വീണ്ടും വംശീയാധിക്ഷേപം; വിമാനക്കമ്പനിക്കെതിരെ പൊട്ടിത്തെറിച്ച് ശില്‍പ ഷെട്ടി
ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിലെ ഒരു ജീവനക്കാരിയുടെ പെരുമാറ്റത്തിനെതിരെയാണ് ഇൻസ്റ്റഗ്രാമിലൂടെയുള്ള ശിൽപയുടെ രോഷപ്രകടനം.
നിറത്തിന്റെ പേരില്‍ തനിക്ക് വീണ്ടും വംശീയാധിക്ഷേപം നേരിടേണ്ടി വന്നതായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിലെ ഒരു ജീവനക്കാരിയുടെ പെരുമാറ്റത്തിനെതിരെയാണ് ഇൻസ്റ്റഗ്രാമിലൂടെയുള്ള ശിൽപയുടെ രോഷപ്രകടനം. തൊലിയുടെ നിറം കാരണം വിമാനത്താവളത്തിലെ കൗണ്ടറിലെ ഒരു ജീവനക്കാരി തന്നോട് മോശമായി പെരുമാറിയതായി ശില്‍പ പറയുന്നു. സിഡ്നിയിൽ നിന്ന് മെൽബണിലേയ്ക്കുളള യാത്രയ്ക്കിടയിലാണ് ശില്‍പ വംശീയാധിക്ഷേപത്തിനിരയായത്.
"ക്ലിയറൻസ് കൗണ്ടറിൽ വച്ച് മെൽ എന്ന ജീവനക്കാരിയാണ് മോശമായി പെരുമാറിയത്. വെള്ളക്കാരിയല്ലാത്തതുകൊണ്ട് തന്നോട് സംസാരിക്കേണ്ട എന്ന നിലപാടിലായിരുന്നു അവർ. ബിസിനസ് ക്ലാസിലായിരുന്നു എന്റെ യാത്ര. അതുകൊണ്ട് തന്നെ അനുവദനീയമായ രണ്ട് ബാഗുകൾ മാത്രമായിരുന്നു കൈവശം ഉണ്ടായിരുന്നത്. എന്നാൽ, പകുതി മാത്രം സാധനങ്ങൾ വച്ച എന്റെ ഒരു ബാഗിന് ഭാരക്കൂടുതലുണ്ടെന്നും അതുകൊണ്ട് മറ്റൊരു കൗണ്ടറിൽ പരിശോധന നടത്തണമെന്നു അവർ ശഠിച്ചു. എന്നാൽ, ഭാരക്കൂടുതലുള്ള ലഗ്ഗേജ് പരിശോധിക്കേണ്ട കൗണ്ടറിലെ സ്ത്രീ വളരെ മാന്യമായാണ് എന്നോട് പെരുമാറിയത്. എന്റെ ബാഗിന് ഭാരക്കൂടുതലില്ലെന്ന് അവർ പറഞ്ഞു. ഞാൻ വീണ്ടും പഴയ കൗണ്ടറിലേയ്ക്ക് പോയി. എന്നാൽ, അവർ വീണ്ടും പരിശോധിക്കാൻ കൂട്ടാക്കിയില്ല. കൗണ്ടർ അടയ്ക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഒരു കൗണ്ടറിൽ നിന്ന് മറ്റൊരു കൗണ്ടറിലേയ്ക്ക് ഓടുകയായിരുന്നു ഞാൻ. അഹങ്കാരിയായ മെല്ലിന് എന്നോട് എന്തോ പ്രശ്നമുള്ളതായാണ് എനിക്ക് തോന്നിയത്. ഈ വിഷയം ക്വാണ്ടാസിന്റെ ശ്രദ്ധയിൽ പെടുത്താനും പരിഹാരം കാണാനും വേണ്ടി മാത്രമാണ് ഞാൻ ഇത്രയും കുറിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ജീവനക്കാരെ മാന്യമായി പെരുമാറാൻ പഠിപ്പിക്കണം. തൊലിയുടെ നിറത്തിനനുസരിച്ച് മാറാനുള്ളതല്ല പരിഗണന. ഞങ്ങൾ ഇങ്ങനെ തള്ളിവീഴ്ത്തേണ്ടവരല്ല, മാത്രവുമല്ല, ഇത്തരം അഹങ്കാരം വക വച്ചുതരികയുമില്ല. ഈ ചിത്രത്തിലുള്ള ബാഗ് അമിത ഭാരമുള്ളതാണോ? ശില്‍ പ ചോദിക്കുന്നു. ഒപ്പം എയര്‍പോട്ടിലിരിക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടിട്ടുണ്ട്.
ഇതാദ്യമായിട്ടല്ല ശില്‍പ വര്‍ണവെറിക്ക് ഇരയാകുന്നത്. മുന്‍പ് 2007ല്‍ ബ്രിട്ടീഷ് റിയാലിറ്റി ഷോ ആയ സെലിബ്രിറ്റി ബിഗ് ബ്രദര്‍ എന്ന ഷോയില്‍ വച്ചും താരത്തിന് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. അധിക്ഷേപത്തിന് ഇരയായെങ്കിലും 69ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ശില്‍പ വിജയിക്കുകയും ചെയ്തു.