'സിനിമയിലല്ല, ഇപ്പോൾ ശ്രദ്ധ റേസിങ്ങിൽ'; കരിയർ പ്ലാൻ വെളിപ്പെടുത്തി അജിത്

ദുബൈയിൽ നടക്കുന്ന കാർ റേസിങ് ടൂർണമെന്റിന്റെ യോഗ്യത മത്സരങ്ങൾക്കിടെയായിരുന്നു അജിത് മാധ്യമങ്ങളോട് സംസാരിച്ചത്

Update: 2025-01-11 08:02 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ദുബൈ: സിനിമയേക്കാൾ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക റേസിങ്ങിലെന്ന് തമിഴ് നടൻ അജിത്. റേസിങ് സീസണ്‍ ആരംഭിക്കുന്നതുവരെ താന്‍ ഒരു സിനിമയ്ക്കായും കരാര്‍ ഒപ്പുവെയ്ക്കില്ലെന്ന് അജിത് വ്യക്തമാക്കി. പകരം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ അഭിനയിക്കാനാണ് പദ്ധതി. ദുബൈയിൽ നടക്കുന്ന റേസിംഗ് ടൂർണമെന്റിന്റെ യോഗ്യത മത്സരങ്ങൾക്കിടെയായിരുന്നു അജിത് അഭിനയവും റേസിംഗും ഒരുമിച്ച് കൊണ്ടുപോകുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്.

അടുത്തിടെ 'വിദാമുയാർച്ചി' എന്ന അജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണം മാറ്റിവച്ചിരുന്നു. പിന്നാലെയാണ് കരിയർ പ്ലാനുകൾ സംബന്ധിച്ച അജിത്തിന്റെ പ്രതികരണം. നിലവിൽ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന 24എച്ച് ദുബൈ 2025 ടൂർണമെന്റിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് താരം. ഒരു വർഷത്തിനു ശേഷമാണ് അജിത് റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തുന്നത്.

ടൂർണമെന്റുകളിൽനിന്ന് മാറിനിൽക്കണമെന്ന് ഒപ്പുവയ്ക്കുന്ന സിനിമ കരാറുകൾ ആവശ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് "എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് എന്നോട് പറയേണ്ടതില്ല. സീസൺ ആരംഭിക്കുന്നതുവരെ, ഞാൻ സിനിമകളിൽ ഒപ്പുവെക്കില്ല. ഒക്ടോബർ മുതൽ മാർച്ച് വരെ, മിക്കവാറും സിനിമകൾ ചെയ്യും. ആരും വിഷമിക്കേണ്ട കാര്യമില്ല. ഞാൻ സിനിമകളിൽ അഭിനയിക്കും" എന്നായിരുന്നു തമിഴ് സൂപ്പർതാരത്തിന്റെ മറുപടി.

പതിനെട്ടാം വയസിൽ മോട്ടോർസൈക്കിൾ റേസിംഗ് മത്സരങ്ങളിൽ അജിത് പങ്കെടുത്തിരുന്നു. 21 വയസുവരെ റേസിംഗ് തുടർന്നെങ്കിലും പിന്നീട് സിനിമകളിൽ സജീവമായി. എന്നാൽ ഇപ്പോൾ വീണ്ടും കാർ റേസിങ്ങുകളിൽ സജീവമാകുകയാണ് അജിത്. 'അജിത് കുമാർ റേസിങ്' എന്ന ടീമിന്റെ ഉടമയാണ് അജിത്. പോർഷെ 992 മോഡൽ കാറിലാണ് അജിത്തിന്റെ ടീം മത്സരത്തിനിറങ്ങുന്നത്. അടുത്തിടെ പരിശീലനത്തിനിടെ അജിത് ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ടിരുന്നു. 'ഗുഡ് ബാഡ് അഗ്ലി'യാണ് ചിത്രീകരണം പൂർത്തിയായ അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഏപ്രിൽ പത്തിന് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദിക് രവിചന്ദ്രനാണ്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News