‘ശബ്ദം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു
കേൾവിയും സംസാര ശേഷിയുമില്ലാത്ത സോഫിയ, റിച്ചാർഡ് സഹോദരങ്ങൾ ശബ്ദമില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന വ്യത്യസ്തതയും സിനിമക്കുണ്ട്.
'ശബ്ദം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മലയാളത്തിലെ ബിഗ് ബജറ്റ് സിനിമയായ കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്യുന്ന ദിവസം തന്നെ ശബ്ദവും റിലീസ് ചെയ്യും. മാധ്യമ പ്രവർത്തകൻ കൂടിയായ പി.കെ. ശ്രീകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ശബ്ദം എസ്.എൽ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയന്ത് മാമ്മൻ, തോമസ് ജോസഫ് പട്ടത്താനം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ശബ്ദം സൃഷ്ടിക്കുന്ന ലോകവും അതില്ലാത്ത മറ്റൊരു ലോകവും ഒരേ ചരടിൽ കോർത്തിണക്കി കേൾവിയും സംസാരശേഷിയും ഇല്ലാത്ത ഒരു കുടുംബത്തിന്റെയും അവരുടെ സങ്കീർണതകളുടെയും കഥ പറയുകയാണ് ചിത്രം. ജയന്ത് മാമ്മന്‍ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേൾവിയും സംസാര ശേഷിയുമില്ലാത്ത സോഫിയ, റിച്ചാർഡ് സഹോദരങ്ങൾ ശബ്ദമില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന വ്യത്യസ്തതയും സിനിമക്കുണ്ട്.
കഥാകൃത്ത് ബാബു കുഴിമറ്റം, റൂബി തോമസ്, ലിനു ഐസക് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ജയകൃഷ്ണൻ ഉണ്ണികൃഷ്ണൻ ആണ് ക്യാമറ. ബിച്ചു തിരുമല, ശരത്ചന്ദ്രലാൽ എന്നിവരുടെ ഗാനങ്ങള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തും പരിസരത്തും ചിത്രീകരണം പൂർത്തിയായ ശബ്ദം റൂബി ഫിലിംസ് നവംബറിൽ തിയേറ്ററുകളിലെത്തിക്കും.