ഡബ്ള്യൂ.സി.സിയെ തള്ളാതെ തള്ളി മോഹന്‍ലാല്‍
ഡബ്ള്യൂ.സി.സിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പറഞ്ഞുവെങ്കിലും കൂട്ടായ്മയുടെ ആവശ്യങ്ങളെയും നിലപാടുകളെയും പൂര്‍ണ്ണമായി നിരാകരിക്കുകയായിരുന്നു മോഹന്‍ലാല്‍
ഡബ്ള്യൂ.സി.സിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പറഞ്ഞുവെങ്കിലും കൂട്ടായ്മയുടെ ആവശ്യങ്ങളെയും നിലപാടുകളെയും പൂര്‍ണ്ണമായി നിരാകരിക്കുകയായിരുന്നു മോഹന്‍ലാല്‍.
സംഘടനയില്‍ പുരുഷ മേധാവിത്വം എന്ന് പറയുന്നത് ഇല്ലായെന്നായിരുന്നു ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. വളരെ കുറച്ച് പേര്‍ മാത്രം അംഗങ്ങളായുള്ള സംഘടനയാണ് അമ്മ. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു സംഘടന അപൂര്‍വ്വമായിരിക്കും. മറ്റ് ഭാഷകളിലെ സിനിമാക്കാര്‍ നിങ്ങള്‍ ഇതെങ്ങിനെ കൊണ്ടുപോകുന്നുവെന്ന് അതിശയത്തോടെ ചോദിക്കാറുണ്ട്. വളരെ സുതാര്യമായ സംഘടനയാണ് അമ്മ. വ്യക്തിപരമായ കാര്യങ്ങള്‍ പോലും ഞങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അവിടെ പുരുഷ മേധാവിത്വമുണ്ടെന്ന് പറയുന്നതിനോട് യോജിപ്പില്ലാ എന്നായിരുന്നു ലാലിന്റെ വാദം.
തന്റെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കുന്നുവെന്ന് കാണിച്ച് അക്രമണത്തിനിരയായ നടി അമ്മയ്ക്ക് പരാതി നല്‍കിയിരുന്നുവെന്ന വാദത്തെയും ലാല്‍ നിഷേധിക്കുകയാണുണ്ടായത്. അങ്ങിനെയൊരു പരാതി രേഖാമൂലം ലഭിച്ചിട്ടില്ലെന്നും കിട്ടിയിരുന്നെങ്കില്‍ നടപടി എടുക്കുമായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മയുടെ സ്കിറ്റ് ഒരിക്കലും ആരെയും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നില്ല. അത് സ്ത്രീകള്‍ തന്നെ തയ്യാറാക്കിയ സ്കിറ്റാണ്. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കില്‍ അത് അന്ന് പറയുന്നതിന് പകരം ഇത്തരമൊരു സന്ദര്‍ഭമുണ്ടായപ്പോള്‍ പറഞ്ഞത് ശരിയല്ല. ഡബ്ള്യൂ.സി.സിയിലെ കുട്ടികളും അമ്മയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് സംഘടനയിലാണ് പറയേണ്ടത്. അല്ലാതെ പുറത്തു പറഞ്ഞിട്ട് കാര്യമില്ല. ഡബ്ല്യൂ.സി.സിയിലുള്ള കുട്ടികള്‍ അമ്മയിലുള്ളവരാണ്. അവര്‍ക്ക് വേണമെങ്കില്‍ സംഘടനയിലേക്ക് മത്സരിക്കാമായിരുന്നു. നോമിനേഷന്‍ കൊടുക്കുന്നതില്‍ തടഞ്ഞുവെന്ന് പറയുന്നത് ശരിയല്ല. അങ്ങിനെയുണ്ടായിട്ടുണ്ടെങ്കില്‍ പാര്‍വ്വതിക്ക് പറയാമായിരുന്നു. ഇപ്പോഴും അവര്‍ക്ക് പറയാം. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ പ്രതിഷേധിക്കുന്ന ആളുകള്‍ പോലും ഒന്നും പറഞ്ഞില്ല. അവര്‍ക്ക് വേണമെങ്കില്‍ പറയാമായിരുന്നു.
നാല് പേര് അമ്മയില്‍ നിന്നു രാജി വച്ചെങ്കിലും രണ്ട് പേരുടെ രാജിക്കത്ത് മാത്രമാണ് തനിക്ക് കിട്ടിയിട്ടുള്ളതന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലാലിന്റെ മറുപടി. രാജി വച്ചവര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കുമോ എന്ന കാര്യവും ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യേണ്ടി വരും. ഇഷ്ടമുള്ളപ്പോള്‍ രാജി വയ്ക്കുക, പിന്നെ തിരിച്ചുകയറുക എന്നതല്ലല്ലോ രീതിയെന്നും ലാല്‍ പറഞ്ഞു.