‘’കുമ്പളങ്ങിയിലെ യഥാർത്ഥ മനോരോഗി ഷമ്മിയല്ല, ഷമ്മി ഒഴികെ ബാക്കി എല്ലാവരും ഒന്നാംതരം സൈക്കോകളാണ്’’

അങ്ങനെ ഒരു കൂട്ടം സൈക്കോകൾ മാത്രം അടങ്ങുന്ന ഒരു പ്രദേശത്തേക്കാണ് ഷമ്മി എന്ന മാന്യനായ പാവം യുവാവ് കെട്ടിക്കേറി വന്നത്

Update: 2019-07-12 06:29 GMT
Advertising

പേര് പോലെ തന്നെ മനോഹരമായിരുന്നു കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ. ഫഹദും സൌബീനും ഷെയ്നും തകര്‍ത്തഭിനയിച്ച ചിത്രത്തെക്കുറിച്ച് നിരവധി നിരൂപണങ്ങള്‍ വന്നിട്ടുണ്ട്. പലരും പല തരത്തിലായിരുന്നു കുമ്പളങ്ങിയെ സമീപിച്ചത്. കുമ്പളങ്ങിയെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. റിജോ ജോര്‍ജ്ജ് എന്ന ആളുടെതാണ് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കുമ്പളങ്ങിയിലെ യഥാർത്ഥ മനോരോഗി ഷമ്മിയല്ല. അത്...

ഷമ്മി ഒരു മനോരോഗി ആണെന്നും അല്ലെന്നുമുള്ള വിശകലനങ്ങൾക്കിടയിൽ ആഴ്ന്നു പോയ ഒരു നട്ടപ്പാതിരായ്ക്കാണ് ഞാനെന്റെ അന്വേഷണാത്മക പത്രപ്രവർത്തനം പുനരാരംഭിച്ചത്. അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ലഭിച്ചത്. കുമ്പളങ്ങിയിൽ ഷമ്മി ഒഴികെ ബാക്കി എല്ലാവരും ഒന്നാംതരം സൈക്കോകളാണ് എന്നതായിരുന്നു ഞെട്ടിക്കുന്ന ആ വസ്തുത. സത്യത്തിൽ അല്പമെങ്കിലും വെളിവും വെള്ളിയാഴ്ചയും ഉള്ളത് ഷമ്മിയ്ക്ക് മാത്രമായിരുന്നു. ഷമ്മി ചതിക്കപ്പെടുകയായിരുന്നു ഇവിടെ. അതെങ്ങനെയാണെന്നറിയാൻ, കുമ്പളങ്ങിയിലെ അന്ധകാരം നിറഞ്ഞ സൈക്കോകളിലേക്ക് ഒരു എമർജൻസി ലാമ്പുമെടുത്ത് നമുക്കൊന്ന് സഞ്ചരിച്ചു നോക്കാം.

ബേബി മോൾ

ഈ പെൺകുട്ടിക്ക് കഥയിലെ നായകനോട് പണ്ട് പ്രേമം തോന്നിയിരുന്നു എന്നും അയാളെ കണ്ടപ്പോൾ തന്നെ വിറയൽ വന്നു എന്നും പറയുന്നിടത്താണ് ബേബിമോൾക്ക് വട്ട് ഉണ്ടെന്ന് നമുക്ക് ആദ്യമായ് ഡൗട്ട് അടിക്കുന്നത്. ഒരു പ്രത്യേക തരം മാനസിക മാനസിക രോഗത്തിന്റെ പ്രാരംഭ ലക്ഷണമായിരുന്നു ഈ വിറയൽ. സ്വന്തമായി ഒരു മേൽവിലാസമുള്ള ഒരു യുവതിയായ ബേബിമോൾ, ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഒരുത്തനെ പ്രേമിക്കുന്നിടത്ത് വെച്ച് , ഈ കുട്ടി പക്കാ സൈക്കോ ആണെന്ന് നമ്മൾ ഉറപ്പിക്കുന്നു.

