മൊബൈൽ കമ്പനിയുടെ റമദാന്‍ വീഡിയോ പരസ്യം വൈറലാകുന്നു
ഭീതിപ്പെടുത്തിയല്ല സ്നേഹിച്ചു കൊണ്ട് ദൈവത്തിലേക്കടുക്കൂ എന്ന സന്ദേശമാണ് മൂന്നു മിനുട്ട് ദൈർഘ്യമുള്ള വീഡിയോ പങ്കു വെക്കുന്നത്.
തീവ്രവാദത്തിനെതിരെയുള്ള വീഡിയോ പരസ്യം അറബ് ലോകത്ത് വൈറലാകുന്നു. റമദാനോടനുബന്ധിച്ചു കുവൈത്തിലെ മൊബൈൽ കമ്പനിയായ സൈൻ പുറത്തിറക്കിയ സംഗീത വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായത്. ഭീതിപ്പെടുത്തിയല്ല സ്നേഹിച്ചു കൊണ്ട് ദൈവത്തിലേക്കടുക്കൂ എന്ന സന്ദേശമാണ് മൂന്നു മിനുട്ട് ദൈർഘ്യമുള്ള വീഡിയോ പങ്കു വെക്കുന്നത്.
''ദൈവത്തോട് ഞാനെല്ലാം പറയും... കുട്ടികളെ കൊന്നു നിങ്ങൾ ശ്മാശാനങ്ങൾ നിറച്ചതും, ഞങ്ങളുടെ സ്‌കൂളിലെ ഇരിപ്പിടങ്ങൾ കാലിയാക്കിയതും എല്ലാം ''... ഒരു കൊച്ചു കുട്ടിയുടെ ഉള്ളുലക്കുന്ന വാക്കുകളിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ സ്വയം പൊട്ടിത്തെറിക്കാനായി ബോംബ് തയ്യാറാക്കുന്ന ഭീകരൻ.
യുഎഇ പോപ്പ് ഗായകൻ ഹുസ്സൈൻ അൽ ജാസിമി പാടിയഭിനയിച്ച വീഡിയോ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. അപ്‌ലോഡ് ചെയ്തു മണിക്കൂറുകൾക്കകം 20 ലക്ഷത്തിലേറെ പേരാണ് യൂട്യൂബിൽ വീഡിയോ കണ്ടത്. ഫേസ്ബുക്കിലും സൂപ്പർഹിറ്റ്. അവരുടെ വിദ്വേഷത്തെ നമ്മൾ സ്നേഹഗീതം കൊണ്ട് കീഴ്പ്പെടുത്തും എന്ന അടിവാചകത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.