ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനമെടുത്തിട്ടില്ല, ഏകകണ്ഠമായ തീരുമാനങ്ങൾ മോഹന്‍ലാലിന്റെ തലയില്‍ മാത്രം കെട്ടിവയ്ക്കണ്ട; ഡബ്ള്യൂ.സി.സിക്ക് അമ്മയുടെ മറുപടി

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് അമ്മ നാളിതുവരെയും സ്വീകരിച്ചിട്ടുള്ളത്. കുറ്റാരോപിതൻ നിരപരാധിയാണ് എന്ന് കോടതി വിധിക്കുന്നതു വരെ അയാളെ അപരാധിയായിട്ട് കണക്കാക്കണമെന്ന വാദവുമുണ്ട്.

Update: 2018-10-15 04:54 GMT
Advertising

കഴിഞ്ഞ ദിവസം വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ള്യൂ.സി.സി നടത്തിയ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി അമ്മ. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് അമ്മ എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് അമ്മ നാളിതുവരെയും സ്വീകരിച്ചിട്ടുള്ളത്. ഇത്തരം കേസുകളിൽ കുറ്റവാളി എന്ന് കോടതി വിധിക്കുന്നതു വരെ കുറ്റാരോപിതൻ നിരപരാധിയാണ് എന്ന് വാദിക്കുന്നവരുണ്ട്; കുറ്റാരോപിതൻ നിരപരാധിയാണ് എന്ന് കോടതി വിധിക്കുന്നതു വരെ അയാളെ അപരാധിയായിട്ട് കണക്കാക്കണമെന്ന വാദവുമുണ്ട്. ആദ്യത്തെ അഭിപ്രായത്തിന് നിയമത്തിന്റെ പിൻബലവും രണ്ടാമത്തെ അഭിപ്രായത്തിന് ധാർമ്മികതയുടെ അടിത്തറയുമാണ് ഉള്ളതെന്ന് അമ്മയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ദിലീപിനെ പുറത്താക്കാൻ എക്സിക്യൂട്ടീവ് കമ്മിററി എടുത്ത തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് കണ്ടെത്തി ആ തീരുമാനം മരവിപ്പിച്ച് ജനറൽ ബോഡിക്ക് വിടാൻ തുടർന്നു കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. പുറത്താക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിററി തീരുമാനം ശരിയായിരുന്നില്ല എന്ന നിലപാടാണ് ജനറൽ ബോഡി എടുത്തത് . ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ അവിടെ നടന്നിട്ടില്ല എന്നു സമ്മതിക്കുമ്പോൾത്തന്നെ, കോടതി വിധി വരുന്നതിനു മുൻപ് പുറത്താക്കുന്നത് ശരിയല്ല എന്ന അഭിപ്രായത്തിനായിരുന്നു അവിടെ മുൻതൂക്കം. ഈ വിഷയം അമ്മ കൈകാര്യം ചെയ്ത രീതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയ രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായി അമ്മ ചർച്ച നടത്തി. അവരുടെ ആവശ്യങ്ങൾ കേട്ട ശേഷം എല്ലാ കാര്യങ്ങളിലും ഒരു ഒത്തുതീർപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും, ചർച്ചയിൽ പങ്കെടുത്ത രേവതിയും പാർവതിയും പത്മപ്രിയയും തമ്മിൽ ധാരണയായി.

അതനുസരിച്ച് ദിലീപിനെ പുറത്താക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറൽ ബോഡി റദ്ദാക്കിയത് വിദഗ്ദ്ധ നിയമോപദേശത്തിന് വിടാൻ ഇരുകൂട്ടരും തീരുമാനിച്ചു. അമ്മയ്ക്ക് ലഭിച്ച ഉപദേശം ഒരു ജനറൽ ബോഡി വിളിച്ചു കൂട്ടി തീരുമാനം എടുക്കണം എന്നതായിരുന്നു.എന്നാൽ രേവതിയ്ക്കും പാർവതിയ്ക്കും പത്മപ്രിയയ്ക്കും ലഭിച്ച ഉപദേശം എക്സിക്യൂട്ടീവ് കമ്മിറ്റിക്കു തന്നെ തീരുമാനമെടുക്കാം എന്നതായിരുന്നു. തിലകന്റെ കാര്യവും അവർ ചൂണ്ടിക്കാട്ടി. എന്നാൽ തിലകന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറൽ ബോഡി ശരി വയ്ക്കുകയായിരുന്നു. ദിലീപിന്റെ വിഷയത്തിൽ ജനറൽ ബോഡി എടുത്ത തീരുമാനമായതു കൊണ്ട് അത് റദ്ദാക്കാനുള്ള അവകാശവും ജനറൽ ബോഡിക്ക് മാത്രമാണുള്ളത് എന്ന വാദമാണ് അമ്മയുടെ അഡ്വക്കേറ്റ് മുന്നോട്ടു വച്ചത്. അമ്മയിൽ നിന്നും രാജി വച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളുവെന്ന് പ്രസിഡന്റ് മോഹൻലാൽ ആവർത്തിച്ചു വ്യക്തമാക്കിയതാണ്. മാത്രമല്ല എല്ലാ വിഷയങ്ങളിലും സ്നേഹത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ മുന്നോട്ട് പോകാമെന്ന് രേവതിയ്ക്കും പാർവതിയ്ക്കും പത്മപ്രിയയ്ക്കും ഉറപ്പു നൽകിയതുമാണ് .കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായ തീരുമാനങ്ങൾ മോഹൻലാലിന്റെ മാത്രം തലയിൽ കെട്ടിവച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

രേവതിയും പാർവതിയും പത്മപ്രിയയും ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അമ്മയുടെ ശ്രമങ്ങൾക്കിടയിലാണ് ചരിത്രം കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും വലിയ പ്രളയം കേരളത്തെ ഗ്രസിച്ചത്. കവിയൂർ പൊന്നമ്മ ഉൾപ്പടെയുള്ള അമ്മയുടെ പല അംഗങ്ങൾക്കും ഈ പ്രളയത്തിന്റെ ദുരന്തങ്ങൾ അനുഭവിക്കേണ്ടി വന്നു. അവർക്കു വേണ്ടിയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് അമ്മ കൂടുതൽ പ്രാധാന്യം നൽകിയതായും അമ്മയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ये भी पà¥�ें- മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് ഡബ്ല്യു.സി.സി; എല്ലാം തുറന്നുപറഞ്ഞ് നടിമാര്‍

Tags:    

Similar News