ഇത്രേയും പ്രായമായ ആ പെങ്കൊച്ചിനെ "ബേബി മോളേ" എന്ന് വിളിക്കുന്ന അവളുടെ ചേച്ചിയും, അമ്മയുമാണ് ഒരർത്ഥത്തിൽ ബേബി മോളെ ഈ അവസ്ഥയിലാക്കുന്നത്. പിള്ളാരെ ചെറുപ്പത്തിൽ മോനേന്നും മോളേന്നും കൊച്ചാപ്പി എന്നും കുക്കുടു എന്നുമൊക്കെ മിക്കവരും വിളിക്കാറുണ്ട്. പിള്ളേർക്ക് ഒരു പ്രായം ആയിക്കഴിഞ്ഞാൽ അത്തരം അരുത്തിപ്പേരൊക്കെ അപ്പനും അമ്മയും തന്നെ മാറ്റണം. അല്ലാതെ കെട്ടു പ്രായം കഴിഞ്ഞ മക്കളെ / സഹോദരങ്ങളെ പോയി ടിന്റുമോൻ, ആതിരാ മോൾ, ബേബിമോൾ എന്നൊക്കെ വിളിച്ചാൽ, പ്രായത്തിനൊത്തുള്ള മാനസിക വളർച്ച എത്താതെ ഇതുങ്ങൾ യവ്വന പ്രായത്തിലും കുഞ്ഞുകളിച്ചു നടക്കുന്ന ഒരു പ്രത്യേക തരം സൈക്കോകൾ ആയി മാറും. ഇവിടെ ഈ കുട്ടിക്ക് സംഭവിച്ചതും അതാണ്.

ഷമ്മിയോട്‌, ബേബി മോളെ "എടി" എന്ന് വിളിക്കരുതെന്ന് ഇടയ്ക്ക് അവളുടെ ചേടത്തി പറയുന്നുണ്ട്. അപ്പൊ ബേബിമോളെ "എടാ" എന്ന് വിളിക്കാമോ എന്ന് ഷമ്മി അവളോട് ചോദിക്കുന്നു. അത് കുഴപ്പമില്ല ഞങ്ങൾ പെണ്ണുങ്ങൾ പരസ്പരം "എടാ" എന്ന് വിളിക്കാറുണ്ട് എന്ന് അവൾ പറയുന്നു. അതിന് ഷമ്മി, ഞങ്ങൾ ആണുങ്ങൾ പരസ്പരം "എടീ" എന്ന് ഒരിടത്തും വിളിക്കാറില്ല എന്ന് പറയുന്നു. നിങ്ങൾ ആണുങ്ങൾ "എടി" എന്ന് പരസ്പരം വിളിക്കാതെ "എടാ" എന്ന് മാത്രം വിളിക്കുന്നത് കൊണ്ട്, ഞങ്ങൾ പെണ്ണുങ്ങൾക്ക് പരസ്പരം "എടാ" എന്ന് വിളിച്ചു കൂടെ എന്ന് ചോദിച്ചു കൊണ്ട് ഷമ്മിയുടെ അമ്മായിയമ്മ ഈ സംവാദത്തിലേക്ക് തത്വികമായി ഇടപെടുകയും, പ്രശ്നം പയറു പോലെ സോൾവ് ആവുകയും ചെയ്യുന്നുണ്ട്. ഇവിടം മുതലാണ് സൈക്കോസിസിന്റെ വിവിധ അവസ്ഥാന്തരങ്ങൾ ആ കുടുംബത്തിലെ എല്ലാവരിലും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്.

സജി

സജി ആണ് മറ്റൊരു പ്രധാന സൈക്കോ. അയാൾ തന്റെ പ്രാന്ത് സിനിമയുടെ തുടക്കം മുതൽ പലവട്ടം പ്രകടിപ്പിക്കുന്നുണ്ട്. അനിയനായ ബോബിയുമായി തല്ലു കൂടുമ്പോൾ, തേപ്പുകാരൻ മുരുകന്റെ കാശ് അയാളോട് ചോദിക്കാതെ എടുക്കുമ്പോൾ, വെറും ഒരു കൊട്ടത്തേങ്ങ വികൃതവും, ബീഭത്സവുമായ രീതിയിൽ ക്ക്രാ ക്ക്രാ എന്ന് കാർന്നു തിന്നുമ്പോൾ , സ്വന്തം സഹോദരൻ "ചേട്ടാ" എന്ന് വിളിക്കുന്നത് കേട്ടു കള്ളിയങ്കാട്ട് നീലിയെപ്പോലെ പൊട്ടിച്ചിരിക്കുമ്പോഴൊക്കെ ഈ സൈക്കോസിസിന്റെ പടിപടിയായുള്ള അവസ്ഥാന്തരങ്ങൾ അയാൾ കാണിക്കുന്നുണ്ട്.

