ഊഴം കാത്തു നിന്ന് നിന്നെ എനിക്കും കാണണ്ട. നെഞ്ചിലുണ്ടാകും. ....മരിക്കാതെ

Update: 2018-06-02 21:57 GMT
Editor : admin
ഊഴം കാത്തു നിന്ന് നിന്നെ എനിക്കും കാണണ്ട. നെഞ്ചിലുണ്ടാകും. ....മരിക്കാതെ
Advertising

ജിഷ്ണുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് ദീപ ടീച്ചര്‍

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ അകാരണമായ ഒരു വിഷാദം മനസ്സിനെ പിടികൂടിയിരുന്നു. ചില ദിവസങ്ങള്‍ അങ്ങനെയാണ്. വിഷാദനിര്‍ഭരമായാണ് ആരംഭിക്കുക.

ഫേസ്ബുക്ക് തുറന്നു നോക്കിയപ്പോള്‍ മെസേജുകളുടെ നീണ്ട പ്രളയം.... തലേന്നിട്ട പോസ്റ്റുമായി ബന്ധപ്പെട്ട് ഒരു കമന്റ് ടൈപ്പു ചെയ്യുന്നതിനിടയിലാണ് ' രാഘവന്റെ മോന്‍ മരിച്ചു ' എന്ന് അച്ഛന്‍ പറയുന്നത് കേട്ടത്. അതേ സമയത്താണ് ഗിരീഷിന്റെ മെസേജും വന്നത്... ഞാന്‍ തറഞ്ഞിരുന്നു പോയി.
ടി.വി.യില്‍ ജിഷ്ണുവിന്റെ ചിരിക്കുന്ന മുഖം... കണ്ണു നിറയുന്നുണ്ട്. ഇത്ര അഗാധമായ വേദന അനുഭവിച്ചിട്ടില്ല അടുത്തൊന്നും. ഏറ്റവും വേണ്ടപ്പെട്ട ഒരാള്‍ പെട്ടെന്ന് നഷ്ടപ്പെട്ടതു പോലെ. ഞാനെഴുന്നേറ്റ് മുറിയിലേക്കു നടന്നു. ആ വാര്‍ത്ത സത്യമാകാതിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു പോയി. ജിഷ്ണു മരിച്ചെന്ന് മുമ്പും വാര്‍ത്ത വന്നിരുന്നൂലോ..... അതുപോലാവും....... അതുപോലാകണേ.....

ജിഷ്ണുവുമായുള്ള അടുപ്പത്തിന്റെ ആഴമറിയുന്ന ചിലര്‍ വിളിച്ചു. സാന്ത്വനിപ്പിച്ചു. നിശ്ശബ്ദതയില്‍ അഭയം പ്രാപിച്ച് ഞാനിരുന്നു. എന്തിനാണ് ഇത്ര വേദനിക്കുന്നത്? ആരാണെനിക്ക് ജിഷ്ണു ? ഒരു ചലച്ചിത്ര താരം.. അത്രയല്ലേയുള്ളൂ... ഇത്ര വിഷമിക്കേണ്ട കാര്യമൊന്നുമില്ല. കല്‍പ്പന പോയില്ലേ? കലാഭവന്‍ മണി പോയില്ലേ? ഒ.എന്‍.വി. പോയില്ലേ? അക്ബര്‍ കക്കട്ടിലും വി.ഡി.രാജപ്പനും ഒക്കെ പോയില്ലേ? അതുപോലെ തന്നെ ഇതും.... ഹൃദയത്തില്‍ തങ്ങിനിര്‍ത്താതെ ഒഴുക്കിക്കളയണം ഈ വേദനയെയും.. .

എന്താണതിനു സാധിക്കാത്തത്? നിശാന്ത് വിളിച്ചപ്പോഴും ഒന്നും സംസാരിക്കാന്‍ കഴിയാതെ ഞാന്‍ കേട്ടു നിന്നു.'സാരമില്ല ' എന്ന ഒറ്റവാക്കില്‍ ഒതുങ്ങുന്നതാവില്ലല്ലോ ചില സങ്കടങ്ങള്‍....ജിഷ്ണുവിനെക്കുറിച്ച് എഴുതേണ്ടിയിരുന്നില്ല. അതെഴുതിയതാണ് അടുപ്പത്തിനു കാരണമായത്. അല്ലെങ്കില്‍ നിസ്സംഗമായി ഈ മരണത്തെ എനിക്കതിജീവിക്കാമായിരുന്നു. രണ്ടു ദിവസം മുന്‍പാണ് ' ജിഷ്ണൂ...' എന്ന് ഞാനവന്റെ ഇന്‍ബോക്‌സില്‍ നീട്ടിവിളിച്ചത്. അവനതു കേട്ടില്ല. ആ മെസേജ് മറുപടിയില്ലാതെ അനാഥമായി ഇന്‍ബോക്‌സില്‍ കിടപ്പുണ്ട്....

