അന്ന് നാനാ പടേക്കര്‍ക്കും തനുശ്രീക്കുമിടയില്‍ സംഭവിച്ചത്; ദൃക്സാക്ഷിയായ മാധ്യമപ്രവര്‍ത്തക പറയുന്നു

അന്ന് ഹോണ്‍ ഓകെ പ്ലീസ് സിനിമയുടെ സെറ്റിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകയായ ജാനിസ് സിക്കേറ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 

Update: 2018-09-27 03:52 GMT
Advertising

ബോളിവുഡ് താരം നാനാ പടേക്കര്‍ക്കെതിരെ സഹപ്രവര്‍ത്തകയായ തനുശ്രീ ദത്ത ലൈംഗികാരോപണവുമായി മുന്നോട്ടുവന്നത് ബോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. 2008ല്‍ നടന്ന പീഡനത്തെക്കുറിച്ച് നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചാനല്‍ അഭിമുഖത്തിലാണ് തനുശ്രീ തുറന്നു പറഞ്ഞത്. അന്ന് അതിനെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു.

നാനാ പടേക്കറുടെ ഭാഗത്ത് നിന്ന് ഇതേക്കുറിച്ച് പ്രതികരണമുണ്ടായെങ്കിലും അന്ന് ഹോണ്‍ ഓകെ പ്ലീസ് സിനിമയുടെ സെറ്റിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകയായ ജാനിസ് സിക്കേറ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ജാനിസിന്റെ വെളിപ്പെടുത്തല്‍. ആജ് തകിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ജാനിസ്.

ജാനിസിന്റെ വാക്കുകളിലേക്ക്

ചില സംഭവങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും നമ്മുടെ ഓര്‍മ്മയില്‍ തെളിഞ്ഞ് നില്‍ക്കും. ഹോണ്‍ ഓക്കെ പ്ലീസിന്റെ സെറ്റില്‍ അന്ന് ഞാനുമുണ്ടായിരുന്നു. 2008ല്‍ പത്രപ്രവര്‍ത്തക രംഗത്തെ തുടക്കക്കാരിയായിരുന്ന സമയത്ത് ആജ് തകിന് വേണ്ടി ഗാനരംഗങ്ങള്‍ കവര്‍ ചെയ്യാനായിരുന്നു ലൊക്കേഷനിലെത്തിയത്. ഞാന്‍ ചെല്ലുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. നായികയുണ്ടാക്കിയ പ്രശ്നങ്ങള്‍ മൂലമാണ് ചിത്രീകരണം നിര്‍ത്തേണ്ടി വന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. തൊട്ടപ്പുറത്തായി നായിക തനുശ്രീ ഇരിക്കുന്നുണ്ടായിരുന്നു. അവരെ വളരെ അസ്വസ്ഥയായിട്ടാണ് കണ്ടത്. നാനാ പടേക്കറും കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയും നിര്‍മ്മാതാവും എന്തോ സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്നു. അമ്പതോളം ഡാന്‍സുകാര്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. നായിക സഹകരിക്കുന്നില്ല എന്നായിരുന്നു ഔദ്യോഗിക സ്ഥിരീകരണം.

കുറച്ചു കഴിഞ്ഞപ്പോള്‍ ഷൂട്ടിംഗ് പുനരാംഭിച്ചു. തനുശ്രീയും തന്റെ ജോലി തുടങ്ങി. രണ്ട്, മൂന്ന് ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ നാനാ പടേക്കറും ഇവരോടൊപ്പം ചേര്‍ന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ തനുശ്രീ സെറ്റില്‍ നിന്നിറങ്ങിപ്പോയി കാരവാനില്‍ കയറി വാതിലടക്കുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് അവര്‍ പുറത്തേക്ക് ഇറങ്ങി വന്നതേയില്ല. ഷൂട്ടിംഗ് വീണ്ടു തടസപ്പെട്ടു.

കുറച്ചു കഴിഞ്ഞപ്പോള്‍ തനുശ്രീയുടെ മാതാപിതാക്കള്‍ അവരെ കാറില്‍ കയറ്റിക്കൊണ്ടുപോയി. ഇതിനിടിയില്‍ അവരെ സെറ്റിലുണ്ടായിരുന്നവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. കാറിന്റെ ചില്ലുകള്‍ പൊട്ടുകയും ചെയ്തു. തനുശ്രീയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാത്രിയായപ്പോള്‍ എന്നോട് സംസാരിക്കണമെന്നാവശ്യപ്പെട്ട് തനുശ്രീ എന്നെ വിളിച്ചു. നിറഞ്ഞ കണ്ണുകളോടെ നില്‍ക്കുന്ന തനുശ്രീയെയാണ് അവരുടെ താമസ സ്ഥലത്തെത്തിയപ്പോള്‍ ഞാന്‍ കണ്ടത്. അവിടെ എന്താണ് സംഭവിച്ചതെന്ന് അവര്‍ തുറന്നു പറഞ്ഞു. മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷമാണ് ഗാനരംഗത്തിന്റെ ചിത്രീകരണം ആരംഭിച്ചതെന്ന് തനുശ്രീ പറഞ്ഞു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ ഓരോ ഡാന്‍സ് സ്റ്റെപ്പുകളും മാറ്റിക്കൊണ്ടിരുന്നു. ഇതില്‍ നാനാ പടേക്കര്‍ക്ക് പങ്കൊന്നുമുണ്ടായിരുന്നില്ല, പക്ഷേ തനുശ്രീക്കൊപ്പം ഡാന്‍സ് ചെയ്യണമെന്നാവശ്യപ്പെട്ട് അയാള്‍ നിര്‍മ്മാതാവിനെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. തുടര്‍ന്ന് സമ്മര്‍ദ്ദം മൂലം പടേക്കര്‍ക്കൊപ്പമുള്ള രംഗങ്ങള്‍ കൂടി ഗാനരംഗത്ത് കൂട്ടിച്ചേര്‍ത്തു. ചിത്രീകരണ സമയത്ത് നാനാ പടേക്കര്‍ തനുശ്രീയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തു. പിന്നീടാണ് താരം സെറ്റില്‍ നിന്നിറങ്ങിപ്പോയത്.

അന്ന് തങ്ങളുടെ സംസാരം മണിക്കൂറുകളോളം നീണ്ടുനിന്നതായി ജാനിസ് പറയുന്നു. ഈ സംഭവം കഴിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇത് ബോളിവുഡിലെ ആദ്യത്തെ സംഭവമല്ല. പലരും തങ്ങളുടെ കരിയറിനെക്കുറിച്ചോര്‍ത്ത് തുറന്ന് പറയാറില്ലെന്ന് മാത്രം. ജോലിക്ക് യോഗ്യയല്ല എന്ന് മുദ്ര കുത്തപ്പെടുമെന്ന് ഭയന്ന് നൂറ് കണക്കിനല്ല, ആയിരക്കണക്കിന് സ്ത്രീകളാണ് തങ്ങള്‍ക്ക് നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് മൌനം പാലിക്കുന്നതെന്നും ജാനിസ് ട്വിറ്ററില്‍ കുറിച്ചു.

ये भी पà¥�ें- താനും ലൈംഗിക പീഡനത്തിനിരയായി; നാനാ പടേക്കര്‍ക്കെതിരെ ഗുരുതര ആരോപണവുമായി തനുശ്രീ ദത്ത

Tags:    

Similar News