അങ്ങനെയിരിക്കെ ഷമ്മിയുടെ ബാർബർ ഷോപ്പിലേക്ക് ബോബിയ്ക്ക് പെണ്ണ് ചോദിക്കാനായി സജി, ബോബിയെയും (സ്വന്തം അനിയൻ) കൂട്ടി പോകുകയാണ്. സജിയിലെ നിലവറ മൈനയിൽ പതുങ്ങികിടന്നിരുന്ന സൈക്കോ അതിന്റെ മൂർദ്ധന്യത്തിൽ പത്തി വിരിച്ച് ആടുന്നത് ഇവിടെയാണ്‌. ഷമ്മി അനിയന്റെ കഴുത്തിൽ ഷേവിങ് കത്തി വെക്കുമ്പോഴാണ്, ഇത് തന്നെ കൃത്യ സമയം എന്ന് കരുതി സജി മറ്റേ പെണ്ണ് കേസ് എടുത്തിടുന്നത്. ഷമ്മി അവന്റെ കഴുത്ത് കണ്ടിക്കുകയാണെങ്കിൽ കണ്ടിച്ചോട്ടെ എന്ന് വിചാരിച്ചു തന്നെയാണ് സജി വിഷയം ആ സമയത്ത് അവതരിപ്പിക്കുന്നത്. ഇതുകേട്ട് ഷമ്മി പ്രകോപിതനായി ബോബിയുടെ കഴുത്ത് കണ്ടിച്ചിരുന്നെങ്കിൽ സജി ഹാപ്പി ആയേനെ. പക്ഷെ സജിയെപ്പോലെ ഷമ്മിയ്ക്ക് തലയ്ക്കു വട്ടൊന്നും ഇല്ല, ഒരുത്തനെ പച്ചയ്ക്ക് കണ്ടിക്കാൻ!

സജിയിൽ ഒരു പ്രാന്തൻ ഒളിച്ചിരിപ്പുണ്ടെന്നു മനസ്സിലാക്കിയ ഷമ്മി, അവരെ ഇരുവരെയും തന്ത്രപൂർവം ബാർബർ ഷോപ്പിൽ നിന്നും ഒഴിവാക്കുന്നു. സജിയും, ബോബിയും വേറെ ബാർബർഷോപ്പിലേക്ക് പോകാം എന്നും പറഞ്ഞു ഏതോ ഹോട്ടലിൽ ചെന്ന് കയറുന്നു. കട്ടിങ്ങുണ്ടോ, ഷേവിങ്ങുണ്ടോ എന്നൊക്കെ സപ്ലയറോട് ചോദിക്കുന്നു. ഇതെല്ലാം ഷമ്മി കാണുന്നുണ്ട്. അങ്ങനെയാണ് ഒരു പ്രാന്തന്റെ കുടുംബത്തിലേക്ക് ബേബിമോൾ ഒരു കാരണവശാലും പോകണ്ട എന്ന് ഷമ്മി തീരുമാനിക്കുന്നത്.

ഇതേ സമയം മറ്റൊരു സൈക്കോ ആയ തേപ്പുകാരൻ മുരുകൻ, കള്ള് കുടിക്കുന്നതിനിടയിൽ ഒന്നും രണ്ടും പറഞ്ഞു സജിയെ പ്രകോപിപ്പിക്കുകയും, ഉടനെ, കൂടിയ സൈക്കോയായ സജി, നേരെ ദ്രവിച്ച ഉത്തരത്തിൽ തൂങ്ങി ചാകാൻ പോകുകയും, രക്ഷിക്കാൻ വന്ന മുരുകൻ ഉത്തരം ഒടിഞ്ഞു താഴെ വീണു തട്ടിപ്പോകുകയും ചെയ്യുന്നു. രായ്ക്ക് രാമാനം സജി മുരുകന്റെ ഭാര്യയെ കൂട്ടിക്കൊണ്ട് വന്നു പൊറുതി തുടങ്ങുന്നു. ആ സ്ത്രീയെ സ്വന്തമാക്കാൻ സൈക്കോ ആയ സജി നടത്തിയ ഹീനമായ കൊലപാതകം ആയിരുന്നു മുരുകന്റേത് എന്ന് ഇന്വെസ്റ്റിഗേഷനിൽ കണ്ടു പിടിച്ചത് പോലീസ് ഓഫീസറായ ദിലീഷ് പോത്തനായിരുന്നു. പക്ഷെ റിമാൻഡിൽ ഇടാൻ മാത്രം സജിയ്ക്കെതിരെ തെളിവില്ല. ആ നിരാശ കാരണമാണ് ദിലീഷ് പോത്തൻ ആ കൊടും സൈക്കോ ക്രിമിനലിന്റെ മോന്തയ്ക്ക് ഇട്ടൊന്നു പൊട്ടിച്ചു വിഷമം തീർക്കുന്നത്.

