അമ്മയില്‍ നിന്ന് രാജി വച്ച നടിമാര്‍ സമീപിച്ചാല്‍ തിരിച്ചെടുക്കുമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് യോഗം. സംഘടനയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ രൂ‌പം നല്‍കുന്ന കമ്മിറ്റിയുടെ ഭാരവാഹികള്‍...

Update: 2018-11-24 14:40 GMT
Advertising

സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന നടി റിമ കല്ലിങ്കലിന്റെ ഹരജിയില്‍ ലഭിച്ച കോടതി നോട്ടീസിന് നിയമപരമായി മറുപടി നല്‍കുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. സംഘടനയില്‍ നിന്ന് രാജിവച്ച നടിമാര്‍ സമീപിച്ചാല്‍ മാപ്പപേക്ഷ നല്‍കിയില്ലെങ്കിലും തിരിച്ചെടുക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതി പരിഹാരസെല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സിക്ക് വേണ്ടി നടി റിമ കല്ലിങ്കലാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഈ വിഷയത്തില്‍ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കോടതി താര സംഘടനക്ക് നോട്ടീസ് അയച്ചിരുന്നു. നാളെ കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് കോടതിയില്‍ മറുപടി നല്‍കുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വ്യക്തമാക്കിയത്.

സംഘടനയില്‍ നിന്ന് രാജി വെച്ച നടിമാരെ തിരിച്ചെടുക്കുന്ന കാര്യം ഇന്നും അജണ്ടയില്‍ വന്നില്ല. നടിമാര്‍ സമീപിച്ചാല്‍ തിരിച്ചെടുക്കാമെന്ന മുന്‍ നിലപാട് പ്രസിഡന്റ് മോഹന്‍ലാല്‍ ആവര്‍ത്തിച്ചു. മാപ്പ് എഴുതി നല്‍കേണ്ടതില്ല.

സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ജഗദീഷിന്റെ ഓഡിയോ ക്ലീപ്പ് ചോര്‍ന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കട്ടെയെന്നും യോഗം വിലയിരുത്തി. ഡിസംബര്‍ 7ന്റെ ഗള്‍ഫ് ഷോ വിജയിപ്പിക്കാനാവശ്യമായ മുന്നൊരുക്കങ്ങള്‍ എക്സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്തു.

Full View
Tags:    

Similar News