അതിര്‍ത്തി കടന്ന ജിമിക്കി കമ്മല്‍...2017 മൂളിയ ഈണങ്ങള്‍
ചിലതിന് കേട്ട നേരത്തെ ആയുസേ ഉണ്ടായിരുന്നുവെങ്കിലും ചിലത് മനസിലങ്ങനെ മൂളി നടന്നു
അടിപൊളി പാട്ടുകളും മെലഡികളും ഒരു പോലെ കീഴടക്കിയ വര്‍ഷമായിരുന്നു 2017. ഒരു പാട് പാട്ടുകള്‍ കേട്ട വര്‍ഷം. ചിലതിന് കേട്ട നേരത്തെ ആയുസേ ഉണ്ടായിരുന്നുവെങ്കിലും ചിലത് മനസിലങ്ങനെ മൂളി നടന്നു. ഈ വര്‍ഷം കാതുകള്‍ കേട്ട, കീഴടക്കിയ ചില ഗാനങ്ങളുമുണ്ട്.
1. എന്റമ്മേടെ ജിമിക്കി കമ്മല്‍
മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിച്ച വെളിപാടിന്റെ പുസ്തകം. ഒരു പാട് പ്രതീക്ഷയായിരുന്നു ആ ചിത്രത്തിന്. പക്ഷേ ആരാധകരുടെ പ്രതീക്ഷകള്‍ കാക്കാന്‍ ആ ചിത്രത്തിന് കഴിഞ്ഞില്ല, പകരം ചിത്രത്തിലെ ഗാനങ്ങള്‍ ലോകം മുഴുവന്‍ കീഴടക്കി. പ്രത്യേകിച്ചും എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്നു തുടങ്ങുന്ന നാടന്‍ ചേലുള്ള പാട്ട്. അടിപൊളി പാട്ടാണെങ്കിലും ജിമിക്കി കമ്മല്‍ ഇങ്ങിനെ ഓളം തീര്‍ത്തുകൊണ്ടിരുന്നു. വിദേശത്ത് വരെ കമ്മലിന് ആരാധകരായി, സെലിബ്രിറ്റികള്‍ ചുവടുവച്ചു. ജിമിക്കി കമ്മലിന്റെ വിവിധ വേര്‍ഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. പാട്ട് അതിര്‍ത്തികള്‍ കടക്കുമ്പോഴും വരികളെ ചൊല്ലിയും ചില വിവാദങ്ങളുണ്ടായി. പക്ഷേ ജിമിക്കി കമ്മല്‍ പെട്ടെന്ന് തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.
2. കണ്ണിലെ പൊയ്കയില്
സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രണയമായിരുന്നു ഈ പാട്ടില്‍ നമ്മള്‍ കണ്ടത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കണ്ണിലെ പൊയ്കയിലെ എന്ന പാട്ടിന് ഒരു നാടന്‍ പ്രണയത്തിന്റെ മുഴുവന്‍ ഭംഗിയുമുണ്ടായിരുന്നു. ഗണേഷ് സുന്ദരവും സൌമ്യ രാമകൃഷ്ണനും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണമിട്ടിരിക്കുന്നു.
3. കണ്ടിട്ടും കണ്ടിട്ടും
ഒരു പാട് നാളുകള്‍ക്ക് ശേഷം ഗാനഗന്ധര്‍വ്വന്റെ മാന്ത്രിക ശബ്ദത്തില്‍ ഒരു പാട്ട്.. പോരെ ഒരു പാട്ട് കൂടുതല്‍ മനോഹരമാകാന്‍. വില്ലന്‍ എന്ന ചിത്രത്തിലെ ഈ ഗാനരംഗത്തില്‍ അഭിനയിച്ചതും ഹിറ്റ് ജോഡികളായിരുന്നു. മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിച്ച ഈ പാട്ട് വളരെ വേഗത്തില്‍ തന്നെ ആരാധകരുടെ കാതുകള്‍ കീഴടക്കി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്സ് ഈണം നല്‍കിയിരിക്കുന്നു.