ബോബി

ഒറ്റവാക്കിൽ ഇയാളെ സൈക്കോകളുടെ സൈക്കോ എന്ന് പറയാം. വളരെ വിചിത്രമായ പെരുമാറ്റ രീതികളിലൂടെ ബോബി കുമ്പളങ്ങിയെ മൊത്തത്തിൽ ഭയചകിതം ആക്കുകയാണ്. ഇയാളെ കാണുമ്പോൾ തന്നെ വിറയൽ വരും എന്ന് ബേബിമോൾ പറയുമ്പോൾ തന്നെ മനസ്സിലാക്കാം ഈ മുഴു പ്രാന്തൻ കുമ്പളങ്ങിയുടെ പ്രാന്തപ്രദേശത്ത് ഉണ്ടാക്കി എടുത്തിരിക്കുന്ന ഇമ്പാക്ട്.

ബോബി ചോറ് വിളമ്പി കഴിക്കുന്ന ആദ്യ സീൻ തന്നെ സീൻകോൺട്ര ആണ്. യാതൊരു വെടിപ്പും, ടേബിൾ മാനേഴ്‌സും അയാൾക്കില്ല. ഇയാൾ ഇടയ്ക്ക് വയലന്റായി സജിയുമായി ഗുസ്തി നടത്തുന്നു. അതിനു ശേഷം ഉണക്കമീൻ സംസ്കരിക്കുന്ന ഒരിടത്ത് അപ്രന്റീസായി കേറിയിട്ട്, അവിടെ മറ്റുള്ളവർ പണി എടുക്കുമ്പോൾ, ഇയാൾ ഹെഡ്‌ഫോണും വെച്ച് മൈക്കിൾ ജാക്സന്റെ "ഡെയ്ഞ്ചറസും" പാടി മൂൺവാക്ക് നടത്തുകയാണ്. ബോബി "ഡെയിഞ്ചറസ് സൈക്കോ" ആണെന്ന് കാണികൾക്ക് മനസ്സിലാകുന്നത് ഇവിടം മുതലാണ്.

കുമ്പളങ്ങിയിൽ, വരാൽ മീനുകളെ പിടിക്കാൻ പോകുന്നതിനെക്കുറിച്ച് ബോബി തികച്ചും ക്രൂരമായി പറയുന്ന ഒരു ഭാഗമുണ്ട്. അമ്മവരാൽ തന്റെ കുഞ്ഞുങ്ങളുമായി പോകുമ്പോൾ വെള്ളത്തിൽ ഒരു ഓറഞ്ചു നിറം പടരും. ഇങ്ങനെയാണ് മീൻ പിടിക്കുന്നവർ വരാലിനെ കണ്ടെത്തുക. അതായത് ബോബി വരാലിനെ പിടിക്കുന്നതും ഇങ്ങനെയാണ് . പാവം വരാൽ കുഞ്ഞുങ്ങളെ അനാഥരാക്കുന്ന കൊടും സൈക്കോ ആണ് ബോബി എന്ന് അയാൾ സ്വയം പ്രഖ്യാപിക്കുന്നു. മറ്റൊരിക്കൽ കാമുകിയായ ബേബി മോളുടെ മുൻപിൽ വെച്ച് ആളാവാനായി അയാൾ ഒറ്റയടിക്ക് ഒരു പാവം മീനിനെ പിടിച്ച് കരയിലിട്ട്, ശ്വാസം കിട്ടാതെയുള്ള അതിന്റെ പിടച്ചിൽ കണ്ടു പൊട്ടിച്ചിരിക്കുന്നുണ്ട്. വല്ലാത്ത മനോരോഗി തന്നെ.

