സഞ്ജയ് ദത്ത് മയക്കുമരുന്നിനടിമയും സ്ത്രീലമ്പടനുമാണെന്ന് ആര്‍.എസ്.എസ് വാരിക
ബോളിവുഡ് ജീവചരിത്ര സിനിമ എടുക്കാന്‍ വേണ്ടി മാത്രം എന്ത് നല്ല കാര്യമാണ് സഞ്ജയ് ദത്ത് ജീവിതത്തില്‍ ചെയ്തിട്ടുള്ളതെന്നും പാഞ്ചജന്യ ചോദിക്കുന്നു
മയക്കുമരുന്നിനടിമയും സ്ത്രീലമ്പടനുമായ സഞ്ജയ് ദത്തിന്റെ ജീവിതത്തെ വെള്ളപൂശുകയാണ് സഞ്ജു എന്ന ചിത്രമെന്ന് ആര്‍.എസ്.എസ് മുഖപ്രസിദ്ധീകരണമായ പാഞ്ചജന്യ. ഹോളിവുഡില്‍ രാമാനുജനെക്കുറിച്ചുള്ള ചിത്രങ്ങളെടുക്കുമ്പോള്‍ ബോളിവുഡ് അധോലോകത്തം പ്രമേയമാക്കുകയാണെന്ന് വാരികയുടെ എഡിറ്റോറിയല്‍ പറയുന്നു.
1993ലെ മുബൈ സ്‌ഫോടനത്തില്‍ സഞ്ജയ് ദത്ത് ശിക്ഷ അനുഭവിച്ചതും ആദ്യ ഭാര്യയിലുണ്ടായ മകളുമായുള്ള ബന്ധത്തെക്കുറിച്ചും വാരിക പറയുന്നു. ഒരുപാട് ദുഷ്കൃത്യങ്ങള്‍ ചെയ്ത മനുഷ്യനാണ് സഞ്ജയ് ദത്ത്. 1993ലെ മുംബൈ സ്‌ഫോടനത്തിലും വര്‍ഗീയ കലാപത്തിലും അയാള്‍ പങ്കാളിയായിരുന്നു. മൂന്നുവട്ടം വിവാഹിതനായ സഞ്ജയ് ദത്ത് മകളെ വര്‍ഷങ്ങളോളം കണ്ടിരുന്നില്ല. 308 സ്ത്രീകളുമായി അയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി സിനിമയില്‍ പറയുന്നുണ്ട്.
സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ പി.കെ എന്ന ചിത്രം ഹിന്ദു വിരുദ്ധമായിരുന്നുവെന്നും ആര്‍എസ്എസ് മുഖപ്രസിദ്ധീകരണം ആരോപിക്കുന്നു. പി.കെയില്‍ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ച ഹിറാനി ഇപ്പോള്‍ യുവാക്കള്‍ക്ക് ഒരു മോശം റോള്‍ മോഡലിനെ നല്‍കാന്‍ ശ്രമിക്കുകയാണ്. ബോളിവുഡ് ജീവചരിത്ര സിനിമ എടുക്കാന്‍ വേണ്ടി മാത്രം എന്ത് നല്ല കാര്യമാണ് സഞ്ജയ് ദത്ത് ജീവിതത്തില്‍ ചെയ്തിട്ടുള്ളതെന്നും പാഞ്ചജന്യ ചോദിക്കുന്നു.
അധോലോക നായകന്‍മാരെക്കുറിച്ച് ബോളിവുഡ് ആദ്യമായല്ല സിനിമയെടുക്കുന്നത്. ദാവൂദ് ഇബ്രാഹിം അദ്ദേഹത്തിന്റെ സഹോദരി ഹസീന,ഛോട്ടാ രാജന്‍,ഗുജറാത്തിലെ അബ്ദുള്‍ എന്നിവരെക്കുറിച്ചൊക്കെ ചിത്രങ്ങളെടുത്തിട്ടുണ്ട്. ഇതെല്ലാം ആരുടെയെങ്കിലും താത്പര്യപ്രകാരമാണോ നടക്കുന്നത്? ഇതിനെല്ലാം ഗള്‍ഫില്‍ നിന്ന് പണം ലഭിക്കുന്നുണ്ടോയെന്നും വാരിക ചോദിക്കുന്നു.
രണ്‍ബീര്‍ കപൂറാണ് വെള്ളിത്തിരയില്‍ സഞ്ജയ് ദത്തായി എത്തിയത്. 200 കോടി ക്ലബില്‍ ഇടംപിടിച്ച സഞ്ജു രണ്‍ബീറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. പരേഷ് റാവല്‍, മനീഷ കൊയ്‌രാള, അനുഷ്ക ശര്‍മ്മ, സോനം കപൂര്‍, ദിയ മിര്‍സ, വിക്കി കൌശല്‍,ജിം സര്‍ഭ്, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.