിനിമയ്ക്കെതിരെ ഒറ്റ ദിവസംകൊണ്ട് മോശം പടമെന്ന പോസ്റ്റും ട്രോളുമിറക്കുകയാണ്. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്കുണ്ടാകുന്ന ആദ്യ ദിവസത്തെ തള്ളിക്കയറ്റം ഇന്നുവരെ മലയാള സിനിമയിൽ ഒരു നടിയുടെ സിനിമക്കുമുണ്ടായിട്ടില്ല. പിന്നെന്തിനാണ് അനാവശ്യമായി അവളെയും സിനിമയെയും താഴ്ത്തിക്കെട്ടാനും,കൂട്ടിക്കെട്ടാനും ശ്രമിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

റിലീസായി ഒരു ദിവസം ആവും മുമ്പേ ഒരു സിനിമയുടെ വിധിയെഴുതുന്ന വിചിത്ര മനുഷ്യരുളള ലോകമാണ് ഫേസ്ബുക്ക്. മഞ്ജു വാര്യർ രാമലീല കാണണമെന്ന് പറഞ്ഞപ്പോൾ ആ പോസ്റ്റെടുത്ത് ആഘോഷിച്ചവർ ഇപ്പോൾ അവരഭിനയിച്ച സിനിമയ്ക്കെതിരെ ഒറ്റ ദിവസംകൊണ്ട് മോശം പടമെന്ന പോസ്റ്റും ട്രോളുമിറക്കുന്നു.. ഇന്ന് പൂജ വെയ്പാണ് കുടുംബ സമേതം ആരും സിനിമക്കിറങ്ങില്ല ഈ നാളുകളിൽ എന്നറിയാത്തവരാരാണ്?..ഇന്നലെ വരെ രാമലീല നടന്റെ മാത്രം സിനിമയല്ല എന്ന് പറഞ്ഞവരൊക്കെ ഇന്ന് ഈ വിജയം നടന്റേതാണെന്ന് പറയുന്നു..മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ദിലീപിന്റേയും സിനിമകൾക്കെല്ലാം ആദ്യ ദിവസം ഉണ്ടാവുന്ന
തിരക്ക് ഒരു പുതുമയല്ല..ആ തള്ളിക്കയറ്റം ഇന്നുവരെ മലയാള സിനിമയിൽ ഒരു നടിയുടെ സിനിമക്കുമുണ്ടായിട്ടില്ലാ എന്നത് ഒരു സത്യമല്ലേ?
പിന്നെന്തിനാണീ താരതമ്യം?. എന്തിനാണ് അനാവശ്യമായി അവളെയും സിനിമയെയും താഴ്ത്തിക്കെട്ടാനും,കൂട്ടിക്കെട്ടാനും ശ്രമിക്കുന്നത്?

ഉദാഹരണം സുജാതയുടെ നിർമ്മാതാവും സംവിധായകനുമാണ് ഈ ദിവസം സിനിമ പുറത്തിറക്കാൻ തീരുമാനിച്ചത് .അല്ലാതെ അതിലഭിനയിച്ച മഞ്ജുവല്ല. മത്സരിക്കാനല്ല അവർ സിനിമ ഇറക്കിയത്. രാമലീല എന്നേ ഇറങ്ങേണ്ട സിനിമയായിരുന്നു. അത് വൈകിയതിന് കാരണം എല്ലാവർക്കുമറിയാം. സുജാത ഇന്ന് ഇറക്കാൻ എന്നേ തീരുമാനിച്ചതാണ്.രാമലീലക്കൊപ്പം എന്തിന് സുജാതയെ ഇറക്കീയെന്ന് ചോദിക്കുന്നു ചില മണ്ടന്മാർ "രാമലീല" ഒരു സംവിധായകന്റെ സിനിമയാണ് എന്ന് പറഞ്ഞവർക്കറിയില്ലേ "ഉദാഹരണം സുജാതയും" ഒരു സംവിധായകന്റെ സിനിമയാണെന്ന്? സുജാതയിലഭിനയിച്ചത് മറ്റൊരു നടിയായിരുന്നെങ്കിൽ നിങ്ങൾ താരതമ്യം ചെയ്യുമോ?ട്രോളിറക്കുമോ?
ഒന്നും മിണ്ടാതെയിരുന്നപ്പോൾ നടന്റെ ആളുകൾ അവളെ തെറി വിളിച്ചു, സിനിമ കാണണമെന്ന് പറഞ്ഞപ്പോൾ മറ്റു ചിലർ തെറി വിളിച്ചു..എന്തൊരു ലോകമാണിത്?,എന്ത്തരം മനോഭാവമാണിത്,? അവളെന്ത് ചെയ്യണമെന്നാണ് ഈ കൂട്ടർ കരുതുന്നത്?അവൾക്ക് സ്വന്തമായി ചിന്തിക്കാനും അഭിപ്രായം പറയാനും അവകാശമില്ലെന്നോ?.അവളെങ്ങനെ ജീവിക്കണം,എന്ത് സംസാരിക്കണം, എപ്പോൾ സംസാരിക്കണം എന്ന് തീരുമാനിക്കാൻ അവളെ തെറിവിളിക്കുന്നവരാണോ അവൾക്ക് ചിലവിന് കൊടുക്കുന്നത്?.

