കസബയിലെ അശ്ലീല സംഭാഷണം; നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍

Update: 2018-06-01 15:20 GMT
Editor : Sithara
കസബയിലെ അശ്ലീല സംഭാഷണം; നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍
Advertising

ചിത്രത്തില്‍ സ്ത്രീ വിരുദ്ധ സംഭാഷണമുണ്ടെന്ന വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍.

മമ്മൂട്ടി ചിത്രം കസബയിലെ അശ്ലീല സംഭാഷണങ്ങളില്‍ നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍. ചിത്രത്തില്‍ സ്ത്രീ വിരുദ്ധ സംഭാഷണമുണ്ടെന്ന വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍.

പൊലീസ് ഓഫീസറായ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം നടത്തിയ അശ്ലീല സംഭാഷണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍ സ്വമേധയാ വിഷയത്തില്‍ ഇടപെടുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം സഹപ്രവര്‍ത്തകയോട് നടത്തുന്ന പരാമര്‍ശം സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി വ്യക്തമാക്കി. മമ്മൂട്ടിയെ പോലൊരു സൂപ്പര്‍താരം അത്തരം പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. തിരക്കഥയില്‍ സ്ത്രീ വിരുദ്ധ സംഭാഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്ന് അദ്ദേഹത്തിന് പറയാമായിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

സ്ത്രീവിരുദ്ധതക്കൊപ്പം പൊലീസ് സേനയെ അപമാനിക്കുന്നതാണ് ഈ സംഭാഷണം. ഇതിനൊപ്പം സ്ത്രീകള്‍ക്കെതിരായ നിരവധി പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ട്. ഇക്കാര്യത്തില്‍ സെന്‍സര്‍ബോര്‍ഡിനും വീഴ്ച വന്നതായാണ് വനിതാ കമ്മീഷന്റെ വിലയിരുത്തല്‍. ചിത്രം മുഴുവന്‍ പരിശോധിച്ചാകും വനിതാ കമ്മീഷന്‍ നടപടിയെടുക്കുക. ഈ മാസം 19ന് നടക്കുന്ന വനിതാ കമ്മീഷന്‍ സിറ്റിങില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും. സംവിധായകന്‍ രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജിപണിക്കരാണ് കസബ ഒരുക്കിയിരിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News