ചയ്യാ ചയ്യാ ഗാനം ചിത്രീകരിച്ചത് നാല് ദിവസങ്ങള്‍ കൊണ്ട്; ദില്‍സേ ഓര്‍മ്മകള്‍ പങ്കുവച്ച് സന്തോഷ് ശിവന്‍
ആ ട്രെയിനിൽ മുഴുവൻ ആർട്ടിസ്റ്റുകളായിരുന്നു.
തൊണ്ണൂറുകളിലെ ചിത്രങ്ങള്‍ പോലെ തന്നെയാണ് അതിലെ ഗാനങ്ങളും. കാലങ്ങളെത്ര കഴിഞ്ഞാലും മറക്കാന്‍ സാധിക്കില്ല. ബോളിവുഡും മോളിവുഡും ടോളിവുഡുമെല്ലൊം ഹൃദയത്തില്‍ തൊട്ട ചിത്രങ്ങള്‍ തന്ന കാലങ്ങളായിരുന്നു 80-90 കാലഘട്ടങ്ങള്‍. ബോളിവുഡിന്റെ കാര്യമെടുത്താല്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്ന കാലമായിരുന്നു അത്. 1998ല്‍ പുറത്തിറങ്ങിയ ദില്‍ സേ എന്ന ചിത്രം കണ്ടവരാരും മറക്കില്ല. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇപ്പോഴും ഓര്‍മകളില്‍ നിന്നിറങ്ങിപ്പോയിട്ടില്ല.
ദിൽസെ’യും ‘ചയ്യ ചയ്യാ’ ഗാനവും പുറത്തിറങ്ങിയിട്ട് 20 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ചിത്രീകരണ വിശേഷണങ്ങൾ ഓർക്കുകയാണ് പ്രശസ്ത ഛായാഗ്രഹകനായ സന്തോഷ് ശിവൻ. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനരംഗം അന്ന് സന്തോഷ് ശിവൻ ഷൂട്ട് ചെയ്തത് ARRI (ARRIFLEX 35 III) ക്യാമറയിലായിരുന്നു. ARRI ക്യാമറ അതിന്റെ നൂറാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കമ്പനി പുറത്തിറക്കിയ പ്രമോ വീഡിയോയിലാണ് ‘ദിൽസെ’യിലെ ഗാനത്തെ കുറിച്ചുള്ള ഓർമ്മകൾ സന്തോഷ് ശിവൻ പങ്കു വയ്ക്കുന്നത്.
‘നാലു ദിവസം കൊണ്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചത്. ആ ട്രെയിനിൽ മുഴുവൻ ആർട്ടിസ്റ്റുകളായിരുന്നു. സാങ്കേതിക വിദ്യയുടെ ഗുണങ്ങളെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി, ചിത്രത്തിൽ മുഴച്ചു നിൽക്കാത്ത രീതിയിൽ ചിത്രീകരിക്കാൻ കഴിഞ്ഞു എന്നതാണ്
ആ ഗാനത്തിന്റെ പ്രത്യേകത. ആ പാട്ടിന്റെ വരികളിൽ പോലും നിഴലിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്,” സന്തോഷ് ശിവൻ പറയുന്നു.
നിഴലും വെളിച്ചവും മാറിമാറി മറയുന്ന രീതിയിലുള്ള നിരവധി ദൃശ്യങ്ങളാണ് ആ ഗാനരംഗത്തിലുള്ളത്. ടണലിന് അകത്തു കൂടി ട്രെയിൻ കടന്നു പോകുന്ന രംഗങ്ങളൊക്കെ മനോഹരമായി തന്നെ ചിത്രീകരിക്കാൻ സന്തോഷ് ശിവനു സാധിച്ചിട്ടുണ്ട്.
" CHAIYYA CHAIYYA, shot with the ARRIFLEX 35 III " #100yearsofARRI #ARRI 100 years Inspiring Your Vision
Posted by Santosh Sivan ASC ISC on Thursday, May 23, 2019
‘ട്രെയിനിലെ യാത്ര, വരികളിലെ വൈകാരികത അതിനെയെല്ലാം നന്നായി ഒപ്പിയെടുക്കാൻ ആ രംഗങ്ങൾക്കു കഴിഞ്ഞു. എല്ലാവരും മുൻപ് റിഹേഴ്സൽ ചെയ്തതിനു ശേഷമാണ് ട്രെയിനിനു മുകളിലുള്ള രംഗങ്ങളൊക്കെ ചിത്രീകരിച്ചത്. ഗാനരംഗത്തിൽ അഭിനയിച്ചവരുടെയും നല്ല ഇൻവോൾവ്മെന്റ് ഉണ്ടായിരുന്നു. എല്ലാവരും ഒന്നിച്ച് യാത്ര ചെയ്യുന്നു, പുതിയ സ്ഥലങ്ങൾ കണ്ടെത്തുന്നു- അതിന്റെയൊരു ത്രിൽ ആ ഗാനചിത്രീകരണത്തിൽ ഉണ്ടായിരുന്നു,’ സന്തോഷ്
ശിവൻ കൂട്ടിച്ചേർക്കുന്നു. ഗുല്‍സാറിന്റെ വരികള്‍ക്ക് എ.ആര്‍ റഹ്മാനായിരുന്നു ഈണമിട്ടത്. സുഖ്‍വിന്ദര്‍ സിംഗും സപ്ന അവാസ്ഥിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാരുഖ് ഖാനും മലൈക അറോറയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ചിത്രം ബോക്സോഫീസിലും മികച്ച വിജയം നേടിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത ചിത്രം ഉയിരെ എന്ന പേരില്‍ തമിഴിലും പ്രമാട്ടോ എന്ന പേരില്‍ തെലുങ്കിലും പുറത്തിറങ്ങിയിരുന്നു. മനീഷ കൊയ്‍രാള ആയിരുന്നു നായിക. പ്രീതി സിന്റയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ദില്‍ സേ.