കഴിഞ്ഞ ഓഗസ്റ്റ് 17നാണ് ആദ്യമായി ജിഷ്ണുവിന്റെ മെസേജ് എന്റെ ഇന്‍ബോക്‌സിലേക്കു വരുന്നത്. ഞാന്‍ ജിഷ്ണുവിനെക്കുറിച്ചെഴുതിയ കുറിപ്പ് വായിച്ച കാര്യം പറയാനായി വന്നതാണ്. തികച്ചും ഔപചാരികമായ ഒന്നോ രണ്ടോ വാചകങ്ങളില്‍ ആ സംഭാഷണമൊതുങ്ങി. പിന്നെപ്പിന്നെ ഞാനെഴുതുന്ന എല്ലാ കുറിപ്പുകളും വായിച്ച് ജിഷ്ണു മെസേജയക്കുമായിരുന്നു. തികച്ചും സത്യസന്ധമായ അഭിപ്രായം പറയാന്‍ ജിഷ്ണു മടി കാട്ടാറില്ല. എഴുതിയത് ഇഷ്ടമായില്ലെങ്കില്‍ ജിഷ്ണുവത് തുറന്നു പറയുമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഓണത്തിനാണ്. അന്ന് ആര്യമോള്‍ടെ പിറന്നാളു കൂടിയാണ്. പിറന്നാളാശംസ അറിയിച്ച് ജിഷ്ണുവിന്റെ മെസേജ് വന്നപ്പോള്‍ ഞാന്‍ ജിഷ്ണുവിന്റെ നമ്പര്‍ ചോദിച്ചു. എനിക്ക് ജിഷ്ണുവിനോട് സംസാരിക്കണമെന്നു തോന്നി. ' നമ്പര്‍ താ.... തനിക്കൊരു ഓണാശംസ നേരാനാ ' എന്നു പറഞ്ഞ് ഞാന്‍ മെസേജയച്ചു. ജിഷ്ണു അല്‍പ്പസമയം കഴിഞ്ഞാണ് നമ്പര്‍ അയച്ചത്. ഞാന്‍ വിളിച്ചു. അപ്പുറത്ത് അവ്യക്തമായ ഒരൊച്ച കേട്ടു. ഞാന്‍ സംസാരിച്ചുകൊണ്ടേയിരുന്നു. അപ്പുറത്തു നിന്നും ചില മൂളലുകള്‍ മാത്രം.. ഞാന്‍ ഫോണ്‍ വെച്ചു. ' എനിക്ക് സംസാരിക്കാനല്‍പ്പം ബുദ്ധിമുട്ടാണ് ....' എന്ന് ജിഷ്ണുവിന്റെ മെസേജ്.ഒപ്പം ഒരു സെല്‍ഫിയും. സഹോദരിയുടെ മകനെ ചേര്‍ത്തു പിടിച്ച്.... പുറകില്‍ രാഘവന്‍ സാറിന്റെ അവ്യക്ത രൂപം.......

