ശ്വാസകോശ രോഗം ബാധിച്ച രണ്ട് പേരുടെ പ്രണയം പറഞ്ഞ് ഫൈവ് ഫീറ്റ് അപാർട്ട്
പ്രധാനവേഷങ്ങളിൽ ഹേലീ ലൂ റിച്ചാഡ്സണും കോൾ സ്പ്രൌസും
പ്രണയചിത്രങ്ങളുടെ ഗണത്തിൽ പുതിയൊരു പാത തേടുകയാണ് ഫൈവ് ഫീറ്റ് അപാർട്ട് എന്ന ഹോളീവുഡ് ചിത്രം. ഹേലീ ലൂ റിച്ചാഡ്സണും കോൾ സ്പ്രൌസുമാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. അടുത്തവർഷം മാർച്ചിലാണ് സിനിമയുടെ റിലീസ്.
സിസ്റ്റിക് ഫൈബ്രോസിസ് എന്ന ശ്വാസകോശരോഗം ബാധിച്ച സ്റ്റെല്ല, വിൽ ന്യൂമാൻ എന്നീ രണ്ട് പേരുടെ കഥയാണ് ഫൈവ് ഫീറ്റ് അപാർട്ട്. ആശുപത്രി വാസത്തിനിടെ ഇരുവരും തമ്മിൽ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. എന്നാൽ അണുബാധ ഉണ്ടാകുമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പുള്ളതിനാൽ അഞ്ചടി അകലത്തിലേ ഇരുവർക്കും നിൽക്കാനാകൂ. സ്റ്റെല്ലയെ ഹേലീ ലൂ റിച്ചാഡ്സൺ അവതരിപ്പിക്കുന്നു. കോൾ സ്പ്രൌസാണ് വിൽ ന്യൂമാൻ ആകുന്നത്. നടൻ ജസ്റ്റിൻ ബൽഡോനിയുടെ സംവിധായകനായുള്ള അരങ്ങേറ്റചിത്രമാണ് ഫൈവ് ഫീറ്റ് അപാർട്ട്.
ലോകത്താകമാനം എഴുപതിനായിരത്തിലേറെ യുവതീയുവാക്കളാണ് സിസ്റ്റിക് ഫൈബ്രോസിസ് രോഗം മൂലം കഷ്ടപ്പെടുന്നത്. സിസ്റ്റിക് ഫൈബ്രോസിസ് രോഗിയായിരുന്ന ക്ലെയ്റി വൈൻലാൻഡ് ആണ് സിനിമയിലെ താരങ്ങൾക്ക് രോഗാവസ്ഥ വിവരിച്ചു നൽകിയത്. സെപ്തംബറിൽ ക്ലെയ്റി മരിച്ചു. അടുത്തവർഷം മാർച്ച് 22നാണ് ഫൈവ് ഫീറ്റ് അപാർട്ടിന്‍റെ റിലീസ്.