ജീവിക്കാനും മരിക്കാനും മണ്ണ് തേടുന്നവര്‍; ഷോപ്പ് ലിഫ്റ്റേഴ്സ് റിവ്യൂ
കാൻ ചലച്ചിത്ര മേളയിൽ മികച്ച സിനിമക്കുള്ള പുരസ്കാരം നേടിയ ഹിറോക്കാസു കൊറെ ഈടയുടെ ജാപ്പനീസ് ചിത്രം ഷോപ്പ്ലിഫ്റ്റേഴ്സ് അക്ഷരാർത്ഥത്തിൽ മനോഹരമാണ്.
കാൻ ചലച്ചിത്ര മേളയിൽ മികച്ച സിനിമക്കുള്ള പുരസ്കാരം നേടിയ ഹിറോക്കാസു കൊറെ ഈടയുടെ ജാപ്പനീസ് ചിത്രം ഷോപ്പ്ലിഫ്റ്റേഴ്സ് അക്ഷരാർത്ഥത്തിൽ മനോഹരമാണ്. ഷോപ്പ്ലിഫ്റ്റർ, അഥവാ കടകളിൽ നിന്നും സാധനം മോഷ്ടിക്കുന്നവർ. തന്റെ മകനായ ഷോട്ട എന്ന 10 വയസുകാരൻ ഷോപ്പ്ലിഫ്റ്റ് ചെയ്ത് കൊണ്ട് വരുന്ന സാധനങ്ങൾ താൻ ജോലി ചെയ്യുന്ന സ്ഥലത്ത് കൊണ്ട് പോയി വിറ്റാണ് ഒസാക്കു പ്രധാനമായും വരുമാനം ഉണ്ടാക്കിക്കൊണ്ടിരുന്നത്. ഭാര്യയും മകനും അനിയത്തിയും അമ്മയുമടങ്ങുന്ന ഒരു സാധാരണ ജാപ്പനീസ് കുടുംബമാണ് പ്രത്യക്ഷത്തിൽ ഒസാക്കുവിന്റേത്. ഒരു ദിവസം ജോലി കഴിഞ്ഞ് അച്ഛനും മകനും ചേർന്ന് വീട്ടിലേക്ക് മടങ്ങവെ ആറ് വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടിയെ ഇവർ കണ്ടുമുട്ടുന്നു. അച്ഛനമ്മമാരുടെ ക്രൂരത മൂലം കയ്യിലെല്ലാം പാടുകളായിരിക്കുന്ന യുനി എന്ന ആ കൊച്ചു കുട്ടിയെ അവർ അവരുടെ വീട്ടിലേക്ക് കൊണ്ട് പോകുന്നു.
അതിന് ശേഷം നടക്കുന്ന കഥാസന്ദർഭങ്ങളിലാണ് ആദ്യം സംവിധായകൻ പറഞ്ഞ പല കാര്യങ്ങളും പൊളിച്ചെഴുതപ്പെടുന്നത്. നിഗുഢതകളുടെ പുറം താളുകൾ അഴിച്ച് പണിയുമ്പോൾ വികാരങ്ങളെ ഉൾക്കൊള്ളിക്കാനും നന്മയുടെ അംശം കാണിച്ച് തരാനും സംവിധായകൻ മറക്കുന്നില്ല. ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രം നിഗൂഢതകളും നിഷ്കളങ്കതയും മാത്രമല്ല, കടുത്ത രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്യുന്നു. മികച്ച് നിൽക്കുന്ന അവതരണ രീതി തന്നെയാണ് സിനിമയുടെ മുതൽക്കൂട്ട്. കാര്യങ്ങൾ വ്യക്തമായും പ്രേക്ഷകന് ഉൾക്കൊള്ളുന്ന രീതിയിലും അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു.
ഒറ്റമുറി വീട്ടിൽ കഴിയുന്ന, ഒരു കുടുംബമെന്ന് തോന്നിക്കുന്ന അഞ്ച് പേർ ലോകത്ത് പെരുകിക്കൊണ്ടിരിക്കുന്ന അഭയാർത്ഥി ക്യാമ്പുകളെ ഓർമ്മിപ്പിച്ചു. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കഥ ചൂണ്ടി കാണിക്കുന്നത് കടുത്ത വിമർശനങ്ങൾ കൂടിയാണ്. വീട്ടിൽ നിന്നും ഒന്നും പഠിക്കാൻ സാധിക്കാത്തവരാണ് സ്കൂളിൽ പോകുന്നത് എന്ന ഷോട്ടയുടെ സംഭാഷണ ശകലം ഇന്നത്തെ കുടുംബങ്ങളുടെയും വിദ്യാഭ്യാസ രീതിയെയും പരോക്ഷമായി വിമർശിക്കുന്നു. വയോധികയായ സ്ത്രി മരിക്കുമ്പോൾ താമസിക്കുന്ന ഒറ്റമുറി വീട്ടിൽ തന്നെ കുഴി കുത്തി സംസ്കരിക്കുന്ന നിസ്സഹായാവസ്ഥ ഇന്നും ജീവിക്കാനും മരിക്കാനും മണ്ണ് അന്വേഷിക്കുന്നവരുടെ മാനസിക സംഘർഷങ്ങളെ ചൂണ്ടിക്കാണിക്കുന്നു. അങ്ങിനെ എടുത്ത് പറയേണ്ടതായി ഒരുപാട് കാര്യങ്ങൾ ഈ മനോഹര ചിത്രത്തിൽ അടങ്ങിയിരിക്കുന്നു.
കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വച്ച അഭിനേതാക്കൾ പ്രശംസയർഹിക്കുന്നു. ഷോട്ട, യുനി, ഒസാക്കു എന്നീ കഥാപാത്രങ്ങൾ മനസ്സിലെ വിങ്ങലായി നിഴലിക്കുന്നു. ചുരുക്കത്തിൽ പറയാൻ ബുദ്ധിമുട്ടാണ് ഷോപ്പ് ലിഫ്റ്റേഴ്സിനെക്കുറിച്ച്. എങ്കിലും കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ചെയ്യുന്ന കളവുകളും അത് ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന നിസ്സഹായതകളും ബന്ധങ്ങളുടെ ആഴവും പരപ്പും വിളിച്ചോതുന്ന സന്ദര്‍ഭങ്ങളും പറയാതെ പറയുന്ന രാഷ്ട്രീയവുമെല്ലാം ഷോപ്പ് ലിഫ്റ്റേഴ്സിനെ ഒരു മികച്ച സിനിമയാക്കുന്നു.