ആ ചിത്രം കണ്ട ആഘാതത്തില്‍ ഞാന്‍ പെട്ടെന്ന് നിശ്ശബ്ദതയിലേക്ക് മുഖം പൂഴ്ത്തി. ജിഷ്ണു തന്റെ അസുഖകാല ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റാന്‍ മടിക്കാറില്ലെങ്കിലും അത്ര ഭീകരമാണ് ജിഷ്ണുവിന്റെ അവസ്ഥയെന്ന് ആ ചിത്രം കാണുന്നതു വരെ എനിക്കറിയില്ലായിരുന്നു.തൊണ്ടയില്‍ വലിയൊരു മുറിവുമായി ഇരിക്കുന്ന ആളോടാണ് 'സദ്യ കഴിച്ചോ? ' എന്ന് ഞാനന്വേഷിച്ചത്.ശബ്ദിക്കാനാവാത്ത നിസ്സഹായതയോടാണ് ഞാനതുവരെ വാതോരാതെ സംസാരിച്ചത്.... എനിക്ക് കുറ്റബോധം തോന്നി. ഞാനൊന്നും മിണ്ടാതെയിരുന്നു... ഇന്‍ബോക്‌സിലേക്ക് തുടരെത്തുടരെ ജിഷ്ണുവിന്റെ മെസേജുകള്‍ വന്നു കൊണ്ടിരുന്നു. ആ ചിത്രത്തിലേക്കു നോക്കി ഞാനിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് എം.എ.ക്ക് പഠിക്കുമ്പോള്‍ കോളേജിലേക്ക് വന്ന ചെറുപ്പക്കാരനാണിത്. മനോഹരമായ ചിരിയാല്‍.. ഭംഗിയുള്ള വാക്കുകളാല്‍ ആ ഓഡിറ്റോറിയത്തെ ആവേശഭരിതമാക്കിയ ചെറുപ്പക്കാരനാണിത്.... കോടിയ ചിരിയുമായി ,കഴുത്തിലെ ആഴമേറിയ മുറിവുമായി, ഒന്ന് മിണ്ടാനാവാതെ ദൂരെയെവിടെയോ അവനിരിക്കുന്നുണ്ടെന്ന ഓര്‍മ്മ എന്നെ പൊള്ളിച്ചു. എനിക്ക് ഉറക്കെയുറക്കെ കരയാനാണ് അപ്പോള്‍ തോന്നിയത്.ആ മുറിയില്‍ തനിച്ചിരുന്ന് ഒരു ലജ്ജയുമില്ലാതെ ഞാന്‍ കരഞ്ഞു. ഒടുവില്‍ മൊബൈലെടുത്ത് ഒന്നും സംഭവിക്കാത്തതുപോലെ ഇന്‍ബോക്‌സില്‍ കിടക്കുന്ന ജിഷ്ണുവിന്റെ മെസേജുകളോട് പ്രതികരിച്ചു. 'സദ്യക്ക് എന്തൊക്കെ കറികളാണ് ഉണ്ടാക്കിയതെന്ന് ' ചോദിച്ചപ്പോള്‍ അപ്പോള്‍ തോന്നിയ കറികളുടെയെല്ലാം പേരെഴുതി അയച്ചു.

' എനിക്കൊരു പിടി ചോറുണ്ണണം..... എത്ര നാളായെന്നോ ഞാനീ ജ്യൂസുകളുടെ ബലത്തില്‍ ജീവിക്കുന്നത്. ഇലയില്‍ ചോറുണ്ട് അവസാനം രണ്ടു മൂന്ന് ഗ്ലാസ്സ് പായസോം കുടിച്ച് ഒരൊറ്റ ഏമ്പക്കം! അടുത്ത ഓണത്തിന് ഞാനങ്ങനത്തെ ഒരു ഫോട്ടോ അയക്കും... ' എന്നു പറഞ്ഞ് ജിഷ്ണു പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയിട്ടപ്പോള്‍ ഞാനും കൈയില്‍ കിട്ടിയ ഒരു സ്‌മൈലി അങ്ങോട്ടും അയച്ചു. ' എന്റെ ഫോട്ടോ കണ്ടപ്പോള്‍ ഷോക്കായീലേ ?' ജിഷ്ണു ചോദിച്ചു.
'ഏയ്..... എന്തിന്? അതൊക്കെ മാറി താന്‍ ഉഷാറായി വരൂലോ' ഞാനതിനെ നിസാരവത്കരിച്ചു കൊണ്ട് പറഞ്ഞു. വിജയചിഹ്നംകാട്ടിയുള്ള ഒരു സ്‌മൈലിയില്‍ ജിഷ്ണു അതിന്റെ മറുപടിയൊതുക്കി.

പിന്നീട് ഇടക്കിടെ ജിഷ്ണു സംസാരിക്കുമായിരുന്നു.ഇന്‍ബോക്‌സില്‍ വരുന്നതിനു മുമ്പ് ' തിരക്കിലാണോ?' എന്ന മെസേജ് മൊബൈലിലേക്കയക്കും. തിരക്കില്ലാത്തപ്പോള്‍ ജിഷ്ണു സംസാരിക്കും. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ....... കണ്ട ജീവിതങ്ങളെക്കുറിച്ച്..... സിനിമയെക്കുറിച്ച്..... സിനിമയെ വെല്ലുന്ന ജീവിതാനുഭവങ്ങളെക്കുറിച്ച്...... തന്റെ 'അവസാനചിത്ര'മെടുക്കാന്‍ പാടുപെടുന്ന സംവിധായകരെക്കുറിച്ച്.....

