സിനിമയില്‍ ഒരു മത്സരമുണ്ടെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നില്ലെന്ന് സക്കരിയ
ഫിലിം ഫെസ്റ്റിവല്‍ എന്നുപറയുന്നത് എല്ലാത്തരം സാധ്യതകളെയും പരീക്ഷണങ്ങളെയും കാണാനുള്ള ഒരിടമാണ്.
സിനിമയില്‍ ഒരു മത്സരമുണ്ടെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നില്ലെന്ന് യുവസംവിധായകന്‍ സക്കരിയ മുഹമ്മദ്. മീഡിയവണ്‍ മോര്‍ണിംഗ് ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
എന്നെ സംബന്ധിച്ച് സുഡാനി ഫ്രം നൈജീരിയ ഐ.എഫ്.എഫ്.കെ പോലുള്ള മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചുവെന്നതാണ്. മത്സരം എന്നത് പിന്നീട് വരുന്ന കാര്യമാണ്. മത്സരത്തില്‍ പങ്കെടുക്കുന്നത് സന്തോഷം എന്നതിലുപരി മറ്റൊന്നുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഫിലിം ഫെസ്റ്റിവല്‍ എന്നുപറയുന്നത് എല്ലാത്തരം സാധ്യതകളെയും പരീക്ഷണങ്ങളെയും കാണാനുള്ള ഒരിടമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ മേളയില്‍ ഡെലിഗേറ്റ്സുകള്‍ കുറവാണ്. ഉത്സവ പ്രതീതി കുറവാണ്.
2005 മുതല്‍ ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കുന്നതാണ്. അപ്പോള്‍ മുതല്‍ വിചാരിക്കാറുണ്ട് നമ്മള്‍ ചെയ്യുന്ന സിനിമ അതില്‍ പ്രദര്‍ശിപ്പിക്കുന്നത്. നമുക്ക് ഏറ്റവും അവലൈബിള്‍ ആയിട്ടുള്ള ഒരു തലം എന്ന നിലയില്‍ ഐ.എഫ്.എഫ്.കെ വളരെ പ്രിയപ്പെട്ടതാണ്. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ഫെസ്റ്റിവലുകളില്‍ ഒന്നാണ് ഇത്. ആദ്യ സിനിമ തന്നെ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്.
മലയാള സിനിമയില്‍ കാലങ്ങളായി പരിചയമുള്ള ഒരാളാണ് കെ.ടി.സി അബ്ദുള്ള. നല്ലൊരു മനുഷ്യനെയും കലാകാരനെയുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്.
സുഡാനി ഫ്രം നൈജീരിയയെക്കുറിച്ച് പറയുമ്പോള്‍ മലപ്പുറം ജില്ലയെ പോസിറ്റീവായി കാണിച്ചു എന്ന അഭിപ്രായം ഉയരാറുണ്ട്. ശരിക്കും അത് ഒരു അപകടകരമായ ചോദ്യം ആണ്. അങ്ങിനെ പറയുമ്പോള്‍ ഒരു ചീത്ത മലപ്പുറം എന്നത് ഇവരുടെ ഒക്കെ മനസിലുണ്ട് എന്നത് ഒരു അപകടകരമായ കാര്യമായിട്ടാണ് ഞാന്‍ കരുതുന്നത്. മറ്റേത് പ്രദേശങ്ങളെയും പോലെ സാധാരണയായിട്ടുള്ള ഒരു പ്രദേശം മാത്രമാണ് മലപ്പുറം. സിനിമയിലും കഥയിലും പ്രസംഗങ്ങളിലും വേറെ രീതിയില്‍ മലപ്പുറത്തെ അവതരിപ്പിച്ചത് ബോധപൂര്‍വ്വമായ ശ്രമമായിട്ട് കരുതാനെ എനിക്ക് സാധിക്കൂ. ഒരു ചെറിയ സ്ഥലമാണ് കേരളം, ഒന്നു യാത്ര ചെയ്താല്‍ മനസിലാക്കാവുന്ന സംസ്കാരവും ഭാഷയുമേ കേരളത്തിലുള്ളൂ. എന്നിട്ടും ഇങ്ങിനെ ഒരു ധാരണ വച്ചു പുലര്‍ത്തുന്നത് എന്താണെന്നതില്‍ അത്ഭുതമുണ്ട്. പിന്നെ എനിക്ക് മനസിലായി ഇതില്‍ അത്ഭുതപ്പെടാനില്ല, ചില ആളുകള്‍ അങ്ങിനെ വിചാരിച്ചുകൊണ്ടാണ് ഇതിനെ മോശമായിട്ട് പറയുന്നത്...സക്കരിയ പറഞ്ഞു.