ഈ കാലത്ത് അക്ഷീണം പണിയെടുത്തത് ഫോണ്‍, അതിന്റെ ചാര്‍ജര്‍, പിന്നെ റിമോട്ട്: ശ്രദ്ധ നേടി സൂക്ഷ്മം ഹ്രസ്വചിത്രം
ക്യാമറയ്ക്കു മുന്നിൽ ഒരു മനുഷ്യൻപോലും കഥാപാത്രമായി വരുന്നില്ലെങ്കിലും, നാലു ചുമരുകൾക്കുള്ളിലെ തന്റെ ചുറ്റുപാടുകളിൽ അവൻ എത്ര നിരാശയും വിരസതയും അനുഭവിക്കുന്നുണ്ടെന്ന് അവന്റെ വാക്കുകളിലൂടെ അനുഭവിക്കാം...
2020 മാർച്ച് 24 അർദ്ധരാത്രി 12 മണിയ്ക്ക് ഇന്ത്യയിൽ, കോവിഡ് പ്രതിരോധത്തിനായുള്ള ലോക്ക്ഡൗൺ ആരംഭിച്ചു. ലോക്ക്ഡൗൺ കാലത്ത് മലയാളത്തിൽ ചിത്രീകരിച്ച, 3 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രമാണ് ‘സൂക്ഷ്മം’.
ലോകം ഇരുട്ടിലാണ് എന്ന് ആകുലതപ്പെടുന്നവരെ, 'വെളിച്ചം വരുന്നത് വരെ സൂക്ഷ്മതയോടെ കാത്തിരിക്കുവാനുള്ള ഇടവേള മാത്രമാണ് ഇരുട്ട്' എന്ന് ഓർമിപ്പിച്ചു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ക്യാമറയ്ക്കു മുന്നിൽ ഒരു മനുഷ്യൻ പോലും കഥാപാത്രമായി വരുന്നില്ലെങ്കിലും, നാലു ചുമരുകൾക്കുള്ളിലെ തന്റെ ചുറ്റുപാടുകളിൽ അവൻ എത്ര നിരാശയും വിരസതയും അനുഭവിക്കുന്നുണ്ടെന്ന് അവന്റെ തന്നെ വാക്കുകളിലൂടെ നമുക്ക് കാണാനാകുന്നു. വിരസത അർത്ഥശൂന്യമായ പലതിലേക്കും അവന്റെ ശ്രദ്ധയെ തിരിക്കുന്നതായി തോന്നുമെങ്കിലും, അതിനിടയിൽ നല്ല ശീലങ്ങളും അവൻ പതിവാക്കുന്നു.
ഒടുവിൽ ഒരു ദിവസം അവൻ അന്നു വരെ ശ്രദ്ധിക്കാതിരുന്ന, തന്റെ ചുറ്റുമുള്ള പച്ചപ്പിലേക്ക് നോക്കുമ്പോൾ പ്രകൃതി അവനെ വിസ്മയിപ്പിക്കുന്നു. ഓരോ പുല്ലും, പൂവും, ചെറുജീവിയും സുന്ദരമായ കാഴ്ച അവനു സമ്മാനിക്കുന്നു. ചുറ്റുപാടുമുള്ളതിനെയെല്ലാം അവൻ സൂക്ഷ്മതയോടെ നോക്കിക്കാണുന്നിടത്ത് പ്രകൃതിയെ അവൻ തിരിച്ചറിയുന്നു.
‘മനസുണ്ടായാൽ മതി, അതിജീവിക്കാം’ എന്ന ആശയമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ഈ ഹ്രസ്വചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത് 2 പേർ മാത്രമാണ്. കേരളത്തിൽ ഷൂട്ട് ചെയ്ത് എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ, സൗണ്ട് ഡിസൈനിങ്, സൗണ്ട് മിക്സിംഗ് ജോലികൾ പൂർത്തീകരിച്ചിരിക്കുന്നത് ദുബൈയിലാണ്.
ചിത്രത്തിന്റെ സംവിധായകനായ അനൂപ് ശാന്തകുമാർ തന്നെയാണ് ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന, അനൂപ് എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയാണ്. സൗണ്ട് ഡിസൈനിങ്ങും മിക്സിങ്ങും നിർവഹിച്ചിരിക്കുന്ന മിഥുൻ പി. എസ് ആലപ്പുഴ ജില്ലയിലെ അരൂർ സ്വദേശിയാണ്. ദുബൈയിൽ സൗണ്ട് എൻജിനീയറായി ജോലി ചെയ്യുന്നു. അണിയറ പ്രവർത്തകർ പരസ്പരം അടുത്തിടപഴകാതെ, രണ്ട് രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് പൂർത്തീകരിച്ച ചിത്രമാണ് സൂക്ഷ്മം.