മേരിക്കുട്ടി തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം: ജയസൂര്യ
മേരിക്കുട്ടി ഇവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്
ഞാന്‍ മേരിക്കുട്ടിയിലെ കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്ന് യുവതാരം ജയസൂര്യ. മാനസികമായും ശാരീരികമായും വളരെയധികം പ്രയത്നിച്ച് ചെയ്ത ചിത്രമാണ് ക്യാപ്റ്റന്‍. അതുപോലെ ഷാജി പാപ്പനും പുണ്യാളനുമെല്ലാം ...എന്നാല്‍ അവരൊക്കെ പുരുഷ കഥാപാത്രങ്ങളായിരുന്നു. മേരിക്കുട്ടി ഇവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. മനസ് കൊണ്ട് പെണ്ണും ശസ്ത്രക്രിയയിലൂടെ ലിംഗമാറ്റം വരുത്തിയ ആള്‍. അവളുടെ ചിന്തകള്‍ ഞാനവതരിപ്പിച്ച മറ്റ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്...ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.
മേരിക്കുട്ടിക്ക് വേണ്ടി നിരവധി ട്രാന്‍സ്ജെന്‍ഡേഴ്സിനോട് ഞാന്‍ സംസാരിച്ചു. മേരിക്കുട്ടിയുടെ സാഹചര്യങ്ങളും സ്വപ്നങ്ങളുമെല്ലാം വ്യത്യസ്തമാണ്. ചിത്രത്തിന് വേണ്ടി ദിവസേന ജിമ്മില്‍ പോകുന്നത് ഞാന്‍ നിര്‍ത്തി. ഒരു ദിവസം മൂന്നു പ്രാവശ്യം ഷേവ് ചെയ്തു. ഷൂട്ടിംഗ് തീരുന്നത് വരെ ഇതു തുടര്‍ന്നു. തുടര്‍ച്ചയായി ഷേവ് ചെയ്യുന്നത് ചര്‍മ്മത്തെ വരെ ദോഷകരമായി ബാധിച്ചു. സിനിമകളിലെ സ്ഥിരം സ്തീ വേഷങ്ങളില്‍ നിന്നും മേരിക്കുട്ടി വ്യത്യസ്തയായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ ഭാര്യയും അനിയത്തിയും എന്നെ വളരെയധികം സഹായിച്ചു. സാരിയുടുപ്പിച്ചു, നെയില്‍ പോളിഷിട്ട് തന്നു അങ്ങിനെ....
ആദ്യം ഒരു കോമഡി ചിത്രമായി എടുക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. പിന്നീടാണ് ഈ ചിത്രത്തില്‍ ഒരു സന്ദേശമുണ്ടല്ലോ എന്നോര്‍ത്തത്. ഒരിക്കലും ട്രാന്‍സ് വിഭാഗത്തെ ഒരു വിധത്തിലും മുറിവേല്‍പ്പിക്കുന്ന ചിത്രമായിരിക്കില്ല മേരിക്കുട്ടി. സന്തോഷത്തോടെ ഈ ചിത്രത്തെ കാണാന്‍ അവര്‍ക്ക് സാധിക്കും, അവര്‍ക്കുള്ള സമ്മാനമായിരിക്കും മേരിക്കുട്ടിയെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.