ഇരട്ടക്കുഴലുമായി നാലം വാരത്തിലേക്ക് റൈഫിൾ ക്ലബ്

കേരളത്തിൽ 150 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരം 180ലേക്കും മൂന്നാം വാരം 191 തിയേറ്ററുകളിലും എത്തിയിരുന്നു

Update: 2025-01-10 10:53 GMT
Editor : ശരത് പി | By : Web Desk
Advertising

മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ 'റൈഫിൾ ക്ലബ്ബ്' നാലാം വാരത്തിലേക്ക്. കേരളത്തിൽ 150 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരം 180ലേക്കും മൂന്നാം വാരം 191 തിയേറ്ററുകളിലും എത്തിയിരുന്നു. കുടുംബ പ്രേക്ഷകരുടേയും യുവ ജനങ്ങളുടേയും പ്രായഭേദമെന്യേ ഏവരുടേയും പിന്തുണയോടെ നിറഞ്ഞ സദസ്സിലാണ് ചിത്രത്തിൻറെ പ്രദർശനം നാലാം വാരവും തുടരുന്നത്. ഒട്ടേറെ പുതിയ സിനിമകൾ തിയേറ്ററുകളിലെത്തിയിട്ടും നൂറിലധികം സ്‌ക്രീനുകളിൽ ഇപ്പോഴും ചിത്രം പ്രദർശനം തുടരുകയാണ്.

ശ്രീ ഗോകുലം മൂവീസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. റൈഫിൾ ക്ലബ്ബിലൂടെ, ഒരിക്കൽകൂടി തന്നിലെ സംവിധായക മികവ് അടയാളപ്പെടുത്തിയിരിക്കുകയാണ് ആഷിഖ് അബു.

സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ മുൻനിർത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം. വേട്ടക്കാരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക്, ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെ ജീവിതം അടുത്തറിയാനുമായി ഒരാൾ എത്തുന്നതും തുടർന്നുള്ള അപ്രതീക്ഷിതമായ ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വിജയരാഘവനും ദിലീഷ് പോത്തനും വാണി വിശ്വനാഥും ദർശന രാജേന്ദ്രനും ഉണ്ണിമായ പ്രസാദും സുരഭി ലക്ഷ്മിയും സുരേഷ് കൃഷ്ണയും വിഷ്ണു അഗസ്ത്യയുമെല്ലാം സിനിമയിൽ ശക്തമായ കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു. അതോടൊപ്പം അനുരാഗ് കശ്യപ്, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്‌ഡെ, റംസാൻ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ, കഥാപാത്രങ്ങൾക്കെല്ലാം അവരുടേതായൊരു സ്‌പേസ് നൽകിയിട്ടുണ്ട് തിരക്കഥ ഒരുക്കിയിരിക്കുന്ന ദിലീഷ് നായർ, ശ്യാം പുഷ്‌കരൻ, ഷറഫു, സുഹാസ് എന്നിവരുടെ കൂട്ടുകെട്ട്. ചിത്രം ബോക്‌സോഫീസിൽ വൻ ബുക്കിംഗുമായാണ് കുതിപ്പ് തുടരുന്നത്. റെട്രോ സ്‌റ്റൈൽ രീതിയിലാണ് ആഷിഖ് അബു റൈഫിൾ ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിൻറെ സിനിമോട്ടോഗ്രാഫി. റെക്‌സ് വിജയൻറെ മ്യൂസിക്കും വി സാജൻറെ എഡിറ്റിംഗും സിനിമയുടെ ഹൈലൈറ്റാണ്.

ഒ പി എം സിനിമാസിൻറെ ബാനറിൽ ആഷിഖ് അബു, വിൻസൻറ് വടക്കൻ, വിശാൽ വിൻസൻറ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിൻറെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്‌സ് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, സ്റ്റിൽസ്: റോഷൻ, അർജുൻ കല്ലിങ്കൽ, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News