ജനതാ ഗാരേജിന് ആദ്യ ദിനം സമ്മിശ്രപ്രതികരണം
മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷങ്ങളിലെത്തിയ ജനതാ ഗാരേജ് റിലീസ് ചെയ്തു.
മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷങ്ങളിലെത്തിയ ജനതാ ഗാരേജ് റിലീസ് ചെയ്തു. പണിമുടക്ക് കാരണം മലയാള ചിത്രങ്ങളൊന്നും വെള്ളിയാഴ്ച പുറത്തിറങ്ങില്ല. ശനിയാഴ്ച വന്യം, ചിന്ന ദാദ എന്നീ മലയാള ചിത്രങ്ങള്‍ തീയറ്റുകളിലെത്തും.
തെലുങ്കിലും മലയാളത്തിലുമായിട്ടായിരുന്നു ജനതാ ഗാരേജ് പ്രദര്‍ശനം ആരംഭിച്ചത്. ജനതാ ഗാരേജ് എന്ന വര്‍ക് ഷോപ്പ് നടത്തുന്ന സത്യയുടെ റോളാണ് ലാലിന്. സഹായം ചോദിച്ചെത്തുന്നവരെ കൈവിടാത്ത സത്യക്ക് നിരവധി ശത്രുക്കളുണ്ട്. സത്യയുടെ സഹോദരനും സഹോദരന്‍റെ ഭാര്യയും ശത്രുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. സഹോദരന്‍റെ മകന്‍ ആനന്ദിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സത്യ അവനെ ബന്ധുക്കളുടെ സംരക്ഷണയില്‍ വിടുന്നു. പരസ്പരം അറിയാതെ ഹൈദരാബാദിലും മുംബൈയിലുമായി ജീവിക്കുന്ന സത്യയും ആനന്ദും ഒരു പ്രത്യേക സാഹചര്യത്തില്‍ വീണ്ടും കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ജനതാഗാരേജ്. ആനന്ദ് ആയാണ് ജൂനിയർ എന്‍ടിആര്‍ എത്തുന്നത്. സത്യയുടെ മകന്‍ രാഹുൽ ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്നു. സാമന്തയും നിത്യാമേനോനും ആണ് ചിത്രത്തില്‍ നായികമാര്‍. കൊരത്താല ശിവ ആയിരുന്നു സംവിധായകന്‍. ആദ്യദിനം സമ്മിശ്രപ്രതികരണങ്ങളാണ് ജനതാ ഗാരേജിന് ലഭിക്കുന്നത്.
സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത വന്യം ഒരു സ്ത്രീപക്ഷ ചിത്രമാണ്. കൂട്ടബലാത്സംഗം ചെയ്യപ്പെടുന്ന കന്യാസ്ത്രീയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. അപര്‍ണ നായരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്ററില്‍ യേശുക്രിസ്തുവിന്റെ രൂപം ഉപയോഗിച്ചതിനെതിരെ തൃശൂര്‍ സ്വദേശിയില്‍ ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ മതവികാരത്തെ വൃണപ്പെടുത്തുന്ന ഒന്നും ചിത്രത്തിലില്ലെന്ന് സംവിധായകന്‍ സോഹന്‍ സീനുലാല്‍ വ്യക്തമാക്കി. അനൂപ് രമേശ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിഹാരിക മോഹന്‍ എന്നിവരും വന്യത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
രാജു ചമ്പക്കര കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ചിന്ന ദാദ. പുതുമുഖങ്ങളായ ഹാരിസ് നായകനായും അരുണിമ മോഹന്‍ നായികയായും വേഷമിടുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഗ്രാമത്തില്‍ മദ്യദുരന്തം നടക്കുന്നു. തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളാണ് ചിന്ന ദാദ എന്ന സിനിമ പറയുന്നത്. കൊച്ചുകുട്ടികള്‍പോലും മദ്യത്തിന് അടിമകളാകുന്നതിനെതിരെയുള്ള സന്ദേശംകൂടിയാണ് ഈ ചിത്രം. റിയാസ് ഖാന്‍, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, ജയന്‍ ചേര്‍ത്തല തുടങ്ങിയവരും വേഷമിടുന്നുണ്ട്.