അനന്തപുരിയില്‍ ഇനി ലോകസിനിമകളുടെ ഉത്സവം; ഐ.എഫ്.എഫ്.കെക്ക് തുടക്കമായി
മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. പാസ്ഡ് ബൈ സെന്‍സര്‍ ആണ് ഉദ്ഘാടന ചിത്രം
24ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകിട്ടാണെങ്കിലും ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു.പാസ്ഡ് ബൈ സെന്‍സര്‍ ആണ് ഉദ്ഘാടന ചിത്രം.
ലോക സിനിമയുടെ വാതായനങ്ങൾ തുറന്നു. പുതിയ കാഴ്ചാ അനുഭവത്തിന്റെ വേദിയായി തിരുവനന്തപുരം മാറിക്കഴിഞ്ഞു. ഇനിയുള്ള ഒരാഴ്ച സിനിമാ പ്രേമികൾക്കും വിദ്യാർഥികൾക്കും കാഴ്ചയുടെ ഉത്സവം. ആദ്യ സ്ക്രീനിങ്ങ് മുതൽ നീണ്ട ക്യൂ. ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നേ 5 വേദികളിൽ പ്രദർശനം തുടങ്ങി. വേൾഡ് സിനിമ വിഭാഗത്തിൽ 15 സിനിമകൾ ഉദ്ഘാടനച്ചടങ്ങിന് മുമ്പ് പ്രദർശനം നടക്കും. ഫ്രഞ്ച് ചിത്രം ബേർണിങ് ഗോസ്റ്റ്, ലാത്വിയൻ ചിത്രം ഒലഗ് തുടങ്ങിയവ രാവിലെ പ്രദർശിപ്പിച്ചു.
വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി മേളയുടെ ഔപചാരിക ഉദ്ഘാടന് നിർവഹിക്കും . ഉദ്ഘാടനച്ചടങ്ങിന് ശേഷം നിശാഗന്ധിയില്‍ തുര്‍ക്കി ചിത്രം പാസ്ഡ് ബൈ സെന്‍സർ പ്രദർശിപ്പിക്കും. നടി ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ വിശിഷ്ടാതിഥി. സ്വയംവരം ഉൾപ്പെടെ ശാരദ അഭിനയിച്ച ചിത്രങ്ങൾ റെട്രോസ്പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.