ബോണി

നിശബ്ദനായ ഒരു സൈക്കോ. ഇയാൾ ഒരു ദുരൂഹ വ്യക്തിത്വം ആണ്. ഗാങ്സ്റ്റർ ആണ്. സജിയെ തല്ലി ഇടപാട് തീർക്കുന്നുണ്ട്. . ബാറിൽ വെച്ചുള്ള ഇയാളുടെ ഒറ്റഭീഷണിയിൽ ബാർ ഒന്നടങ്കം നിശബ്ദമാവുന്നുണ്ട്. വിദേശ വനിതയെ മരിജുവാന കൊടുത്ത് കിടപ്പറയിൽ എത്തിക്കുന്നുണ്ട്. ഇയാളെക്കുറിച്ച്, ഇയാളുടെ മനോരോഗത്തെക്കുറിച്ച് പ്രമുഖ സൈക്കോളജിസ്റ്, ഡോക്ടർ. P.M. മാത്യു വെല്ലൂരിന്‌ മാത്രമേ വല്ലതും ആധികാരികമായി പറയാൻ കഴിയൂ.

ഇവരുടെ ഏറ്റവും ഇളയ അനിയൻ ഒരുത്തൻ ഉണ്ട്. ഫ്രാങ്കി. പടം തുടങ്ങുമ്പോൾ സ്കൂളിലെ കൂട്ടുകാർ അവനോട് ചോദിക്കും, നിന്റെ വീട്ടിലേക്ക് ഞങ്ങളും വരട്ടെ എന്ന്. ഉടനെ അവൻ പറയുന്ന മറുപടി, "വീട്ടിൽ എല്ലാവർക്കും മാരകരോഗം ആണെന്നാണ്". സ്വന്തം വീട്ടുകാർക്ക് മാരക രോഗം ആണെന്ന് തന്റെ ഇളം പ്രായത്തിൽ തന്നെ തട്ടി വിടുന്ന ആ പയ്യന്റെ മനോരോഗം ഒരുപക്ഷെ തുടക്കത്തിലേ ചികിത്സിച്ചാൽ ഭേദമായേക്കും. ഇങ്ങനെ ഒരു ഫാമിലി മൊത്തം കൊടൂര സൈക്കോകളായിത്തീർന്ന വിചിത്ര കഥാ ഘടനയാണ് കുമ്പളങ്ങി നൈറ്റിസിന്റെത്.

അവസാനമായി കുമ്പളങ്ങിയിലെ നമ്പർവൺ സൈക്കോ. അത് സിമ്മി ആണ്.

ബേബിമോളുടെ ചേച്ചി. ഷമ്മിയുടെ ഭാര്യ. കുമ്പളങ്ങിയിലെ ശാന്ത നിർമലമായ പനിനീർ പൂവ്. പ്രത്യക്ഷത്തിൽ സിമ്മിയ്ക്ക് പ്രാന്തൊന്നും കാണാൻ കഴിയില്ലെങ്കിലും, കടലിനു മേലെ കാണുന്ന മഞ്ഞുമല പോലെയാണ് സിമ്മിയിലെ സൈക്കോ ഒളിഞ്ഞിരിക്കുന്നത്. കൂടുതൽ മഞ്ഞുമല കടലിനടിയിലാണല്ലോ മറഞ്ഞു കിടക്കുന്നത്.

ചിത്രത്തിന്റെ തുടക്കത്തിൽ ഷമ്മിയുടെ വണ്ടി വീട്ടിലേക്ക് കൊണ്ട് വരുന്ന, ഷമ്മിയുടെ കൂട്ടുകാരന്റെ സാന്നിദ്യത്തിലൂടെയാണ് സിമ്മി ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. വണ്ടി മുറ്റത്ത് വെച്ച് അയാൾ പോകാനൊരുങ്ങുന്നു. യാതൊരു മുൻപരിചയവും ഇല്ലാത്ത ഒരുത്തന്, തന്റെ അനിയത്തി ലിഫ്റ്റ് നൽകും എന്ന് പറയുന്നിടത്ത് സിമ്മിയിൽ ആദ്യ രോഗ ലക്ഷണങ്ങൾ പ്രകടമാവുന്നു. എനിക്ക് ലിഫ്റ്റ് വേണ്ട എന്ന് അയാൾ വിനയത്തോടെ പറയുന്നു.

