സോളോയെ കൂവിയും കളിയാക്കിയും കൊല്ലരുതേ: ഹൃദയം തകര്‍ന്ന് ദുല്‍ഖര്‍

Update: 2018-05-31 03:38 GMT
Editor : Sithara
സോളോയെ കൂവിയും കളിയാക്കിയും കൊല്ലരുതേ: ഹൃദയം തകര്‍ന്ന് ദുല്‍ഖര്‍
Advertising

സോളോയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രാക്കായ രുദ്രയുടെ കഥയെ ആളുകള്‍ കളിയാക്കുകയും കൂവുകയും ചെയ്യുമ്പോള്‍ എന്റെ ഹൃദയം തകരുകയാണെന്ന് ദുല്‍ഖര്‍

തന്‍റെ പുതിയ ചിത്രമായ സോളോയെ കൂവിയും കളിയാക്കിയും മോശം പ്രചരണം നടത്തിയും തകര്‍ക്കരുതെന്ന അപേക്ഷയുമായി ദുല്‍ഖര്‍ സല്‍മാന്‍. സംവിധായകന്റെ സമ്മതമില്ലാതെ സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയതിലും ദുല്‍ഖര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. താന്‍ സംവിധായകനൊപ്പമാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

ദുല്‍ഖറിന്‍റെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പ്രസക്തഭാഗങ്ങള്‍

സോളോ കണ്ട ശേഷം ഒരു കുറിപ്പെഴുതണം എന്നു കരുതിയതാണ്. എന്നാല്‍ തിരക്ക് കാരണം ഇന്നാണ് സമയം കിട്ടിയത്. ഞാന്‍ കരുതിയതിനേക്കാള്‍ നന്നായിട്ടുണ്ട്. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ബഹുഭാഷാ ചിത്രമായതിനാല്‍ അവിടെയും ഇവിടെയുമെല്ലാം ചില പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടു. സിനിമയുടെ യഥാര്‍ഥ പതിപ്പിനെ. ബിജോയ് നമ്പ്യാരെടുത്ത സിനിമയെ.

സോളോ പോലുള്ള സിനിമകള്‍ ഏതൊരു താരത്തിന്‍റെയും സ്വപ്നമാണ്. ആ സിനിമയെ കുറിച്ച് കേട്ട നിമിഷം മുതല്‍ എനിക്കതിനോട് സ്നേഹമായിരുന്നു. ഷൂട്ടിങിന്‍റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ഈ ചിത്രത്തിനായി ഞാന്‍ ഹൃദയവും ആത്മാവും സമര്‍പ്പിച്ചിരുന്നു. ഞങ്ങള്‍ ചോര നീരാക്കിയാണ് ചെറിയ ബജറ്റില്‍ ആ ചിത്രം യാഥാര്‍ത്ഥ്യമാക്കിയത്. എനിക്ക് വിശ്വാസം തോന്നുന്ന, വ്യത്യസ്തമായ ഇതുപോലുള്ള സിനിമയ്ക്ക് വേണ്ടി ഇനിയും ഞാനങ്ങനെ ചെയ്യും.

സോളോ ചാര്‍ളിയോ ബാംഗ്ലൂര്‍ ഡെയ്സോ പോലുള്ള ചിത്രമല്ലെന്ന് പ്രേക്ഷകര്‍ എന്നോട് പറഞ്ഞു. ഞാനെന്തിന് ഈ സിനിമയില്‍ അഭിനയിച്ചെന്ന് അവര്‍ ചോദിച്ചു. ഇത്തരം പരീക്ഷണങ്ങള്‍ അനാവശ്യമാണെന്ന് അവരെന്നോട് പറഞ്ഞു. പക്ഷേ വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ് എന്‍റെ ആഗ്രഹം. എവിടെ പോയാലും കഥകള്‍ തിരയുന്ന ആളാണ് ഞാന്‍. എന്‍റെ പ്രേക്ഷകരാണ് കഥ പറയാന്‍ എനിക്ക് ധൈര്യം തന്നത്.

അതുകൊണ്ട് തന്നെ സോളോയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രാക്കായ രുദ്രയുടെ കഥയെ ആളുകള്‍ കളിയാക്കുകയും കൂവുകയും ചെയ്യുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ഹാസ്യത്തിലൂടെ ഏറ്റവും മികച്ച രീതിയില്‍ അത് പറയണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അത് കരുതിക്കൂട്ടിയുള്ള ഹാസ്യമാണെന്ന് ആളുകള്‍ പറയുമ്പോള്‍ എനിക്കത് മനസ്സിലാവുന്നില്ല.

സുഹാസിനിക്കൊപ്പമുള്ള സീനുകള്‍ എന്‍റെ കരിയറിലെ തന്നെ മികച്ച സീനുകളില്‍ ഒന്നാണ്. ഒറ്റ ഷോട്ടിലാണ് അതെടുത്തത്. ഞാന്‍ ആ സീന്‍ മറ്റേത് സീനിനേക്കാളും ആസ്വദി‌ച്ചാണ് ചെയ്തത്. പക്ഷേ ആളുകള്‍ക്കത് മനസ്സിലായില്ല. കറുത്തഹാസ്യം അങ്ങനെയാണ്. മനസ്സിലാവാത്തതു കൊണ്ട് കളിയാക്കുന്നതും കൂവുന്നതും മോശം പറഞ്ഞു പരത്തുന്നതും സിനിമയെ കൊല്ലുന്നതിന് തുല്യമാണ്. ഞങ്ങളുടെ ഹൃദയവും മനസ്സും തകര്‍ക്കുകയാണ്. ഇത്രയും കാലം നിങ്ങള്‍ നല്‍കിയ സകല ധൈര്യവും തകര്‍ക്കുകയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്, സോളോയെ കൊല്ലരുത്. തുറന്ന മനസ്സോടെ സമീപിക്കുക.

ഞാന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പമാണ്. അയാള്‍ പുറത്തിറക്കിയ സിനിമയ്ക്കൊപ്പമാണ്. അതുമായി ഒരു ബന്ധവുമില്ലാത്തവര്‍ സീനുകള്‍ വെട്ടുന്നതും മാറ്റിമറിക്കുന്നതും ഈ സിനിമയെ കൊല്ലാനേ സഹായിക്കൂ.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News