സുഡാനി കണ്ടവരാരും മറക്കില്ല, 'സകരിയ'യുടെ ഉമ്മ ബീയ്യുമ്മയെ
നിരവധി പുരസ്കാര നേട്ടങ്ങള്‍ കൊണ്ടും പ്രേക്ഷക പ്രതികരണങ്ങള്‍ കൊണ്ടും ശ്രദ്ധ നേടിയ സുഡാനി ഫ്രം നൈജീരിയ കണ്ടവരാരും മറക്കാത്തതാണ് ചിത്രത്തിലെ മജീദിന്റെ രണ്ട് ഉമ്മമാരെ. ചിത്രത്തിലുടനീളം മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാല്‍ ശ്രദ്ധ നേടിയ ഉമ്മമാര്‍ സിനിമ കണ്ട ഏവരുടെയും മനം കവര്‍ന്നതുമാണ്. എന്നാല്‍ ചിത്രം കണ്ട പ്രേക്ഷകരാരും അധികം ശ്രദ്ധിക്കാത്ത കാര്യമാകും സരസ ബാലുശ്ശേരി അവതരിപ്പിച്ച ബീയ്യുമ്മ എന്ന കഥാപാത്രവും ആ കഥാപാത്രത്തിന് ആ പേര് ലഭിച്ചതിന് പിന്നിലെ രഹസ്യവും. സംവിധായകനായ സകരിയ ആ ഉമ്മയിലൂടെ കൃത്യമായി തന്നെ തന്റെ രാഷ്ട്രീയം സംസാരിക്കുകയാണ് ചിത്രത്തില്‍. നീതി നിഷേധിക്കപ്പെട്ട് വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സകരിയയുടെ ഉമ്മയുടെ പേരാണ് സംവിധായകനായ സകരിയ തന്റെ കഥാപാത്രത്തിന് നല്‍കിയിട്ടുള്ളത്. ജയിലിലായതിന് ശേഷവും പ്രതീക്ഷ കൈവിടാതെ എല്ലാം പടച്ചവന് സമര്‍പ്പിച്ച ഉമ്മയുടെ വാക്കുകള്‍ പരീക്ഷണങ്ങളിലെയും ഊര്‍ജം പ്രസരിപ്പിക്കുന്നതായിരുന്നു. 'എല്ലാ സര്‍ക്കാരിനും മുകളിലും ഒരു സര്‍ക്കാരുണ്ട്, എല്ലാ കോടതിക്ക് മുകളിലും മഹ്ശറ എന്ന കോടതി തീര്‍ച്ചയായുമുണ്ട്' എന്ന ഉമ്മയുടെ വാക്കുകള്‍ അങ്ങേയറ്റം വിശ്വാസത്തിന്റെയും പ്രതീക്ഷകളുടെയും ബലത്താലുള്ളതായിരുന്നു. ആ ഉമ്മയെ ഓര്‍മപ്പെടുത്തുന്നതായിരുന്നു സുഡാനി ഫ്രം നൈജീരിയയിലെ സരസ ബാലുശ്ശേരിയുടെ കഥാപാത്രം. സരസ അവതരിപ്പിച്ച ബീയ്യുമ്മ എന്ന കഥാപാത്രം വീട്ടില്‍ വന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന രംഗം സിനിമയിലെ അത്രമേല്‍ പൊളിറ്റിക്കലായ ഒന്നാണ്. സ്റ്റേറ്റും സംവിധാനങ്ങളും കോടതിയും എതിര് നില്‍ക്കുന്ന സ്ഥലത്ത് തിരിച്ച് അവരെയെല്ലാം ചോദ്യം ചെയ്യുന്ന ആ ഒരൊറ്റ രംഗം ശക്തമായ സ്റ്റേറ്റ്മെന്റാണ്. ഇന്നും ജയിലഴിക്കുള്ളില്‍ നില്‍ക്കുന്ന മുസ്ലീങ്ങളായ ചെറുപ്പക്കാരെയെല്ലാം ആ ഒരൊറ്റ സീനില്‍ കണ്‍ മുന്നില്‍ കാണാം. അവരുടെയെല്ലാം ഉമ്മമാരെ കാണാം, നിരപരാധികളായ ഒരുപാട് മനുഷ്യര്‍ കണ്‍ മുന്നില്‍ തെളിഞ്ഞ് വരുന്നതായി കാണാം, അവരുടെയെല്ലാം നീതി നിഷേധങ്ങള്‍ കാണാം. ആ രംഗം അത്രമേല്‍ പൊളിറ്റിക്കലും തീവ്രവുമാണ്.
ഇന്നും രാജ്യത്തെ ജയിലുകളില്‍ നിരവധി യുവാക്കളാണ് വിചാരണ പോലും ഇല്ലാതെ കഴിയുന്നത്. സംവിധായകനായ സകരിയ തന്നെ അഭിനയിച്ച പരപ്പനങ്ങാടിക്കാരനായ സകരിയയെ ക്കുറിച്ചുള്ള എ ഡോക്യുമെന്ററി എബൌട്ട് ഡിസ്അപിയറന്സ് ഡോക്യുമെന്ററിയിലും മുന്‍പ് സകരിയയോടുള്ള ആവര്‍ത്തിക്കുന്ന നീതി നിഷേധം കാണിച്ചിരുന്നു.