അവളുടെ കുടുംബ ജീവിതത്തെക്കുറിച്ചൊക്കെ ആധികാരികമായി ഓരോരുത്തർ പറയുന്നത് കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു.
അവളുടെ മൗനമാണ് അവളുടെ അലങ്കാരം. അയാൾ അവളെക്കുറിച്ച് പറയുന്നത്പോലെ അവൾ പറയാതിരിക്കുന്നത് അവളുടെ മാന്യതയാണ്..നടനെ സപ്പോർട്ട് ചെയ്തോളൂ. പക്ഷേ അതിന് അവളെക്കുറിച്ചും പീഡനമേറ്റ നടിയെക്കുറിച്ചും മോശമായി പ്രചരണം നടത്തുന്നവർ അറിയണം
നിങ്ങളും പൾസർ സുനിയും തമ്മിൽ യാതൊരു വിത്യാസവുമില്ലെന്ന്.അവൻ കാറിലാണ് അവളെ പീഡിപ്പിച്ചതെങ്കിൽ നിങ്ങൾ വാക്കുകൾ കൊണ്ടാണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്. നടൻ "കുറ്റാരോപിതനാണ്" അയാൾ കുറ്റവിമുക്തനാണെന്ന് കോടതി പറയുംവരെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ ഞങ്ങളിൽ പലരും "അവളോടൊപ്പം" മാത്രമാണ്. ഒരു സ്ത്രീയെന്ന നിലക്ക് രാമലീല "ഞാൻ" കാണരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.പക്ഷേ അതിലുപരി ഞാനൊരു സിനിമാ പ്രവർത്തകയാണ്.അതിൽ പ്രവർത്തിച്ച ഓരോരുത്തരും എന്റെ സഹപ്രവർത്തകരാണ് അവർക്കു വേണ്ടി ഞാനീ സിനിമ കാണും എന്ന് പറയുന്നത് എന്റെ അഭിപ്രായമാണ്.അതിനുളള അവകാശം നിഷേധിക്കാനാർക്കും അധികാരമില്ല.
അത് പറയുന്നവരെ ഇരട്ടത്താപ്പെന്നും ഡബിൾ സ്റ്റാന്റെന്നും പറയുന്നതല്ലേ വിവരക്കേട്? പറയുന്നവരേക്കാൾ
നിശബ്ദരായിക്കുന്നവരാണ് അപകടകാരികൾ. നിങ്ങൾക്ക് യോജിക്കാൻ പറ്റാത്ത അഭിപ്രായം പറയുന്നവരെ തെറി വിളിക്കുന്നത് തോൽവിയാണ്.
സ്വന്തം അഭിപ്രായം പറയുന്നവരെ തെറിവിളിക്കുന്നവർ കരുതുന്നത് അതൊരു മഹത്തായ പ്രവർത്തിയാണെന്നാണ്.അത് വിളിക്കുന്നവരുടെ സംസ്കാരശൂന്യതയാണ്.

ജനിച്ച് വീണയുടനെ നിങ്ങളുടെ നാവിൽ തേനും വയമ്പിനും പകരം പുരട്ടിയത് മറ്റെന്തെങ്കിലുമാണോ ?അതാണോ നിങ്ങളുടെ വാക്കുകൾക്ക് ഇത്ര ദുർഗന്ധം?.തെറി എഴുതുന്നവൻ സ്വയം വായിച്ചു നോക്കില്ലേ? അവന്റെ അമ്മയോ സഹോദരിയോ മകളോ ഇത് വായിച്ചാലെന്തായിരിക്കും ചിന്തിക്കുക?
ഇതിലുള്ള ഏറ്റവും കുറിക്ക് കൊളളുന്ന വാക്ക് തലക്കെട്ടാക്കി ഇതും ഓൺലൈൻ മാധ്യമങ്ങൾ വാർത്തയാക്കും, തലക്കെട്ട് മാത്രം നോക്കി
തെറി വിളിക്കേണ്ടവർ തെറിവിളിക്കും, അതിനുവേണ്ടിയാണല്ലോ എന്തെങ്കിലും രണ്ടുവരി അഭിപ്രായം എഴുതുമ്പോഴേക്കും അത് വാർത്തയാക്കുന്നത്.തെറി വിളിക്കുന്നത് വിളിക്കുന്നവന്റെ സംസ്കാരം അങ്ങനയേ കരുതുന്നുളളു. വിളിച്ചോ നിനക്ക് ആശ്വാസം കിട്ടുന്നെങ്കിൽ കിട്ടട്ടെ.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News