തെറ്റ് തിരുത്തി ഹരിവരാസനം വീണ്ടും പാടാനൊരുങ്ങി യേശുദാസ്

Update: 2018-06-05 03:36 GMT
Editor : Jaisy
തെറ്റ് തിരുത്തി ഹരിവരാസനം വീണ്ടും പാടാനൊരുങ്ങി യേശുദാസ്
Advertising

1922ല്‍ ശാസ്താംകോട്ട കോന്നകത്ത് ജാനകി അമ്മ അഷ്ടക രൂപത്തില്‍ രചിച്ച കീര്‍ത്തനമാണ് ഹരിവരാസനം

അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം തെറ്റുകള്‍ തിരുത്തി വീണ്ടും പാടാനൊരുങ്ങുകയാണ് ഗാനഗന്ധര്‍വ്വന്‍. 1975ല്‍ മെരിലാന്‍ഡ് സുബ്രഹ്മണ്യം നിര്‍മ്മിച്ച് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത സ്വാമി അയ്യപ്പന്‍ എന്ന സിനിമയ്ക്കു വേണ്ടി ദേവരാജന്‍ മാസ്റ്ററാണ് കീര്‍ത്തനം ചിട്ടപ്പെടുത്തിയത്. അന്ന് ആലാപനം അനായാസമാക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ ഓരോ വരിയിലും ഉണ്ടായിരുന്ന സ്വാമി ഒഴിവാക്കുകയായിരുന്നു. രണ്ടുവാക്കുകള്‍ ചേര്‍ത്തപ്പോള്‍ ബോധപൂര്‍വ്വമല്ലെങ്കിലും ഒരു പിഴവും വന്നു കൂടി. അരി(ശത്രു), വിമര്‍ദ്ദനം(നിഗ്രഹം) എന്നീ പദങ്ങള്‍ പിരിച്ച് ഉച്ചരിക്കേണ്ടതായിരുന്നു എന്നാല്‍ അരിവി മര്‍ദ്ദനം എന്നാണ് യേശുദാസ് പാടിയത്. പിന്നീട് യേശുദാസ് പല വേദികളിലും ഈ തെറ്റിനെക്കുറിച്ച് പറയാറുമുണ്ടായിരുന്നു. എന്നെങ്കിലും തെറ്റ് തിരുത്തി ഹരിവരാസനം വീണ്ടും പാടണമെന്നായിരുന്നു ഗന്ധര്‍വ്വ ഗായകന്റെ ആഗ്രഹം. യേശുദാസിന്റെ ഈ ആഗ്രഹം കൂടി പാട്ടിലൂടെ സാക്ഷാത്ക്കരിക്കും.

1922ല്‍ ശാസ്താംകോട്ട കോന്നകത്ത് ജാനകി അമ്മ അഷ്ടക രൂപത്തില്‍ രചിച്ച കീര്‍ത്തനമാണ് ഹരിവരാസനം. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌. വര്‍ഷങ്ങള്‍ക്കു മുമ്പ് ചിട്ടപ്പെടുത്തിയ പാട്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി പുനക്രമീകരിക്കുമെന്ന് നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വിശദമാക്കിയിരുന്നു. കീര്‍ത്തനം ആരാണ് എഴുതിയത് എന്നതിനെക്കുറിച്ചും തര്‍ക്കങ്ങളുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News