പൊതുവെ ടീച്ചര്‍മാര്‍ക്കില്ലാത്ത ഒരു ഗുണമാണ് നല്ല ശ്രോതാവായിരിക്കാന്‍ കഴിയുക എന്നത്. ഞാന്‍ ജിഷ്ണുവിന്റെ നല്ല കേള്‍വിക്കാരിയായിരുന്നു. ജിഷ്ണു അയക്കുന്ന നീണ്ട മെസേജുകള്‍ വായിക്കുമ്പോള്‍ ആ മനുഷ്യന്റെ ചിന്തയുടെ ആഴം നമ്മെ അത്ഭുതപ്പെടുത്തും. ചിലപ്പോള്‍ അപ്രതീക്ഷിതമായി ജിഷ്ണു ഇന്‍ബോക്‌സില്‍ നിന്ന് അപ്രത്യക്ഷനാകും.' വയ്യ ' എന്ന ഒറ്റവാക്കിലങ്ങ് കടന്നു കളയും.പിന്നെ കുറേ നാള്‍ കഴിഞ്ഞ് അങ്ങോട്ടോ ഇങ്ങോട്ടോ ഉള്ള ഒരു സ്‌മൈലിയില്‍ പ്രത്യക്ഷനാകും.

അസുഖത്തിന്റെ കാര്യം സംഭാഷണത്തില്‍ കടന്നുവരാതിരിക്കാന്‍ ഞങ്ങളിരുവരും ശ്രദ്ധിച്ചിരുന്നു. യാത്രകള്‍ ഒരുപാടിഷ്ടമായിരുന്ന ജിഷ്ണു യാത്രകളെക്കുറിച്ച് എഴുതുമായിരുന്നു. ജീവിതാനുഭവങ്ങളും എഴുതി ജിഷ്ണു അയക്കും.ഒരിക്കല്‍ ജിഷ്ണു ഒരാഗ്രഹം പറഞ്ഞു. ജിഷ്ണുവിന്റെ കുറിപ്പുകളെ ഞാന്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തണമെന്ന് .സന്തോഷപൂര്‍വ്വം ഞാനത് ഏറ്റെടുത്തു.. എനിക്ക് സാധിക്കുന്ന വിധത്തില്‍ ചെയ്തു കൊടുത്തു. അതിനിടയില്‍ എന്റെ ജീവിതം അപ്രതീക്ഷിതമായി ചില വഴിത്തിരിവുകളിലേക്ക് കടന്നു.ഞാന്‍ ആ തിരക്കില്‍ ജിഷ്ണുവിനെ മറന്നു. സംഘര്‍ഷഭരിതമായ ആ സമയത്ത് മൊബൈലിലേക്കൊരിക്കല്‍ ജിഷ്ണുവിന്റെ മെസേജ് തേടിയെത്തി....' തീവ്രാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മാത്രമാണ് നാം നമ്മുടെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയുക..... ധൈര്യമായിരിക്കൂ '

ആ സന്ദേശം ഒരു ഊര്‍ജ്ജം തന്നെയായിരുന്നു. അനുഭവത്തില്‍ നിന്നാണ് ആ വാക്കുകള്‍.... ഒരു ഞണ്ട് കാര്‍ന്നുതിന്നാന്‍ ശ്രമിക്കുമ്പോഴും പുല്ലുപോലെ അതിനെ അവഗണിച്ച് പൊരുതുന്ന ഒരാളുടെയായിരുന്നു ആ വാക്കുകള്‍.'അന്യദുഃഖത്തിന്റെ അപാരസമുദ്രങ്ങള്‍ക്കിടയില്‍
എന്റെ ദുഃഖങ്ങള്‍ വെറും കടല്‍ ശംഖുകള്‍ ' മാത്രമാണെന്ന് ബോധ്യപ്പെടുത്താന്‍ ജിഷ്ണുവിന്റെ വാക്കുകള്‍ക്ക് ശക്തിയുണ്ടായിരുന്നു. ശുഭാപ്തി വിശ്വാസത്തിന്റെ ആ ആറടിപ്പൊക്കം പലപ്പോഴും എന്നെ വാക്കുകള്‍ കൊണ്ട് വിസ്മയിപ്പിച്ചിരുന്നു.

