നമ്മളൊന്ന്, യുട്യൂബില്‍ പത്ത് ദിവസത്തെ അന്താരാഷ്ട്ര ചലചിത്രമേള
കാന്‍, വെനീസ്, ബെര്‍ലിന്‍, ലണ്ടന്‍, ടൊറന്റോ, ടോക്യോ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 20 ചലചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സിനിമകള്‍ യുട്യൂബിലൂടെ സൗജന്യമായി ആസ്വദിക്കാനാകും....
ലോകത്തെ പ്രധാന അന്താരാഷ്ട്ര ചലചിത്ര മേളകള്‍ കൈകോര്‍ത്തതോടെ യുട്യൂബില്‍ പത്ത് ദിവസത്തെ ഓണ്‍ലൈന്‍ അന്താരാഷ്ട്ര ചലചിത്രമേള സാധ്യമാകുന്നു. കോവിഡിന്റെ പ്രതിസന്ധിക്കിടയിലും ലോകമെങ്ങുമുള്ള ചലചിത്ര പ്രേമികള്‍ക്ക് ആവേശം പകരുന്ന തീരുമാനത്തിന് പിന്നില്‍ യൂട്യൂബിനൊപ്പം പ്രവര്‍ത്തിക്കുന്നത് ന്യൂയോര്‍ക്ക് ട്രിബേക്ക ഫിലിം ഫെസ്റ്റിവല്‍ സംഘാടകരായ ട്രിബേക്ക എന്റര്‍പ്രൈസസാണ്. മെയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെ പത്ത് ദിവസത്തേക്കാണ് യുട്യൂബില്‍ അന്താരാഷ്ട്ര ചലചിത്രമേള അരങ്ങേറുക.
നമ്മളൊന്ന് എന്ന് പേരിട്ടിരിക്കുന്ന ചലചിത്രമേള ലോകമെങ്ങും സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് സൗജന്യമായി ആസ്വദിക്കാനാകും. കാന്‍, വെനീസ്, ബെര്‍ലിന്‍, ലണ്ടന്‍, ട്രിബേക്ക, ലൊകാര്‍നോ, സാന്‍ സെബാസ്റ്റിയന്‍, ടൊറന്റോ, ടോക്യോ തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന ഇരുപതോളം അന്താരാഷ്ട്ര ചലചിത്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചിത്രങ്ങളാണ് യുട്യൂബിലൂടെ ആസ്വദിക്കാനാവുക. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവെലാണ് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഫീച്ചര്‍ഫിലിമുകള്‍ക്കൊപ്പം ഡോക്യുമെന്ററി വിഭാഗത്തിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലചിത്രമേളയുടെ ഭാഗമായി പാനല്‍ ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. youtube.com/weareone എന്ന ലിങ്കില്‍ വരും ദിവസങ്ങളില്‍ ചലചിത്രമേളയുടെ ഷെഡ്യൂള്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. യുട്യൂബില്‍ പരസ്യങ്ങളില്ലാതെയാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. കാഴ്ച്ചക്കാര്‍ക്ക് സംഭാവനകള്‍ നല്‍കാനായുള്ള അവസരവും ഉണ്ടാകും. ഇത്തരത്തില്‍ ലഭിക്കുന്ന പണം കോവിഡിനെതിരായ പോരാട്ടത്തിന് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.