നായികമാരുടെ ഭാഗ്യനായകന്‍...ഒടുവില്‍ വില്ലനായി
ദിലീപിന്റെ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്ന നടിമാര്‍ക്കൊന്നും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല
നായികമാരുടെ ഭാഗ്യനായകനായിരുന്നു ജനപ്രിയ നായകന്‍. ദിലീപിന്റെ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്ന നടിമാര്‍ക്കൊന്നും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അന്ധവിശ്വാസം അരങ്ങുതകര്‍ക്കുന്ന മലയാള സിനിമയില്‍ പലരും ഇതൊരു വിശ്വാസമായി കണ്ടിരുന്നു. ബാലതാരമായി വന്നവര്‍ പോലും നായികയായി വെള്ളിത്തിരയിലെത്തിയത് ദിലീപ് ചിത്രത്തിലൂടെയായിരുന്നു.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യരുടെ ആദ്യനായകനും ദിലീപായിരുന്നു. സാക്ഷ്യം ആണ് മഞ്ജുവിന്റെ ആദ്യചിത്രമെങ്കിലും താരത്തിന് ഒരു നായകനെ ലഭിച്ചത് സുന്ദര്‍ദാസിന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ സല്ലാപത്തിലൂടെയായിരുന്നു. വളരെ പെട്ടെന്നായിരുന്നു ദിലീപ്-മഞ്ജു ജോഡികള്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. പിന്നീട് കുടമാറ്റം, ഈ പുഴയും കടന്ന് ചിത്രങ്ങളിലും മഞ്ജു ദിലീപിന്റെ നായികയായി. 1998ല്‍ മഞ്ജു ദിലീപിന്റെ ജീവിത നായികയുമായി. ശരിക്കും അതോട് കൂടിയാണ് വലിയ വിജയങ്ങളൊന്നും ലഭിക്കാതിരുന്ന ദിലീപിന്റെ രാശി തെളിഞ്ഞതെന്നാണ് സിനിമാരംഗത്തുള്ളവര്‍ പറയുന്നത്.
ഇടവേളകള്‍ക്ക് ശേഷം മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തിരിച്ചുകൊണ്ടുവന്ന മീരാ ജാസ്മിന്റെ ആദ്യനായകനും ദിലീപായിരുന്നു. സൂത്രധാരനിലൂടെ സിനിമയിലെത്തിയ മീരക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളവും കടന്ന മീര പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി, സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ നേടി. ദിലീപിനൊപ്പം ഗ്രാമഫോണ്‍, കല്‍ക്കട്ട ന്യൂസ് എന്നീ ചിത്രങ്ങളിലും മീര അഭിനയിച്ചു.
കലോത്സവ വേദികളിലൂടെ സിനിമയിലെത്തിയ നവ്യാ നായരുടെയും ആദ്യനായകന്‍ ദിലീപായിരുന്നു. ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടാണ് നവ്യ സിനിമയിലെത്തിയത്. പിന്നീട കല്യാണരാമന്‍, മഴത്തുള്ളിക്കിലുക്കം, പട്ടണത്തില്‍ സുന്ദരന്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.
പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോഡിയായിരുന്നു ദിലീപ്-കാവ്യാ മാധവന്‍ ജോഡി. ദിലീപിന്റെ ഭാഗ്യനായിക കൂടിയായിരുന്നു കാവ്യ. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകളുമായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചത് ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ മീശമാധവനിലൂടെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറി. തെങ്കാശിപട്ടണം, രാക്ഷസരാജാവ്, തിളക്കം, മിഴി രണ്ടിലും, റണ്‍വേ, ലയണ്‍, കൊച്ചി രാജാവ്, ചക്കരമുത്ത്, ഇന്‍സ്പെക്ടര്‍ ഗരുഡ്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി,പിന്നെയും തുടങ്ങിയവയാണ് ദിലീപ്-കാവ്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം സിനിമക്ക് ഗുഡ് ബൈ പറഞ്ഞ കാവ്യ ഇടവേളക്ക് ശേഷം പിന്നീട് സിനിമയിലേക്ക് കൊണ്ടുവന്നതും ദിലീപായിരുന്നു. ദിലീപ് നായകനായ പാപ്പി അപ്പച്ചായിലെ നായിക കാവ്യയായിരുന്നു. ഒടുവില്‍ കാവ്യ ദിലീപിന്റെ ജീവിതത്തിലെ നായികയുമായി.
നിത്യാദാസിന്റെ ആദ്യ ചിത്രവും ദിലീപിനൊപ്പമായിരുന്നു. ഈ പറക്കുതളികയിലൂടെ നിത്യ വെള്ളിത്തിരയിലെത്തിയത്. ആദ്യ ചിത്രം ഹിറ്റായിരുന്നെങ്കിലും പിന്നീട് നിത്യക്ക് മികച്ച വിജയങ്ങളുണ്ടായിട്ടില്ല. ബാലതാരമായിരുന്ന സനുഷയുടെ ആദ്യനായകനും ദിലീപായിരുന്നു. മിസ്റ്റര്‍ മരുകനിലൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം കുറിച്ചത്. അവതാരകയായി തിളങ്ങിയ അഖില കാര്യസ്ഥനിലൂടെയാണ് ആദ്യമായി നായികയായത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍.
നായികമാരുടെ ഭാഗ്യനായകനായ താരം ഒടുവില്‍ വില്ലനായതും വളരെ പെട്ടെന്നായിരുന്നു. ഇനി ദിലീപിന്റെ നായികയാകാന്‍ നടിമാര്‍ തയ്യാറാകുമോ എന്ന കാര്യവും കണ്ടറിയാം.