മാമാങ്കത്തിനായി മമ്മൂട്ടി മാറ്റിവെച്ചത് 100 ദിവസം; ചിത്രീകരണം ഈ മാസം 10ന് തുടങ്ങും
തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയുള്ളതാണ് ചിത്രം
മമ്മൂട്ടി നായകനാകുന്ന മാമാങ്കത്തിന്‍റെ ചിത്രീകരണം ഈ മാസം 10ന് ആരംഭിക്കും. ചിത്രത്തിന് വേണ്ടി 100 ദിവസത്തെ ഡേറ്റ് ആണ് മമ്മൂട്ടി നൽകിയിരിക്കുന്നത്.
മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയുള്ളതാണ് ചിത്രം. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിൽ ചാവേറാകാൻ വിധിക്കപ്പെട്ട യോദ്ധാക്കളുടെ കഥ കൂടി ചിത്രം പറയുന്നു.
പഴശ്ശിരാജക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമ എന്ന പ്രത്യേകതയും മാമാങ്കത്തിനുണ്ട്. ചിത്രത്തിൽ മൂന്നു നായികമാരാണുള്ളത്. നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. ക്വീനിലൂടെ അരങ്ങേറിയ ധ്രുവനും സിനിമയുടെ ഭാഗമാകും. മംഗലാപുരത്താകും ആദ്യ ഘട്ട ചിത്രീകരണം ആരംഭിക്കുക. 20 ദിവസമാണ് ആദ്യഘട്ട ചിത്രീകരണം. ഏപ്രിലില്‍ തുടങ്ങുന്ന രണ്ടാംഘട്ട ചിത്രീകരണത്തിലെ നായികമാര്‍ ഉണ്ടാവൂ.
നവാഗതനായ സജീവ് പിള്ളയാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍റെ സഹസംവിധായകനായിരുന്നു സജീവ് പിള്ള. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാകും മാമാങ്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.