ഗപ്പിയെ വിശ്വസിച്ച് പ്രേക്ഷകര്‍ തിയറ്ററില്‍ പോയിരുന്നെങ്കില്‍ ചിത്രം വിജയിക്കുമായിരുന്നുവെന്ന് ടൊവിനോ
നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രമാണ് ഗപ്പി
ഗപ്പി എന്ന ചിത്രത്തെ പ്രേക്ഷകര്‍ വേണ്ട വിധത്തില്‍ പരിഗണിക്കാതിരുന്നതില്‍ ഖേദമുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. സിനിമയുടെ ഡിവിഡി ഇറങ്ങിയതിന് ശേഷം ദിവസേന നൂറ് കണക്കിന് സന്ദേശങ്ങളാണ് വരുന്നതെന്നും പ്രേക്ഷകര് ചിത്രം തിയറ്ററില്‍ പോയി കണ്ടിരുന്നെങ്കില്‍ ഗപ്പി വിജയിക്കുമായിരുന്നെന്നും ടൊവിനോ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രമാണ് ഗപ്പി. മാസ്റ്റര്‍ ചേതനാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ടൊവിനോ തോമസ്, ശ്രീനിവാസന്‍, രോഹിണി, അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍ തുടങ്ങി ഒരു വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.
ടൊവിനോയുടെ പോസ്റ്റ്
ഗപ്പി എന്ന സിനിമയുടെ ഡിവിഡി ഇറങ്ങിയതിനു ശേഷം ദിവസേന നൂറ് കണക്കിന് മെസ്സേജുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് .വളരെ നല്ല സിനിമയാണെന്നും തിയേറ്ററിൽ പോയി ഈ സിനിമ കാണാഞ്ഞതിൽ ഖേദിക്കന്നു എന്നും പല മെസ്സേജുകളിലും കണ്ടപ്പോൾ എന്തുകൊണ്ടോ സന്തോഷത്തേക്കാൾ വേദന ആണ് തോന്നിയത്.
ഈ പറയുന്നവരൊക്കെ അന്ന് ഞങ്ങളെ വിശ്വസിച്ച് തിയേറ്ററിൽ പോയി തന്നെ സിനിമ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. കേരളത്തിൽ സൂപ്പർ ഹിറ്റല്ല എന്ന കാരണത്താൽ കേരളത്തിനു പുറത്തും ഇന്ത്യക്കു പുറത്തും ഈ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ സാധിച്ചില്ല!
ആരോടും പരാതിയോ പരിഭവമോ ഇല്ല. ആരെയും കുറ്റപ്പെടുത്തുന്നതുമല്ല.
പക്ഷെ ഇനി മുതൽ എങ്കിലും മലയാളത്തിൽ ഇറങ്ങുന്ന നല്ല സിനിമകൾ ഇവിടുത്തെ പ്രേക്ഷകരാൽ തഴയപ്പെടാതിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹമുണ്ട്. മലയാള സിനിമ അതിന്റെ ഏറ്റവും നല്ല സമയത്തിലൂടെ കടന്നു പോകുമ്പോള്‍ കുറച്ചു കൂടുതൽ പ്രേക്ഷക പിന്തുണ ഒരു പക്ഷെ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. നിങ്ങൾക്കെല്ലാം മികച്ച തിയേറ്റർ അനുഭവം ആവണം എന്ന ആഗ്രഹത്തോടെ ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് വളരെയധികം കഷ്ടപ്പെട്ട് തന്നെയാണ് ഇവിടെ മികച്ച ക്വാളിറ്റി ഉള്ള സിനിമകൾ ഉണ്ടാക്കപ്പെടുന്നത്. ഞാൻ ഈ പോസ്റ്റിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വളരെ നല്ല അർത്ഥത്തിൽ മാത്രം എല്ലാവരും മനസ്സിലാക്കും എന്ന വിശ്വാസത്തിൽ നിറുത്തട്ടെ! എല്ലാവർക്കും നന്മ മാത്രം വരട്ടെ!
അപ്പൊ ഇനി തിയേറ്ററിൽ കാണാം. :)
നന്ദി!