4. തമരടിക്കണ കാലമായെടി
യു ട്യൂബില്‍ തരംഗമായ ഈ പാട്ട് ഒരിക്കല്‍ കേട്ടാല്‍ മതി വീണ്ടും വീണ്ടും കേള്‍ക്കാന്‍ പ്രേരിപ്പിക്കും. അങ്കമാലി ഡയറീസിലെ തമരടിക്കണ കാലമായെടി തീയാമ്മേ എന്ന തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അങ്കമാലി പ്രാഞ്ചിയും ശ്രീകുമാര്‍ വാകിയിലും ചേര്‍ന്നാണ്. പ്രശാന്ത് പിള്ളയാണ് സംഗീതം.
5. മാവിലക്കുടില്‍ പൈങ്കിളി
രാമന്റെ ഏദന്‍ തോട്ടത്തിലെ മാവിലക്കുടില്‍ എന്നു തുടങ്ങുന്ന പാട്ടില്‍ നല്ലൊരു മെലഡിയാണ്. വീണ്ടും കേള്‍ക്കാന്‍ പാട്ട്. രാജലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മമ്യുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
6. മഴ പാടും കുളിരായി വന്നതാരോ
മഴ പാടുന്ന കുളിരാ വന്നതാരോ ഇവളാരോ...സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ ഈ ഗാനവും ഒരു മഴയെ കേള്‍ക്കുന്നതു പോലെയാണ്. അരവിന്ദ് വേണുഗോപാലും അപര്‍ണ ബാലമുരളിയും ചേര്‍ന്ന് പാടിയ പാട്ട് എഴുതിയിരിക്കുന്നത് ജിസ് ജോയ് ആണ്. സംഗീതം ദീപക് ദേവ്.
7.ഇവളാരോ..ഇവളാരോ...
പ്രണയം പൊഴിയുന്നൊരു പാട്ട്...ഒരു മെക്സിക്കന്‍ അപാരതയിലെ ഇവളാരോ ...ഇവളാരോ എന്ന പാട്ട് കേള്‍ക്കുന്ന മാത്രയില്‍ തന്നെ ഹൃദയത്തില്‍ ഇടംപിടിക്കും. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം-മണികണ്ഠന്‍ അയ്യപ്പ.
8. ലൈലാകമേ...പൂ ചൂടുമോ
ഇസ്രയിലെ ലൈലാകമേ എന്ന പാട്ട് ആലാപനം കൊണ്ടും ഈണം കൊണ്ടും മികച്ചു നില്‍ക്കുന്നു. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് സംഗീതമിട്ടിരിക്കുന്നത്.
9. ആരോ നെഞ്ചില്‍
നെഞ്ചില്‍ മഞ്ഞ് പെയ്യുന്ന പോലെ തോന്നും ഈ പാട്ട് കേട്ടാല്‍. ഗോദ എന്ന ചിത്രത്തിലെ ആരോ നെഞ്ചില്‍ മഞ്ഞായി പെയ്യുന്ന നേരം എന്ന പാട്ടില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നത് ആലാപനം തന്നെയാണ്. പഞ്ചാബിയായ നായികയ്ക്ക് ചേരുന്ന ശബ്ദം തന്നെയാണ് ഈ പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഗാനത്തിന്റെ സവിശേഷതയാണ്. ഗൌരി ലക്ഷ്മിയാണ് പാട്ട് പാടിയിരിക്കുന്നത്. ഗാനരചന- മനു രഞ്ജിത്, സംഗീതം- ഷാന്‍ റഹ്മാന്‍.
10. മിഴിയില്‍ നിന്നും മിഴിയിലേക്ക്
ഷഹബാസ് അമന്റെ മാന്ത്രിക ശബ്ദത്തിലാണ് മായാനദിയിലെ ഈ പാട്ട്. വരികളും ഈണവും നമ്മുടെ മനസിനെ പിടിച്ചുലയ്ക്കും..ഒരു ഇളം തെന്നല്‍ വീശും പോലെ കണ്ണടച്ചിരുന്നു കേള്‍ക്കണം ഈ പാട്ട്. മിഴിയില്‍ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയീ...നമ്മള്‍. അന്‍വര്‍ അലിയുടെ വരികള്‍ക്ക് റെക്സ് വിജയന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.