യു.എ.ഇക്ക് നന്ദി അറിയിക്കുന്ന ‘യാ ഇമറാത്ത്’ ശ്രദ്ധേയമാകുന്നു

കഴിഞ്ഞ ദിവസം പൊളളാച്ചിയില്‍ വെച്ച് നടന്‍ മോഹന്‍ലാലാണ് ആല്‍ബത്തിന്റെ ലോഞ്ചിങ്ങ് നിര്‍വ്വഹിച്ചത്

Update: 2019-12-06 08:07 GMT
Advertising

പ്രശസ്ത നടന്‍ രവീന്ദ്രനും കൊച്ചി മെട്രോ യുഎഇ ടീമും ഒരുക്കിയ 'ബിഗ് സല്യൂട്ട് യുഎഇ' എന്ന ആല്‍ബത്തിലെ 'യാ ഇമറാത്ത്' എന്ന ഗാനം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം പൊളളാച്ചിയില്‍ വെച്ച് നടന്‍ മോഹന്‍ലാലാണ് ആല്‍ബത്തിന്റെ ലോഞ്ചിങ്ങ് നിര്‍വ്വഹിച്ചത്. യു.എ.ഇ 48ാമത് ദേശീയ ദിനം ആചരിച്ച ഡിസംബര്‍ രണ്ടിന് ഇന്ത്യയില്‍ നടന്ന പ്രധാന യു.എ.ഇ ദേശീയ ദിനാഘോഷ ചടങ്ങായും ആല്‍ബത്തിന്റെ ലോഞ്ചിങ്ങ് ചടങ്ങ് മാറുകയായിരുന്നു. യു.എ.ഇയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും അതിന് ഭരണ നേതൃത്വം നല്‍കിയ രാഷ്ട്രശില്‍പി ഷൈഖ് സായിദിന്റെയടക്കം സംഭാവനകളെ എടുത്തുപറയുന്ന ആല്‍ബം ഇപ്പോള്‍ യൂട്യൂബില്‍ റിലീസായിരിക്കുകയാണ്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരിച്ച ആല്‍ബത്തില്‍, അന്താരാഷ്ട്ര ഓഫ് റോഡ് ബൈക്ക് റേസ് മുതല്‍ ബൈക്ക് സ്റ്റണ്ട് വരെ വളരെ സാഹസികമായി ചിത്രീകരിച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Full View

മികച്ച പ്രതികരണമാണ് ആല്‍ബത്തിന് ലഭിക്കുന്നത്. നടന്‍ രവീന്ദ്രന്‍ സംവിധാനം ചെയ്ത ആല്‍ബത്തിന്റെ വരികള്‍ രചിച്ചത് പ്രമുഖ അറബ് കവിയും ടാഗോര്‍ പീസ് പരസ്‌കാര ജേതാവുമായ ഡോക്ടര്‍ ഷിഹാബ് ഘാനിം ആണ്. പ്രമുഖ ഗായകനും സംഗാത സംവിധായകനുമായ ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നിര്‍വ്വഹിച്ച ആല്‍ബത്തിന്റെ ഓര്‍ക്കസ്‌ട്രേഷനും പ്രോഗ്രാമിങ്ങും ചെയ്തത് രതീഷ് റോയ് ആണ്. അബ്ദുല്‍ സലാമാണ് ഇംഗ്ലീഷ് സബ് ടൈറ്റില്‍ ചെയ്തത്. ഷാര്‍ജ ടീവിയുടെ റിയാലിറ്റി ഷോയില്‍ ജേതാവായ മലയാളി ഗായിക മീനാക്ഷി ജയകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൊച്ചി മെട്രോ യു.എ.ഇയുടെ ഒമ്പതോളം ക്യാമറാന്‍മാരാണ് ആല്‍ബത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കൊച്ചി മെട്രോ ഗ്ലോബല്‍ എന്ന യൂ ട്യൂബ് ചാനലിലാണ് ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്.

Tags:    

Similar News