അപ്പോൾ സിമ്മി, "അതെന്താ നിനക്ക് ലിഫ്റ്റടിച്ച് പോയാൽ???" എന്ന് ചോദിക്കുന്നുണ്ട്. ഈ സമയത്ത് സിമ്മിയുടെ കണ്ണുകളിൽ ഒരു പ്രത്യേക രീതിയിലുള്ള തിളക്കം കാണാം. പകച്ചു പോകുന്നു അയാൾ.

"അതല്ല, ഞാൻ... വേറൊന്നും കൊണ്ടല്ല... ഇടിച്ചിടണം എന്ന് പറഞ്ഞപ്പോ, ഞാൻ മാത്രമല്ല മറ്റവരും ഒണ്ട്..." എന്നെല്ലാം അയാൾ ജബ ജബ പറഞ്ഞു കൊണ്ട് അവിടം വിട്ട് പോകാൻ ശ്രമിക്കുകയാണ്. പക്ഷെ സിമ്മി വീണ്ടും, "അതെന്താ ബേബിമോൾ നിന്നെ കൊണ്ടുവിട്ടാൽ???" എന്ന് ചോദിക്കുന്നു. ഇത് കേട്ടതും ആഗതൻ ജീവനും കൊണ്ട് ഓടുകയാണ്. ഇവിടെയാണ്‌ സിമ്മി ഒരു അന്യായ സൈക്കോ ആണെന്ന് പ്രേക്ഷകന് കത്തുന്നത്.

ചിറ്റപ്പന്റെ വീട്ടിൽ പോകണം എന്ന് സിമ്മി പറയുമ്പോൾ, ഷമ്മി ഇന്ന് ജോലി തിരക്കുണ്ടെന്ന് പറയുന്നു. ഉടനെ അവളുടെ ഭാവം മാറുന്നു. കുമ്പളങ്ങിയിലെ ആ മനോരോഗി ഇതാ പ്രത്യക്ഷപ്പെടാൻ പോവുകയാണ്... പൊടുന്നനെ ഷമ്മി, അല്പം വൈകിയാലും ചിറ്റപ്പന്റെ വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു സംഘർഷം ലഘൂകരിക്കുന്നു.

ചിറ്റപ്പന്റെ വീട്ടിൽ ചെല്ലുമ്പോൾ ആ ഫാമിലി മൊത്തം സൈക്കോകൾ ആണ്. ഒരു ജോലിക്കും പോകാതെ ചൂണ്ടയിട്ടു, വാ പിളർന്നു മീൻപിടിച്ച് കറിവെച്ചു സൈക്കോസിസിന്റെ വിവിധ അവസ്ഥാന്തരങ്ങളുമായി തേരാപാരാ നടക്കുന്ന ഒരു ചിറ്റപ്പൻ, അയാളുടെ സൈക്കോ ഭാര്യ, സൈക്കോ മക്കൾ... ഈ സൈക്കോ അന്തരീക്ഷത്തിൽ വെച്ചും സിമ്മി തന്റെ രോഗം പ്രകടിപ്പിക്കുന്നുണ്ട്...

ഇങ്ങനെ പല ഘട്ടങ്ങളിലും പൂർണ അർത്ഥത്തിൽ പ്രത്യക്ഷപ്പെടാതിരുന്ന സിമ്മിയിലെ സൈക്കോ, അതിന്റെ എല്ലാ ചങ്ങലകളും പൊട്ടിച്ച് അവസാനം പ്രത്യക്ഷപ്പെടുകയാണ്. അപ്പോഴാണ് ബേബിമോളെ "എടി" എന്ന് വിളിക്കരുത് എന്ന് അവൾ പോലും അറിയാതെ അവൾ പറഞ്ഞു പോകുന്നത്.

