ഗായിക എസ്. ജാനകി സംഗീത വേദികൾക്ക് വിട ചൊല്ലി
മൈസൂരുവിലെ മാനസ ഗംഗോത്രിയായിരുന്നു വേദി. തെന്നിന്ത്യയുടെ പ്രിയ ഗായികയുടെ സംഗീത ജീവിതത്തിലെ അവസാന സ്റ്റേജ്
സംഗീത വേദികൾക്ക് വിട ചൊല്ലി പ്രിയ ഗായിക എസ്. ജാനകി. ഇന്നലെ മൈസൂരുവിൽ നടത്തിയ പൊതുപരിപാടിയിൽ വച്ച് അവരത് പ്രഖ്യാപിച്ചു. ഇടവേളകളില്ലാതെ നിന്ന് പാടിയ നാലു മണിക്കൂർ ആരാധകരെ ശുദ്ധ സംഗീതത്തിന്‍റെ അമരത്തെത്തിച്ചായിരുന്നു ആ വിടവാങ്ങൽ.
മൈസൂരുവിലെ മാനസ ഗംഗോത്രിയായിരുന്നു വേദി. തെന്നിന്ത്യയുടെ പ്രിയ ഗായികയുടെ സംഗീത ജീവിതത്തിലെ അവസാന സ്റ്റേജ്. പന്ത്രണ്ടായിരത്തോളം വരുന്ന ആസ്വാദകരെ സാക്ഷിയാക്കി എസ്. ജാനകി പാടി നിർത്തി. ഇനി ഒരിക്കലും സംഗീത വേദികളിലേക്ക് ഇല്ലെന്ന പ്രഖ്യാപനവുമായി. മലയാളവും തമിഴും തെലുങ്കും കന്നടയും. കന്നട ഗാനങ്ങൾക്കായിരുന്നു മുൻതൂക്കം. ആകെ 43 പാട്ടുകൾ.
ആറു മാസം മുൻപ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ആരാധകരായ നവീൻ, പവൻ, പ്രവീൺ എന്നിവരുടെ നിരന്തര അഭ്യർത്ഥന മാനിച്ചായിരുന്നു മൈസൂരുവിൽ പാടാനെത്തിയത്. കഴിഞ്ഞ വർഷം മലയാള ചിത്രമായ പത്ത് കൽപനകളിൽ പാടി സിനിമാ സംഗീതവും എസ്. ജാനകി അവസാനിപ്പിച്ചിരുന്നു.