മഞ്ജു വാര്യരുടെ മൗനത്തിന് കാരണം; ലിബര്‍ട്ടി ബഷീര്‍ പറയുന്നു

വനിതാ കൂട്ടായ്മയ്ക്കായി ധൈര്യം കാണിച്ചവരെ അഭിനന്ദിക്കണം. ചാനലില്‍ വരുന്ന നാലഞ്ച് പേര്‍ മാത്രമേ ഇവരുടെ ഒപ്പം ഉള്ളൂ എന്ന് വിചാരിക്കരുത്. നല്ലൊരു വിഭാഗം ഇവര്‍ക്ക് പിന്തുണയുണ്ട്.

Update: 2018-10-17 03:48 GMT
Advertising

വനിതാ കൂട്ടായ്മയായ ഡബ്ള്യൂ.സി.സിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നടി മഞ്ജു വാര്യരുടെ അസാന്നിധ്യം ചര്‍ച്ചക്കിടയാക്കിയിരുന്നു. മഞ്ജുവിന്റെ കൂടെ നേതൃത്വത്തില്‍ തുടങ്ങിയ സംഘടന നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മഞ്ജു ഇല്ലാതിരുന്നത് സംഘടനക്കുള്ളില്‍ തന്നെ പടലപ്പിണക്കമുണ്ടായതിന് തെളിവാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മഞ്ജു വാര്യരുടെ നിശബ്ദത അതുകൊണ്ടൊന്നുമല്ലെന്നും അവര്‍ മൌനമായി പോരാട്ടം തുടരുകയാണെന്നും നിര്‍മ്മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ഒപ്പം വനിതാ കൂട്ടായ്മയുടെ ആരോപണങ്ങള്‍ നൂറു ശതമാനം കഴമ്പുള്ളതാണെന്നും താന്‍ വനിതാ കൂട്ടായ്മയ്‌ക്കൊപ്പമാണെന്നും ഒരു മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വനിതാ കൂട്ടായ്മയ്ക്കായി ധൈര്യം കാണിച്ചവരെ അഭിനന്ദിക്കണം. ചാനലില്‍ വരുന്ന നാലഞ്ച് പേര്‍ മാത്രമേ ഇവരുടെ ഒപ്പം ഉള്ളൂ എന്ന് വിചാരിക്കരുത്. നല്ലൊരു വിഭാഗം ഇവര്‍ക്ക് പിന്തുണയുണ്ട്. മഞ്ജുവാര്യര്‍ എന്തുകൊണ്ട് ഇതില്‍ പങ്കെടുത്തില്ലെന്ന് ചോദിക്കുന്നവരുണ്ട്. അതിന് പിന്നില്‍ കാരണമുണ്ട്. അവര്‍ മോഹന്‍ലാലിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതാണ്. അവര്‍ സിനിമയില്‍ സജീവമാണ്. അതുകൊണ്ട് അവര്‍ നിശബ്ദരായിരിക്കുന്നത്. പക്ഷെ മനസ് കൊണ്ട് മഞ്ജു ആ കുട്ടിയ്‌ക്കൊപ്പമാണ്. മഞ്ജുവാര്യര്‍ ഇവരെ വിട്ടുപോകില്ല. കാരണം ആ കുട്ടിയ്ക്ക് വേണ്ടിയാണ് മഞ്ജുവാര്യര്‍ എല്ലാം സഹിച്ചത്. ഈ കുട്ടിയ്ക്ക് വേണ്ടിയാണ് വനിതാ കൂട്ടായ്മ ഉണ്ടായത്. അവര്‍ നിശബ്ദരായി ഇരിക്കുന്നുവെന്ന് കരുതി മിണ്ടുന്നില്ലെന്ന് വിചാരിക്കണ്ട. അവര്‍ അമ്മയില്‍ നിന്നും രാജിവയ്ക്കില്ല, അതിനുള്ളില്‍ നിന്ന് തന്നെ പോരാടുമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു .

ഇന്ത്യന്‍ സിനിമയില്‍ കേരളത്തില്‍ മാത്രമേ ഇത്ര വൃത്തികേട് കാണൂവെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. നടന്മാര്‍ക്കെതിരെ ഇവിടെ ആരോപണം ഉയരുകയാണ്. മുകേഷ്, അലന്‍സിയര്‍… അങ്ങനെ മറ്റ് ഭാഷകളില്‍ ആരോപണം ഉയര്‍ത്തിയവര്‍ക്കൊപ്പമാണ് സിനിമാ ലോകം. ഇവിടെ അങ്ങനെയല്ല. ആര്‍ട്ടിസ്റ്റുകളോടുള്ള ആരാധനയാണിവിടെ. അവിടെ സ്ത്രീയും പുരുഷനും ഒറ്റക്കെട്ടായി നില്‍ക്കും. കേരളത്തില്‍ വിചിത്രമാണെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു .

Tags:    

Similar News