ഒരുപാട് പേർ പരിഹസിച്ചിട്ടുണ്ട്, അഭിനയം നിർത്താന്‍ വരെ പറഞ്ഞു; വെളിപ്പെടുത്തി ബാബു ആന്റണി
‘ഒരുപാട് പേർ എന്നോട് മോശമായി സംസാരിച്ചിട്ടുണ്ട്. അഭിനയം നിർത്തുന്നതാണ് നല്ലതെന്ന് പറഞ്ഞ സാഹചര്യങ്ങളൊക്കെയുണ്ട്. എന്നാല്‍ അതൊന്നും വകവെക്കാതെ പിടിച്ചു നിന്നു, തിരിച്ചുവന്നു. അതിനൊക്കെ കാരണം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്.’–കായംകുളം കൊച്ചുണ്ണിയുടെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ ഫെയ്സ്ബുക്ക് ലൈവില്‍ ബാബു ആന്റണി പറഞ്ഞു. തങ്ങള്‍ എന്ന കഥാപാത്രത്തിന് ലഭിച്ച വമ്പിച്ച വരവേൽപിന് നന്ദി പറയുന്നുവെന്ന് ബാബു ആന്റണി പറഞ്ഞു.
‘റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ ഉൾപ്പെടുന്ന അണിയറ പ്രവര്‍ത്തകർ ഒരുപാട് കഷ്ടപ്പെട്ട് പൂർത്തിയാക്കിയ സിനിമയാണിത്. യഥാർത്ഥ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇത്തരം ചരിത്ര സിനിമകളാകുമ്പോൾ അതിനനുസരിച്ചുള്ള ഗവേണഷവും ആവശ്യമാണ്. സംവിധായകൻ റോഷൻ കൃത്യമായ പഠനത്തിന് ശേഷമായിരുന്നു സിനിമ ആരംഭിച്ചത്.’–ബാബു ആന്റണി പറഞ്ഞു.
സിനിമയുടെ ക്ലൈമാക്സ് ഭാഗം ചിത്രീകരിച്ചത് ശ്രീലങ്കയിൽ വെച്ച് മഴയുള്ള ഒരു രംഗത്തില്‍ അഭിനയത്തിനിടയില്‍ നിവിന്‍ പോളിക്ക് അപകടംപറ്റിയിരുന്നെന്നും അതിന്റെയൊക്കെ ഫലം സിനിമയിൽ വന്നതില്‍ സന്തോഷമുണ്ടെന്നും ബാബു ആന്റണി പറഞ്ഞു.
32 വർഷത്തിനിടയിൽ സിനിമയിൽ ഒരുപാട് ബന്ധങ്ങളുണ്ടെങ്കിലും അതൊന്നും തനിക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബാബു ആന്റണി പറയുന്നു. വേഷത്തിന് വേണ്ടി അവരെ വിളിച്ചാൽ സ്നേഹം കൊണ്ട് അവർ അവസരം നൽകുമെന്നും എന്നാൽ അങ്ങനെ ചെയ്യാൻ തന്റെ മനസ്സിന് തോന്നാറില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാൽ സിനിമയിൽ നിന്നും ഒരുപാട് നാൾ മാറിനിന്നപ്പോൾ പണ്ട് ഒരുമിച്ച് പ്രവർത്തിച്ച സുഹൃത്തുക്കളായ സിനിമാപ്രവർത്തകരോട് അവസരം ചോദിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ആരും തന്നെ സഹായിച്ചില്ലെന്നും ഇപ്പോൾ അവരുടെയൊന്നും സഹായമില്ലാതെ വീണ്ടും സിനിമയിലെത്താൻ കഴിഞ്ഞെന്നും ബാബു ആന്റണി പറയുന്നു.
‘ഇനി നായകകേന്ദ്രീകൃതമായ സിനിമകളായും കൂടുതലായും ചെയ്യുക. ഒമർ ലുലുവിന്റെ പവർസ്റ്റാർ എന്ന സിനിമയാണ് അടുത്ത പ്രോജക്ട്. അതൊരു മാസ് സിനിമയായിരിക്കും. ജനങ്ങളെ എന്റർടെയ്‍ൻ ചെയ്യുക എന്നതാണ് എന്റെ ഉദ്ദേശം. അതിലൂടെ എന്തെങ്കിലും അവാര്‍ഡ് കിട്ടിയാൽ സന്തോഷം. ഇതുവരെ പഞ്ചായത്തിന്റെ പോലും അവാർഡ് എനിക്ക് ലഭിച്ചിട്ടില്ല.’–ബാബു ആന്റണി പറഞ്ഞു.
ഗ്രാൻഡ്മാസ്റ്റര്‍, എസ്ര, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകളിലും ഇടക്കാലത്ത് ബാബു ആന്റണി അഭിനയിച്ചിരുന്നു. ഒമർലുലു സംവിധാനം ചെയ്ത പവർസ്റ്റാറിൽ ആക്ഷൻ ഹീറോ ആയാണ് ബാബു ആന്റണി തിരിച്ചെത്തുന്നത്.