മത്സര വിഭാഗത്തിൽ ഈ.മ.യൗ ഇന്ന് പ്രദർശിപ്പിക്കും
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ വൈകിട്ട് 6 15നാണ് പ്രദർശിപ്പിക്കുക.
ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തിലെ മലയാള സിനിമ സാന്നിധ്യമായ ഈ.മ.യൗ ഇന്ന് പ്രദർശിപ്പിക്കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ വൈകിട്ട് 6 15നാണ് പ്രദർശിപ്പിക്കുക. സാങ്കേതിക തകരാറുകൾ മൂലം ടാഗോർ തീയേറ്ററിലെ ഇന്നത്തെ എല്ലാ ഷോകളും മാറ്റിവച്ചതിനെ തൂടർന്ന് കലാഭവൻ തിയറ്ററിലാണ് പ്രദർശനം. കേരള സർക്കാരിന്റെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം, ഐ.എഫ്.എഫ്.ഐയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ സിനിമ ഐ.എഫ്.എഫ്.കെയിലും മലയാളത്തിന്റെ പ്രതീക്ഷകളെ വർദ്ധിപ്പിക്കുകയാണ്.
അതുപോലെ തന്നെ മത്സരവിഭാഗത്തിൽ ഇന്നലെ പ്രദർശിപ്പിക്കുകയും തിയറ്ററിലെ പ്രശ്നങ്ങൾ മൂലം പ്രദർശനം ഉപേക്ഷിക്കുകയും ചെയ്ത ദി ബെഡ് ഇന്ന് പ്രദർശനത്തിനെത്തും. ടാഗോർ തീയേറ്ററിലെ ഇന്നത്തെ എല്ലാ ഷോകളും മാറ്റി വച്ചതിനെ തുടർന്ന് മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദർശനത്തിൽ അനിശ്ചിതത്വം നിഴലിക്കുകയാണ്. നാല് മത്സര വിഭാഗ ചിത്രങ്ങളാണ് ഇന്ന് ടാഗോറിൽ പ്രദർശിപ്പിക്കേണ്ടത്.