നീ ട്രാന്‍സ് അല്ലേ, നിനക്ക് ആ കഥാപാത്രം ചേരില്ല എന്ന് ചിലര്‍ പറയാറുണ്ട്. കഥാപാത്രത്തിന് ചേരുകയാണെങ്കില്‍ ഒരു മകളായോ , അമ്മയായോ എന്നെ ഉള്‍പ്പെടുത്താം: അഞ്ജലി അമീര്‍

സിനിമയില്‍ വരുന്നത് ആ നിര്‍മ്മാതാവിനെ അല്ലെങ്കില്‍ സംവിധായകനെ കല്യാണം കഴിച്ച് കുഞ്ഞിനെ പ്രസവിക്കാനല്ലല്ലോ, ആ റോള്‍ ഭംഗിയാക്കാനല്ലേ

Update: 2018-07-22 06:29 GMT
Advertising

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ആ റോള്‍ മാത്രം കൊടുക്കുക എന്നൊരു മനോഭാവം മലയാള സിനിമിയിലുണ്ടെന്ന് ട്രാന്‍സ്ജെന്‍ഡര്‍ നായിക അഞ്ജലി അമീര്‍. നീ ട്രാന്‍സ് അല്ലേ, നിനക്ക് ആ കഥാപാത്രം ചേരില്ല എന്ന് ചിലര്‍ പറയാറുണ്ടെന്നും അഞ്ജലി പറഞ്ഞു. മീഡിയവണ്‍ മോര്‍ണിംഗ് ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു അഞ്ജലി. മോഡലിംഗ് രംഗത്തെ തിളങ്ങുന്ന താരമായ അഞ്ജലി പേരന്‍പ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നുണ്ട്.

പേരന്‍പിലേക്ക് തമിഴിലെ ഒത്തിരി നടിമാരെ സജസ്റ്റ് ചെയ്തിരുന്നു. പക്ഷെ അവരെയൊക്കെ തള്ളിക്കളഞ്ഞാണ് എനിക്ക് അവസരം ലഭിച്ചത്. ഒരു ചാനലില്‍ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് എന്റെ ഒരു അഭിപ്രായം വന്നിരുന്നു, അതു കണ്ടിട്ടാണ് മമ്മൂക്ക എന്നെ റെക്കമെന്റ് ചെയ്യുന്നത്. അതിന് ശേഷം ഓഡിഷനും സ്ക്രീന്‍ ടെസ്റ്റും നടന്നു. അതിന് ശേഷമാണ് എന്നെ ആ റോളിലേക്ക് തെരഞ്ഞടുത്തത്.

Full View

ഷൂട്ടിംഗിന്റെ സമയത്ത് എനിക്ക് മമ്മൂക്കയെ പേടിയായിരുന്നു. പേടി കലര്‍ന്ന ബഹുമാനമാണ് അദ്ദേഹത്തോട്. വലിയ എക്സ്പീരിയന്‍സ് ആയിരുന്നു പേരന്‍പ്. എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു പേരന്‍പെന്ന് പറയാം. ആദ്യമായി നായികാപ്രാധാന്യമുള്ള ഒരു ചിത്രം ചെയ്തത് പേരന്‍പായിരുന്നു.

പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് ഞാന്‍ വീടു വിട്ടിറങ്ങിയത്. അത് ശരിക്കും ഒരു വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നു. ഒരു ട്രാന്‍സ്ജെന്‍ഡര്‍ വീട്ടില്‍ നിന്നു നേരിടുന്നതിനെക്കാള്‍ ബുദ്ധിമുട്ട് പുറത്ത് നിന്നുണ്ടാകും. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം കണ്ടപ്പോള്‍ ശരിക്കും കരഞ്ഞു പോയി. സ്ത്രീ ആകുമ്പോള്‍ ഒത്തിരി മേക്കപ്പ് ചെയ്യണം, ആഭരണങ്ങള്‍ ഇടണം എന്നൊക്കെയാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷെ ഞാനൊരു സ്ത്രീ ആയതിന് ശേഷം ഇതിനൊക്കെ മാറ്റം വന്നു. നമുക്ക് നമ്മുടേതായ ആറ്റിറ്റ്യൂഡ് വേണമെന്ന് മനസിലായി.

പഴയ കാലത്തെ പോലെയല്ല, ഇന്ന് ട്രാന്‍സ് സെക്വഷലുകള്‍ക്ക് പിന്തുണ കിട്ടുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാലും പിന്തുണയുണ്ട്. എനിക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ആ റോള്‍ മാത്രം കൊടുക്കുക അങ്ങിനെയൊരു മനോഭാവം മലയാള സിനിമയിലുണ്ട്. നീ ട്രാന്‍സ് അല്ലേ, നിനക്ക് ആ കഥാപാത്രം ചേരില്ല എന്ന് ചിലര്‍ പറയാറുണ്ട്. ആ കഥാപാത്രത്തിന് ചേരുകയാണെങ്കില്‍ ഒരു മകളായോ , അമ്മയായോ എന്നെ ഉള്‍പ്പെടുത്താം. എനിക്ക് പ്രസവിക്കാന്‍ സാധിക്കില്ല എന്നേയുള്ളൂ. സിനിമയില്‍ വരുന്നത് ആ നിര്‍മ്മാതാവിനെ അല്ലെങ്കില്‍ സംവിധായകനെ കല്യാണം കഴിച്ച് കുഞ്ഞിനെ പ്രസവിക്കാനല്ലല്ലോ, ആ റോള്‍ ഭംഗിയാക്കാനല്ലേ. പിന്നെ എന്തുകൊണ്ട് ഇത്തരത്തിലൊരു വിവേചനമുണ്ടെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല...അഞ്ജലി പറഞ്ഞു.

Tags:    

Similar News