അങ്കമാലി ഡയറീസ് ബുസാൻ അന്തർദേശീയ ചലച്ചിത്രോത്സവത്തിലേക്ക്
ഇന്ത്യയിൽ നിന്ന് 11 ചിത്രങ്ങളാണ് മേളയില്‍ പ്രദർശിപ്പിക്കുന്നത്
പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ ബുസാൻ അന്തർദേശീയ ചലച്ചിത്രോത്സവത്തിലേക്ക്. അനുരാഗ് കശ്യപിന്റെ ഏറ്റവും പുതിയ ചിത്രം ‘മുക്കബാസ്’ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഏഷ്യയിലെ ശ്രദ്ധേയ ചലച്ചിത്ര മേളകളിലൊന്നായ ബുസാൻ തെക്കൻ കൊറിയയിലാണ് നടക്കുന്നത്.
മജീദ് മജീദിയുടെ ‘ബിയോണ്ട് ദി ക്ലൗഡ്‌സ്’, ശ്ലോക് ശർമ്മയുടെ ‘സൂ’, എസ്.എസ്.രാജമൗലിയുടെ ‘ബാഹുബലി’, ജട്‌ല സിദ്ധാർഥയുടെ ‘ലവ് ആന്റ് ശുക്ല’, ഹൻസൽ മെഹ്തയുടെ ‘ഒമെർത്ത’, ദീപേഷ് ജെയിനിന്റെ ‘ഇൻ ദി ഷാഡോസ്’, മോസ്തഫ സർവാർ ഫറൂഖിയുടെ ‘നൊ ബെഡ് ഫോർ റോസസ്’, ദേവശിഷ് മഖിജയുടെ ‘അജ്ജി’, പുഷ്‌പേന്ദ്ര സിങ്ങിന്റെ ‘അസ്വത്ഥാമാ’ എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള മറ്റ് ചിത്രങ്ങൾ.
ഒക്ടോബർ 15ന് ആരംഭിക്കുന്ന ചലച്ചിത്രോത്സവം 21ന് സമാപിക്കും.