ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മിന്നിത്തിളങ്ങി മലയാളം
ഏറെ നാളുകള്‍ക്ക് ശേഷം മലയാള സിനിമയ്ക്ക് അര്‍ഹിച്ച അംഗീകാരം ലഭിച്ചു
ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മിന്നിത്തിളങ്ങിയത് മലയാള സിനിമയാണെന്ന് പറയാം. മികച്ച സംവിധായകന്‍ ഉള്‍പ്പെടെ എട്ട് പുരസ്കാരങ്ങളാണ് മലയാളത്തെ തേടിയെത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷം മലയാള സിനിമയ്ക്ക് അര്‍ഹിച്ച അംഗീകാരം ലഭിച്ചു.
ഭയാനകം എന്ന ചിത്രം അണിയിച്ചൊരുക്കിയതിനാണ് ജയരാജിന് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ജയരാജിനെ തേടിയെത്തി. മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചത് യുവതാരം ഫഹദ് ഫാസിലിനാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫഹദിനെ തേടി ദേശീയ പുരസ്കാരം എത്തിയത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും ആണ് മികച്ച മലയാള ചിത്രം. ഇതിന്റെ തിരക്കഥയ്ക്ക് സജീവ് പാഴൂരിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ചിത്രത്തിന്റെത് മികച്ച തിരക്കഥയെന്നാണ് ജൂറി വിലയിരുത്തിയത്. ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വ്വതിക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം പാട്ടിന് കെ.ജെ യേശുദാസിന് മികച്ച ഗായകനുള്ള പുരസ്കാരവും ലഭിച്ചു. മികച്ച ക്യാമറാമാനുള്ള പുരസ്കാരം നിഖില്‍ എസ് പ്രവീണിനാണ്. ഭയാനകത്തിലെ ഛായാഗ്രഹക മികവിനാണ് പുരസ്കാരം.