ഒാഖിയെ അതിജീവിച്ചവരെ കുറിച്ചുള്ള ഡോക്യുമെന്ററി: പോലീസുമായുള്ള യുദ്ധത്തിൽ സംവിധായിക
കഴിഞ്ഞ വർഷം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലകളിലുണ്ടായ ന്യൂനമർദ്ദത്തെതുടർന്ന് തമിഴ്നാട്ടിലെയും കേരളത്തിലെയും തീരദേശമേഖലകളിൽ ഒരുപാട് നാശം വിതച്ച ദുരന്തമായിരുന്നു ഒാഖി ചുഴലിക്കാറ്റ്. കണക്കുകളനുസരിച്ച് 102 പേർ മരിക്കുകയും കാണാതായ 263 പേരെ മരിച്ചുവെന്ന് കണക്കാക്കുകയും ചെയ്തു.
മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകിയെങ്കിലും ത്മിഴ്നാട് കന്യാകുമാരി ഭാഗങ്ങളിൽ ഉപജീവനം നഷ്ടപ്പെട്ടവർക്ക് ഇത് വരെ യാതൊരു സഹായസഹകരണങ്ങളും സർക്കാർ നൽകിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരെപ്പോലെത്തന്നെ മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തിയ മറ്റൊരാളായിരുന്നു തമിഴ് സംവിധായിക ദിവ്യ ഭാരതി. ഒാഖി വിതച്ച നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും മത്സ്യതൊഴിലാളികൾ നേരിടേണ്ടി വന്ന പ്രശ്നങ്ങളും സർക്കാർ നടത്തിയ മുഖംതിരിക്കൽ നടപടികളെയും മുൻനിർത്തി ‘ഒരുത്തരും വരലെ’ എന്ന പേരിൽ ദിവ്യ ഒരു ഡോക്കുമെന്ററി നിർമ്മിച്ചിരുന്നു. അതിന്റെ പേരിൽ ദുരിതമനുഭവിക്കുകയാണ് ദിവ്യ ഭാരതി.
സിനിമയുടെ ട്രൈലർ പുറത്തിറങ്ങി നാല് ദിവസത്തിന് ശേഷം നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ പോലീസ് ദിവ്യക്കെതിരെ എഫ്.എെ.ആർ ഫയൽ ചെയ്തിരുന്നു. ദേശിയ പതാകയെ അവഹേളിച്ചു, സാമുദായികപരമായി അസ്വസ്ഥതയുണ്ടാക്കി, സർക്കാരിനെ തെറ്റായ രീതിയിൽ ചിത്രീകരിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ജാമ്യം ലഭിച്ചെങ്കിലും ഒരാഴ്ചക്ക് ദിവസവും പോലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടാനും ദിവ്യ നിർബന്ധിതയായി.
സിനിമയുടെ ട്രൈലറിനെതിരെ എതിർപ്പുകൾ ഉയർന്നതിനെത്തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എൽ.മുരളിധരൻ പറഞ്ഞു. ഇരുപത്തിയഞ്ചിൽ പരം ചോദ്യങ്ങൾ പരാതിയുടെ അടിസ്ഥാനത്തിൽ ദിവ്യക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ, അന്വേഷണം അവിടെ അവസാനിച്ചില്ല. കൃസ്ത്യൻ ഭൂരിപക്ഷ
ഗ്രാമമായ കന്യാകുമാരിയിലെ തൂത്തൂർ ഗ്രാമത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച തൂത്തൂരിൽ ഡോക്കുമെന്ററി പ്രദർശിപ്പിച്ച ശേഷം ദിവ്യക്ക് ഏറ്റവും കൂടുതൽ സഹായങ്ങൾ ചെയ്ത് കൊടുത്ത ജോസ് എന്ന മത്സ്യതൊഴിലാളിയിലേക്കും അന്വേഷണമെത്തി. ചിത്രത്തിന്റെ എഡിറ്റിങ് ജോസിന്റെ അനിയത്തിയുടെ വീട്ടിലാണോ നിർവഹിച്ചത് എന്നതായിരുന്നു പ്രധാനമായും അവർക്കറിയേണ്ടിയിരുന്നത്. ചോദ്യം ചെയ്യാനായി എത്തിയ പോലീസ് തന്റെ പ്രദേശത്തെയല്ലെന്നും, മറിച്ച് നാഗർകോവിൽ പോലീസാണെന്നും ജോസ് പറഞ്ഞു.
ഒരു സാധാരണ ഡോക്കുമെന്ററി എന്നതിലുപരി രാഷ്ട്രീയ മാനം കൈവരിക്കുയാണ് ‘ഒരുത്തരും വരലെ’ എന്ന സിനിമ. വൈകാതെ തന്നെ യൂട്യൂബിൽ സിനിമ അപ്പ്ലോഡ് ചെയ്യുമെന്ന് സംവിധായിക ദിവ്യ
ഭാരതി പറഞ്ഞു. അതിന് ശേഷമുള്ള പോലീസിന്റെ പ്രതികരണം എന്തായിരിക്കുമെന്നും ദിവ്യ ചോദിക്കുന്നു. മാൻ ഹോൾ വൃത്തിയാക്കുന്നവരെക്കുറിച്ച് ദിവ്യ ചെയ്ത ‘കക്കൂസ് ‘ എന്ന ഡോക്കുമെന്ററി വിവാദങ്ങൾ സൃഷ്ടിക്കുകയും ഒരുപാട് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.