പറയാത്ത ഒരുപാട് കാര്യങ്ങളുണ്ട്, എല്ലാം പുറത്തുവരും; നിശബ്ദയാകില്ലെന്ന് പാര്‍വതി
10 വര്‍ഷം മുന്‍പ് നടന്ന കാര്യത്തില്‍ നമുക്കൊന്നും ചെയ്യാനാകില്ല. പക്ഷേ അത് പുറത്തുവരണം. എന്തിനാണ് ഇതെല്ലാം നമ്മുടെ ശവക്കല്ലറയിലേക്ക് കൊണ്ടുപോകുന്നതെന്നും പാര്‍വതി
മലയാള സിനിമയിലെ അതിക്രമങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് നടി പാര്‍വതി. താന്‍ പറയാതെ പല കാര്യങ്ങളും മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഒരിക്കല്‍ എല്ലാം പുറത്തുപറയുമെന്നും പാര്‍വതി പറഞ്ഞു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇങ്ങനെ പറഞ്ഞത്.
"ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ്. ഞാനും റിമയും രമ്യയുമൊക്കെ ഇതുകൊണ്ട് എന്തുനേടി? പ്രശസ്തിക്ക് വേണ്ടിയാണെന്ന് പറയുന്നത് എന്ത് വിചിത്രമാണ്. ഞാന്‍ അഭിനയിച്ച നാലോ അഞ്ചോ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളാണ്. അങ്ങനെ ലഭിച്ച പ്രശസ്തിയില്‍ കൂടുതലൊന്നും എനിക്ക് ആവശ്യമില്ല. സിനിമയില്‍ അവസരങ്ങള്‍ കുറയുന്നുവെന്നത് സത്യമാണ്. ഡബ്ല്യു.സി.സിയുമായി ബന്ധമുള്ള എല്ലാവര്‍ക്കും ഇതാണ് അവസ്ഥ. കരിമ്പട്ടികയില്‍ പെടുത്തുന്നു", പാര്‍വതി പറഞ്ഞു.
ഇപ്പോള്‍ തനിക്കുള്ള സിനിമകള്‍ കസബ സംബന്ധിച്ച പരാമര്‍ശത്തിന് മുന്‍പ് ഒപ്പിട്ടതാണ്. അതിനുശേഷം ലഭിച്ചത് ആഷിഖ് അബുവിന്‍റെ വൈറസ് മാത്രമാണ്. ആഷിഖ് പുരോഗമനവാദിയാണ്. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ശരി നോക്കാം എന്നേ പറയാനാകൂ. പക്ഷേ നിശബ്ദയായിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മുന്‍പും സിനിമയില്‍ നിന്ന് അപ്രത്യക്ഷരായ നടിമാരുണ്ട്. കാരണം എന്തെന്ന് ആര്‍ക്കുമറിയില്ല. സിനിമയില്‍ അധികാരമുള്ളവര്‍ തന്നെ ഇത്തരത്തില്‍ പുറത്താക്കിയാല്‍ ജോലി ചെയ്യാന്‍ അറിയാത്തതുകൊണ്ടല്ല ഇത് സംഭവിച്ചതെന്ന് ജനങ്ങളെ താന്‍ അറിയിക്കുമെന്നും പാര്‍വതി പറഞ്ഞു.
താന്‍ സിനിമയില്‍ വന്ന കാലത്ത് ഡബ്ല്യു.സി.സി പോലുള്ള കൂട്ടായ്മകളില്ലായിരുന്നു. താന്‍ നേരിട്ട പ്രശ്നങ്ങള്‍ തന്‍റെ മാത്രം അനുഭവമാണെന്ന് കരുതി ഒന്നും പുറത്തുപറഞ്ഞില്ല. ഡബ്ല്യു.സി.സി രൂപീകരിച്ചതോടെയാണ് പല സ്ത്രീകളും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് വ്യക്തമായത്. കുറ്റംചെയ്തവര്‍ സുഖമായി കഴിയുന്നു. 10 വര്‍ഷം മുന്‍പ് നടന്ന കാര്യത്തില്‍ നമുക്കൊന്നും ചെയ്യാനാകില്ല. പക്ഷേ അത് പുറത്തുവരണം. എന്തിനാണ് ഇതെല്ലാം നമ്മുടെ ശവക്കല്ലറയിലേക്ക് കൊണ്ടുപോകുന്നതെന്നും പാര്‍വതി ചോദിച്ചു.
"13 വര്‍ഷമായി ഞാന്‍ മലയാള സിനിമയിലുണ്ട്. നല്ല ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. ഒന്നുകില്‍ മറ്റ് ഭാഷകളിലേക്ക് പോകാം. അല്ലെങ്കില്‍ ഒരു ഷോപ്പോ പബ്ബോ തുടങ്ങാം. ഈ പോരാട്ടത്തില്‍ വില കൊടുക്കേണ്ടിവന്നതാണ് ഞങ്ങളാണ്. ഈ പോരാട്ടം ഞങ്ങള്‍ക്ക് വേണ്ടിമാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയാണ്", പാര്‍വതി വിശദമാക്കി.