ഇമേജില്‍ തളയ്ക്കപ്പെട്ട വേഷങ്ങളാണ് കിട്ടിയിരുന്നത്, പക്ഷേ ഞാന്‍ അതില്‍ സംതൃപ്തനായിരുന്നു; സുധീഷ്
നമ്മള്‍ എത്ര അഭിനയിച്ചാലും സിനിമ ഹിറ്റാവണം. മണിച്ചിത്രത്താഴൊക്കെ അങ്ങിനെയായിരുന്നു.
തീവണ്ടി നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ടൊവിനോയുടെ ബിനീഷ് ദാമോദരനൊപ്പം കൂടെപ്പോരുന്ന കഥാപാത്രമായിരുന്നു സുധീഷിന്റെ അമ്മാവന്‍. ഇതുവരെ കാണാത്ത സുധീഷിന്റെ മറ്റൊരു മുഖമായിരുന്നു തീവണ്ടിയിലെ അമ്മാവന്‍. ഇന്നലെ വരെ കോളേജ് കുമാരന്‍, അനിയന്‍, ചേട്ടന്‍, കൂട്ടുകാരന്‍ വേഷത്തില്‍ കണ്ടിരുന്ന സുധീഷിന്റെ ഞെട്ടിപ്പിക്കുന്ന മാറ്റത്തെ പ്രേക്ഷകര്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. തീവണ്ടിയിലെ കഥാപാത്രത്തെക്കുറിച്ചും മറ്റ് സിനിമാവിശേഷങ്ങളെക്കുറിച്ചും സുധീഷ് മീഡിയവണ്‍ മോര്‍ണിംഗ് ഷോയില്‍ സംസാരിക്കുന്നു.
ഷൂട്ടിംഗ് സമയത്ത് അമ്മാവന്റെ ഹാങോവര്‍ ഉണ്ടായിരുന്നു, പിന്നീട് അത് മാറി. ഇപ്പോള്‍ തീവണ്ടി വീണ്ടും തിയറ്ററിലെത്തിയപ്പോള്‍ ഇപ്പോള്‍ കുറച്ചു ബാക്കിയുണ്ട്. പ്രേക്ഷകര്‍ അമ്മാവനെ കൈ നീട്ടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സുധീഷ് പറഞ്ഞു. സിനിമാ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പേ പറഞ്ഞിരുന്നു താടി വടിക്കരുതെന്ന്. അതുകൊണ്ട് താടിയുമായിട്ടാണ് ലൊക്കേഷനില്‍ എത്തിയത്. പക്ഷെ മൊത്തം വൈറ്റ് വാഷ് ചെയ്ത് ആകെ മാറ്റിമറിച്ചു. അങ്ങിനെ മൊത്തത്തില്‍ അമ്മാവന്‍ ലുക്കായി.
തീവണ്ടി ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് വരെ എന്നെ എല്ലാവരും കിണ്ടി എന്നാണ് വിളിച്ചോണ്ടിരിന്നത്. ഇപ്പോള്‍ അത് അമ്മാവന്‍ എന്നാക്കി മാറ്റി. ആദ്യം ആ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ഒരു പാട് ത്രില്ലടിച്ചു. ജനങ്ങളില്‍ നിന്നും ഇത്രയധികം റെസ്പോണ്‍സ് കിട്ടിയ കഥാപാത്രം തീവണ്ടിയിലേതാണെന്നും സുധീഷ് പറയുന്നു.
സിനിമ എന്താണെന്നല്ല, കിട്ടിയ വേഷങ്ങള്‍ നന്നായി ചെയ്യാനാണ് എന്റെ അച്ഛന്‍ പഠിപ്പിച്ചത്. ഇമേജില്‍ തളയ്ക്കപ്പെട്ട വേഷങ്ങളാണ് കിട്ടിയിരുന്നത്. പക്ഷേ ഞാന്‍ അതില്‍ സംതൃപ്തനായിരുന്നു. പക്ഷേ ഈയിടെ ഒരു ബ്രേക്ക് ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അത് സംഭവിച്ചു. ആ പടം നിറഞ്ഞ സദസില്‍ ഓടുകയും ചെയ്തു. സിനിമകള്‍ തീരെ കാണാറില്ലാത്ത ആളുകള്‍ പോലും തീവണ്ടി കണ്ടു. നമ്മള്‍ എത്ര അഭിനയിച്ചാലും സിനിമ ഹിറ്റാവണം. മണിച്ചിത്രത്താഴൊക്കെ അങ്ങിനെയായിരുന്നു. കഴിവിനും കഠിനാധ്വാനത്തിനും ഒപ്പം ഭാഗ്യവും വേണം. ഇനി ചെയ്യുമ്പോള്‍ നല്ല വേഷങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. കഴിഞ്ഞ 31 വര്‍ഷത്തെ സിനിമാ ജീവിതം നോക്കുമ്പോള്‍ എനിക്കിഷ്ടപ്പെട്ട തൊഴില്‍ ചെയ്ത് സുഖമായി ജീവിക്കാന്‍ സാധിച്ചു എന്നതാണ്.
ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ളയാണ് പുതിയ ചിത്രം. ആസിഫിന്റെ ചേട്ടന്റെ വേഷത്തിലാണ് ഞാന്‍. ഒരു പാട് സീനുകളില്ലെങ്കിലും പ്രാധാന്യമുള്ള കഥാപാത്രമാണ്.തലശ്ശേരി ഭാഷയിലാണ് കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്...സുധീഷ് പറഞ്ഞു.