ശ്രീദേവിയുടെ ആദ്യ ദേശീയ പുരസ്കാരം
മോമിലെ ബയോളജി അധ്യാപികയായ ദേവകി സബര്‍വാള്‍ ശ്രീദേവിയുടെ അവസാന കഥാപാത്രമായിരുന്നു
കൂട്ടമാനഭംഗത്തിനിരയായ കൌമാരക്കാരിയായ അമ്മയുടെ ആത്മസംഘര്‍ഷങ്ങളായിരുന്നു മോം എന്ന ചിത്രത്തില്‍ ശ്രീദേവി അവതരിപ്പിച്ചത്. ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകള്‍. രണ്ടാനമ്മ കഥാപാത്രങ്ങളുടെ സ്ഥിരം ശൈലികളില്‍ നിന്നും വ്യത്യസ്തമായി ഭര്‍ത്താവിന്റെ മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മ.
മോമിലെ ബയോളജി അധ്യാപികയായ ദേവകി സബര്‍വാള്‍ ശ്രീദേവിയുടെ അവസാന കഥാപാത്രമായിരുന്നു. മകളെ ആക്രമിച്ചവരെ തിരഞ്ഞു പിടിച്ച് വിദഗ്ദ്ധമായി കൊലപ്പെടുത്തുന്ന അമ്മ. ദേവകിയുടെ ഭാവങ്ങളെ അത്ര സൂക്ഷ്മമായിട്ടാണ് ശ്രീ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. രവി ഉദ്യാവര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ശ്രീയുടെ ഭര്‍ത്താവ് കൂടിയായ ബോണി കപൂര്‍ ആയിരുന്നു.മോം എന്ന ചിത്രം കണ്ടവര്‍ക്കറിയാം ദേശീയ പുരസ്കാരത്തിന് അവര്‍ എത്രത്തോളം അര്‍ഹയായിരുന്നു എന്ന്. മരണശേഷം ശ്രീദേവിയേ തേടി പുരസ്കാരമെത്തുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച നടിക്കുള്ള ആദരവ് കൂടിയായി മാറുന്നു. മരണാനന്തരം മികച്ച ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യ അഭിനേത്രി കൂടിയാണ് ശ്രീദേവി. സാധാരണയായി ദേശീയ പൂരസ്കാരങ്ങള്‍ മരണശേഷം നല്‍കാറില്ല.
മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ശ്രീദേവിക്ക് ലഭിക്കുന്ന ആദ്യത്തെ ദേശീയ പുരസ്കാരമാണ് ഇത്തവണത്തേതെന്ന പ്രത്യേകത കൂടിയുണ്ട്.