ദിലീപ് സംഘടനക്ക് പുറത്തു തന്നെ; നടിയെ അമ്മ അവഗണിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍
ദിലീപിന്റെ കാര്യത്തില്‍ അമ്മ പിളരുന്ന തരത്തില്‍ ചര്‍ച്ചയുണ്ടായി
അമ്മയിലേക്ക് തിരിച്ചുവരില്ല എന്ന് ദിലീപ് പറഞ്ഞതിനാല്‍ അദ്ദേഹം സംഘടനക്ക് പുറത്ത് തന്നെയാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിന്റെ കാര്യത്തില്‍ അമ്മ പിളരുന്ന തരത്തിലുള്ള ചര്‍ച്ചകളുണ്ടായ സാഹചര്യത്തിലാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. ഒരാളെ സംഘടനയില്‍ നിന്ന് മാറ്റാന്‍ ജനറല്‍ ബോഡിയുടെ അനുമതി വേണമായിരുന്നു. ഇത് മനസിലാക്കിയ ശേഷമാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ കഴിഞ്ഞ ജനറല്‍ ബോഡിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരും ദിലീപിനെ തിരിച്ചെടുത്ത നടപടിയെ എതിര്‍ത്തില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ കേസിലെ വിധി വന്നതിന് ശേഷം മാത്രമേ തീരുമാനം എടുക്കൂ. അമ്മ യോഗത്തിന് ശേഷം എറണാകുളം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് കാണിച്ച് ആക്രമണത്തിനിരയായ നടി രേഖാമൂലം പരാതി നല്‍കിയില്ല. ഉണ്ടെങ്കില്‍ നടപടി എടുക്കുമായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടിയെ ഒരിക്കലും ഒറ്റപ്പെടുത്തിയിട്ടില്ല. എല്ലാ പരിപാടികളിലും ക്ഷണിക്കാറുണ്ട്. രണ്ട് പേര്‍ മാത്രമാണ് അമ്മയില്‍ നിന്നും രാജി വച്ചിട്ടുള്ളത്. രണ്ട് പേരുടെ രാജിക്കത്ത് മാത്രമാണ് സംഘടനക്ക് കിട്ടിയിട്ടുള്ളത്. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ ജനറല്‍ ബോഡിയാണ് തീരുമാനമെടുക്കേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തിലകന്റെ കാര്യത്തില്‍ അങ്ങിനെയൊരു കത്ത് എനിക്ക് ലഭിച്ചിട്ടില്ല. വലിയൊരു നടനാണ് അദ്ദേഹം. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തിലകന്‍ ചേട്ടന്റെ കാലിന് വയ്യായിരുന്നു. എന്നിട്ടും ഞങ്ങള്‍ ആ സിനിമയില്‍ അഭിനയിപ്പിച്ചു. അന്ന് ഞാന്‍ സംഘടനയില്‍ ആരുമല്ലായിരുന്നു. ഞാന്‍ പറയുന്ന പോലെ മാത്രമേ സംഘടന പ്രവര്‍ത്തിക്കണം എന്ന് വാശി പിടിക്കാന്‍ പറ്റില്ലല്ലോ. മറ്റുള്ളവരുടെ അഭിപ്രായം കൂടി മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.