ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്..; ഒടിയന് വേണ്ടി ലാലേട്ടന്‍ പാടി
പ്രഭാ വര്‍മ്മയുടെ മനോഹരമായ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് എം.ജയചന്ദ്രനാണ്.
മോഹന്‍ലാല്‍ സിനിമയില്‍ പാടുമ്പോഴൊക്കെ ആ പാട്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാറുണ്ട്. ഡ്രാമയിലെ പണ്ടാരാണ്ട് എന്ന തകര്‍പ്പന്‍ പാട്ടിന് ശേഷം വീണ്ടും ലാല്‍ മൈക്കിന് മുന്നിലെത്തിയിരിക്കുകയാണ്. അതും ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന് വേണ്ടിയാണ് ലാലേട്ടന്റെ പാട്ട്.
ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ് എന്നു തുടങ്ങുന്ന പാട്ടിന് ഒരു നാടന്‍ പ്രണയത്തിന്റെ ചേലാണ്. പ്രഭാ വര്‍മ്മയുടെ മനോഹരമായ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് എം.ജയചന്ദ്രനാണ്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. യു ട്യൂബ് ട്രന്‍ഡിംഗില്‍ രണ്ടാമതാണ് ഈ പാട്ട്. ഈയിടെ പുറത്തിറങ്ങിയ കൊണ്ടോരാം എന്ന പാട്ടും യു ട്യൂബില്‍ തരംഗമായിരുന്നു.
ദേശീയ പുരസ്കാര ജേതാവ് കെ.ഹരികൃഷ്ണന്റെ തിരക്കഥയില്‍ പരസ്യ സംവിധായകനായിരുന്ന വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. ഫാന്റസി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായിട്ടാണ് ലാല്‍ ആരാധകരിലേക്കെത്തുന്നത്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്,നെടുമുടി വേണു,ഇന്നസെന്റ്,കൈലാഷ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.