ലൈംഗികചൂഷണങ്ങളെ നിസ്സാരവല്‍ക്കരിക്കരുത്; അമ്മക്കെതിരെ വീണ്ടും ഡബ്ല്യു.സി.സി
രാജ്യം മി ടൂവിനെ ശക്തമായി പിന്തുണക്കുമ്പോള്‍ പരസ്പരവിരുദ്ധമായ പ്രസ്താവനകളും സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും അമ്മയില്‍ നിന്നും ഉണ്ടാകുന്നത് ദൗർഭാഗ്യകരമെന്ന് ഡബ്ല്യു.സി.സി
കുറ്റാരോപിതനായ ദിലീപ് ഇപ്പോൾ അമ്മയുടെ അംഗം അല്ല എന്ന വാർത്ത സ്വാഗതം ചെയ്യുന്നുവെങ്കിലും ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയിൽ അതിയായ നിരാശ രേഖപ്പെടുത്തുന്നുവെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന് സിനിമ കലക്റ്റീവ് വ്യക്തമാക്കി. രാജ്യം മി ടൂ പോലെയുള്ള തുറന്നുപറച്ചിലുകളെ ശക്തമായി പിന്തുണക്കുമ്പോള്‍ പരസ്പരവിരുദ്ധമായ പ്രസ്താവനകളും ഉൾപ്പോരുകളും സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും അമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി. മലയാള സിനിമ ലോകത്ത് നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും അത്തരത്തിലുള്ള ചൂഷണങ്ങളെ നിസ്സാരവൽക്കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടുമുള്ള ശക്തമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നുവെന്നും ഡബ്ല്യു.സി.സി ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഡബ്ല്യു.സി.സി എന്ന കൂട്ടായ്മക്ക് സിനിമ എന്ന മാധ്യമം നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന ശക്തമായ സ്വാധീനത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ട്. ഉത്തരവാദിത്വമുള്ള കലാകാരന്മാർ എന്ന നിലയിൽ നമ്മുടെ സിനിമ മേഖലയുടെ ക്ഷേമത്തിനും ഉന്നമനത്തിനും നിലവിലുള്ള പ്രവർത്തന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഡബ്ല്യു.സി.സി പ്രവർത്തിച്ചുകൊണ്ടിരിക്കും. തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ്, ശ്രീ ദേവിക, ശ്രുതി ഹരിഹരൻ എന്നിവരെ പിന്തുണയ്ക്കുന്നുവെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.
മുന്നോട്ടുവെച്ച അപേക്ഷകളോടും നിർദേശങ്ങളോടും അനുകൂലമായി പ്രതികരിച്ച കേരള സർക്കാരിനോട് നന്ദിയുണ്ടെന്ന് ഡബ്ല്യു.സി.സി വ്യക്തമാക്കി. wcc.home.blog എന്ന ബ്ലോഗും ഡബ്ല്യു.സി.സി തുടങ്ങി. ഡബ്ല്യു.സി.സിയോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ ഉള്ള ഒരു ഇടമാണ് ലക്ഷ്യമെന്നും കൂട്ടായ്മ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കുറ്റാരോപിതൻ ആയ ശ്രീ ദിലീപ് ഇപ്പോൾ A.M.M.Aയുടെ അംഗം അല്ല എന്ന വാർത്ത ഞങ്ങൾ സ്വാഗതം ചെയ്യുന്നു . എന്നിരുന്നാലും...
Posted by Women in Cinema Collective on Monday, October 22, 2018