ഒരിക്കല്‍കൂടി സംവിധായക വേഷമണിഞ്ഞ് എ.ആര്‍ റഹ്മാന്‍; അഭിനയിക്കുന്നത് ഷാറൂഖ് ഖാനും നയന്‍താരയും
എ.ആര്‍ റഹ്മാന്‍റെ സംവിധാനത്തോടൊപ്പം ഷാറൂഖ് ഖാന്‍റെ സാനിധ്യവും ആല്‍ബത്തെ സവിശേഷമാക്കുന്നു
1997ല്‍ പുറത്തിറങ്ങിയ വന്ദേ മാതരം എന്ന ആല്‍ബത്തിന് ശേഷം എ.ആര്‍ റഹ്മാന്‍ വീണ്ടും സംവിധായകനാകുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഹോക്കി ലോകകപ്പിന് മുന്നോടിയായി താന്‍ പുറത്തിറക്കുന്ന ‘ജയ് ഹിന്ദ് ഇന്ത്യ’ എന്ന ആല്‍ബത്തിലാണ് റഹ്മാന്‍ സംഗീതം കൂടാതെ ദൃശ്യ സംവിധാനവും നിര്‍വഹിക്കുന്നത്. ആല്‍ബത്തിന്‍റെ ടീസര്‍ പുറത്ത് വന്നു.
എ.ആര്‍ റഹ്മാന്‍റെ സംവിധാനത്തോടൊപ്പം ഷാറൂഖ് ഖാന്‍ അഭിനയിക്കുന്നു എന്നതും ആല്‍ബത്തെ സവിശേഷമാക്കുന്നു. കൂടെ തെന്നിന്ത്യന്‍ താരറാണി നയന്‍താരയും ഷാറൂഖിനൊപ്പം സാനിധ്യമറിയിക്കുന്നു. കൂടാതെ ഇന്ത്യന്‍ ഹോക്കി ടീം താരങ്ങളേയും അണിനിരത്തിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ജയ് ഹിന്ദ് ഹിന്ദ് ഇന്ത്യ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികളെഴുതിയിരിക്കുന്നത് ഗുല്‍സാറാണ്. ഏഷ്യ കപ്പ് ടൂര്‍ണ്ണമെന്‍റ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം തിരിച്ചെത്തിയ ശേഷം ഗാനം റിലീസ് ചെയ്യുമെന്നാണ് സുചന.
ഇന്ത്യയുടെ തനതായ പാരമ്പര്യവും സാംസ്കാരിക വൈരുധ്യവുമെല്ലാം ഇട കലര്‍ന്നതായിരിക്കും ആല്‍ബത്തിന്‍റെ ദൃശ്യാവിഷ്കാരം. ഇന്ത്യന്‍ ഹോക്കി ചരിത്രവും കായികാവേശവും അടങ്ങിയ ഗാനമായിരിക്കും ഇതെന്ന് ടീസര്‍ വ്യക്തമാക്കുന്നു.
നവംബര്‍ 27നാണ് ഹോക്കി ലോകകപ്പിന്‍റെ ഊദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. 28ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ബെല്‍ജിയം കാനഡയെയും രണ്ടാം മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെയും നേരിടും.