എന്റെ പുസ്തക പ്രകാശനത്തിന് ഞാനാദ്യം വിളിച്ചത് ജിഷ്ണുവിനെയാണ്. ജിഷ്ണു ആ ചടങ്ങില്‍ പങ്കെടുക്കണമെന്ന തീവ്രമായ ആഗ്രഹം എനിക്കുണ്ടായിരുന്നു. സൗഹൃദമായതിനു ശേഷം ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ല. ഒരിക്കല്‍ നിശാന്ത് നാട്ടിലുള്ള സമയത്ത് ജിഷ്ണുവിനെ കാണാന്‍ പോകാന്‍ ഞാനുറപ്പിച്ച് അഡ്രസ് ആവശ്യപ്പെട്ടു.

' ഈ ഞണ്ടെന്നെ വല്ലാതെ കാര്‍ന്നുതിന്നു ദീപ..... പിന്നീട് കാണാം.. ചിരിച്ചു കൊണ്ട് തന്നെ കാണണമെന്നാണാഗ്രഹം... താനിപ്പോ വരണ്ട '
പിന്നെ ഞാന്‍ നിര്‍ബന്ധിച്ചില്ല. പുസ്തക പ്രകാശനത്തിന് വരാമോ എന്ന് ചോദിച്ചപ്പോള്‍ ആരോഗ്യ പ്രശ്‌നം കാരണം വരാന്‍ കഴിയില്ലെന്നറിയിച്ചു... പുസ്തക മയക്കാനായി അഡ്രസ് ചോദിച്ചപ്പോള്‍ പറഞ്ഞു. 'ഭൂതകാലക്കുളിരു വാങ്ങാനായി എനിക്ക് കേരളവര്‍മ്മയിലേക്കു വരണം.... അന്ന് നേരിട്ടു തന്നാല്‍ മതി'
ഞാന്‍ സമ്മതിച്ചു. നേരിട്ടു തരാനായി മാറ്റി വച്ച കോപ്പി ഇപ്പോഴും കയ്യില്‍ ഭദ്രമാണല്ലോ ജിഷ്ണൂ.... ആര്‍ക്കാണിനി ഞാനത് നല്‍കുക? കണ്ണു നിറക്കുന്നുണ്ടിപ്പോഴും നിന്റെ വാക്കുകള്‍... ' ഞാനിപ്പോ ഒരു കൂട്ടിലാണ്.... പറക്കാന്‍ കഴിയുന്ന ഒരു ദിവസം ഞാന്‍ വരും കേരളവര്‍മ്മയിലേക്ക്...... കേരളവര്‍മ്മയിലെ ഒരു മരക്കൊമ്പില്‍ പറന്നിറങ്ങി ആ പുസ്തകം വാങ്ങും... 'ജിഷ്ണൂ.... ഏത് മരക്കൊമ്പിലാണ് പ്രിയപ്പെട്ട പക്ഷീ നീയിരിക്കുന്നത്? ഏതു പൂമണമായാണ് നീയലിഞ്ഞു ചേര്‍ന്നത്? ഏതു കാറ്റിലാണ് നിന്റെ ശ്വാസമിരിക്കുന്നത്? സാന്ത്വനത്തിനൊരു ചുമല്‍ പോലുമില്ലല്ലോ എനിക്ക്....ഓര്‍മ്മകള്‍ക്ക് ശ്രാദ്ധമൂട്ടേണ്ടത് ജീവിച്ചിരിക്കുന്നവരുടെ കടമയാണ്....ഭൂതകാലപ്പൊള്ളലായി നീയിങ്ങനെ ഉള്ളില്‍ നിറയുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിന്നോട് ഒരിക്കലും അടുക്കില്ലായിരുന്നു.....സ്‌നേഹിക്കാതിരുന്നെങ്കില്‍ പ്രാണനില്‍ പരിക്കേല്‍ക്കില്ലായിരുന്നല്ലോ ജിഷ്ണൂ. നീയിനി എന്നെ കാണാനായി ഒരിക്കലും വരില്ല....
ഊഴം കാത്തു നിന്ന് നിന്നെ എനിക്കും കാണണ്ട. നെഞ്ചിലുണ്ടാകും. ....മരിക്കാതെ.......

(തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയായ ദീപ നിശാന്ത് ഫേസ്ബുക്കിലൂടെയാണ് ജിഷ്ണുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്)

 
Tags:    

Writer - admin

contributor

Editor - admin

contributor

Similar News