ഒരു പെൺകുട്ടിയെ "എടി" എന്നല്ലെങ്കിൽ പിന്നെ എന്ത് വിളിക്കും എന്നതായി അതോടെ ഷമ്മിയുടെ ആവലാതി. ഷമ്മി കുറെ നേരം ഭിത്തിയിൽ തലവെച്ച്, പകരം ഉപയോഗിക്കേണ്ടുന്ന സംബോധന എന്തെന്ന് ആലോചിച്ചു നിൽക്കുന്നുണ്ട്. റാപ്പിഡക്സ് ഇംഗ്ലീഷ് സ്പീക്കിങ് കോഴ്സ്, ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-മലയാളം നിഘണ്ടു, മലബാർ മാന്വൽ, ഭാഷാ സഹായി, വ്യാകരണം നൂറ്റാണ്ടുകളിലൂടെ തുടങ്ങിയ, താൻ വായിച്ച പല പുസ്തകങ്ങൾ അയാളുടെ മനസ്സിലൂടെ ഓടുന്നു. പക്ഷെ "എടി"യ്ക്ക് പകരമുള്ള സംബോധന മാത്രം അയാൾക്ക് ഓർമ്മ വരുന്നില്ല.

"എടാ" എന്ന് വിളിക്കണോ, അതോ "ചേച്ചീ" എന്ന് വിളിക്കണോ? "അല്ലയോ ഭവതി" എന്ന് വിളിക്കണോ? അയാൾ ആലോചിച്ചു. ഒടുവിൽ അയാൾ ഉറപ്പിച്ചു, ഇനി മുതൽ ബേബി മോളെ കുഞ്ഞേ എന്ന് വിളിക്കാം. അങ്ങനെ അത് ഉറപ്പിച്ചു സ്ലോമോഷനിൽ തിരിഞ്ഞ ഷമ്മി കാണുന്നത്, സിമ്മിയും, ബേബിമോളും, അമ്മയും മുഴു പ്രാന്തികളായി കോടാലിയും, പിച്ചാത്തിയും, വെട്ടുകത്തിയും ഒക്കെ എടുത്ത് നൃത്ത നൃത്യങ്ങൾ ആടുന്നതാണ്...

ഒടുവിൽ സംഭവിച്ചത്... ഒടുവിൽ മാന്യനായ ഷമ്മി ഈ സൈക്കോകളെ എല്ലാം വല്ലവിധേനയും പിടിച്ചു കട്ടിലിനടീൽ കെട്ടിയിട്ടു. ഈ സമയം അവിടേക്ക് എത്തിയ സജിയും, ബോബിയും, ബോണിയും അടങ്ങുന്ന സൈക്കോകൾ, ഷമ്മിയെ ആക്രമിക്കാൻ തുടങ്ങി. സ്വയ രക്ഷയ്ക്കായി അയാൾ പ്രതിരോധിക്കുന്നു. പക്ഷെ എത്ര കണ്ടു പ്രതിരോധിക്കും? ഒടുവിൽ കുറെ പ്രാന്തൻമ്മാർ കൂട്ടം കൂടി ആക്രമിച്ചു പാവം ഷമ്മിയെ കീഴ്പ്പെടുത്തുന്നു.

അങ്ങനെ ഒരു കൂട്ടം സൈക്കോകൾ മാത്രം അടങ്ങുന്ന ഒരു പ്രദേശത്തേക്കാണ് ഷമ്മി എന്ന മാന്യനായ പാവം യുവാവ് കെട്ടിക്കേറി വന്നത്. ഒടുവിൽ പ്രേക്ഷകർ ആ പാവം യുവാവിനെ തനിയാവർത്തനത്തിലെ മമ്മൂട്ടിയെപ്പോലെ മനോരോഗിയെന്ന് മുദ്രകുത്തി ഭ്രാന്താശുപത്രിയിലാക്കി. യഥാർത്ഥ സൈക്കോകൾ ഇപ്പോഴും കുമ്പളങ്ങിയുടെ ഇടവഴികളെ ഭീതിയിലാഴ്ത്തിക്കൊണ്ട് തുടരുന്നു.ശുഭം.

കുമ്പളങ്ങിയിലെ യഥാർത്ഥ മനോരോഗി ഷമ്മിയല്ല. അത്... ------ ഷമ്മി ഒരു മനോരോഗി ആണെന്നും അല്ലെന്നുമുള്ള വിശകലനങ്ങൾക്കിടയിൽ...

Posted by Rijo George on Wednesday, July 10, 2019
Tags:    

Similar News