അതിഥി റാവു വീണ്ടും മണിരത്നം ചിത്രത്തില്‍ നായിക
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രത്തിലും അതിഥിയായിരുന്നു നായിക. മുന്‍നിര താരങ്ങളെ അണിനിരത്തിയാണ് പുതിയ ചിത്രവും മണിരത്നം ഒരുക്കുന്നത്..
അതിഥി റാവു ഹൈദരി വീണ്ടും മണിരത്നം ചിത്രത്തില്‍ നായികയാകുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രത്തിലും അതിഥിയായിരുന്നു നായിക. മുന്‍നിര താരങ്ങളെ അണിനിരത്തിയാണ് പുതിയ ചിത്രവും മണിരത്നം ഒരുക്കുന്നത്.
ഈ വര്‍ഷം നല്ലൊരു തുടക്കമാണ് പത്മാവതിലെ മെഹ്റുന്നിസ എന്ന കഥാപാത്രം അതിഥിക്ക് സമ്മാനിച്ചത്. പത്മാവത് വന്‍ വിജയം നേടിയതിന് പിന്നാലെയാണ് മറ്റൊരു ശ്രദ്ധേയകഥാപാത്രം അതിഥി റാവുവിനെ തേടിയെത്തിയത്. അതും കരിയറില്‍ വലിയ ബ്രേക്ക് നൽകിയ സംവിധായകന്‍ മണിരത്നത്തിനൊപ്പം. ഇക്കാര്യം അതിഥി തന്നെ സ്ഥിരീകരിച്ചു. ഇത്രയും മികച്ച തുടക്കമാകും 2018ല്‍ ലഭിക്കുക എന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അതിഥി പറഞ്ഞു. പത്മാവതിലെ കഥാപാത്രത്തിന് ഇത്രയേറെ പ്രശംസ ലഭിക്കുമ്പോള്‍ ഇതിലും മികച്ചത് ഇനി കിട്ടാനില്ലെന്നാണ് കരുതിയത്. പക്ഷേ ഇപ്പോള്‍ വീണ്ടും ഒരു മണിരത്നം ചിത്രത്തില്‍ അവസരം ലഭിച്ചിരിക്കുന്നു. അതും കാട്രുവെളിയിടൈ ഇറങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലെന്നത് സന്തോഷം ഇരട്ടിയാക്കുന്നുവെന്നും അതിഥി പറഞ്ഞു.
കാട്രുവെളിയിടൈയില്‍ മറ്റൊരാളാണ് ഡബ്ബ് ചെയ്തതെന്നും ഇത്തവണ സ്വന്തം ശബ്ദം തന്നെ നല്‍കണമെന്നാണ് ആഗ്രഹമെന്നും അതിഥി പ്രതീക്ഷ പ്രകടിപ്പിച്ചു. കോളീവുഡിലെയും ബോളീവുഡിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലാണ് അതിഥി റാവു ഹൈദരിയും ഇടംപിടിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ കാട്രുവെളിയിടൈയില്‍ ഗംഭീരപ്രകടനം കാഴ്ചവെച്ച ആതിഥി റാവു ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. അതിനിടെ ചിത്രത്തില്‍ നിന്ന് ഫഹദ് പിന്മാറി എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.. ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചിമ്പു, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ജ്യോതിക, ഐശ്വര്യ രാജേഷ് തുടങ്ങി വന്‍താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഏറെക്കാലത്തിന് ശേഷം വിദേശത്ത് ഒരു സിനിമ ചിത്രീകരിക്കാനുള്ള പദ്ധതിയിലാണ് മണിരത്നം.
ഗുരു, കന്നത്തില്‍ മുത്തമിട്ടാല്‍ എന്നീ ചിത്രങ്ങള്‍ ഒഴിച്ച് ഭൂരിഭാഗം ചിത്രങ്ങളും ഇന്ത്യയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് മണിരത്നം ചിത്രീകരിച്ചിട്ടുള്ളത്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം തന്നെയാണ് സിനിമ നിര്‍മിക്കുന്നത്.. എ ആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍.