അകക്കണ്ണിന്‍റെ വെളിച്ചവുമായി വെള്ളിത്തിരയിലേക്ക്; വെള്ളത്തിലെ അനന്യക്കുട്ടിയുടെ പാട്ടും ഹിറ്റ്
സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ കൊച്ചു മിടുക്കി തന്‍റെ പാട്ടുമായി സിനിമയുടെ വലിയ ഫ്രെയിമിലേക്ക് ചേക്കേറുകയാണ്
കണ്ണൂരിലെ അനന്യയെയും സ്കൂള്‍ ബെഞ്ചിലിരുന്ന് അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ അവള്‍ പാടിയ ആ പാട്ടും മലയാളിക്ക് മറക്കാനാവില്ല. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ കൊച്ചു മിടുക്കി തന്‍റെ പാട്ടുമായി സിനിമയുടെ വലിയ ഫ്രെയിമിലേക്ക് ചേക്കേറുകയാണ്.ജയസൂര്യ നായകനാവുന്ന വെളളം എന്ന സിനിമയിലെ അനന്യയുടെ ആദ്യ ഗാനം ഇന്നലെ പുറത്തിറങ്ങി.
സോഷ്യല്‍ മീഡിയയില്‍ പാട്ടിന്‍റെ പൂവെയിലായി പെയ്തിറങ്ങിയ ഈ കൊച്ചു ഗായിക സിനിമയുടെ തൂവെട്ടത്തിലേക്ക് ചുവട് വെക്കുകയാണ്.ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം വെളളത്തിലൂടെയാണ് അനന്യ സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്.നടി മഞ്ജു വാര്യരാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്ത് വിട്ടത്. നിധീഷ് നടേരിയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.സിനിമയില്‍ പാടുക എന്ന സ്വപ്നം പൂവണിഞ്ഞതിന്‍റെ സന്തോഷത്തിലാണ് അനന്യ. കണ്ണൂര്‍ വാരം കല്ലേന്‍ വീട്ടില്‍ പുഷ്പന്‍-പ്രജിത ദമ്പതികളുടെ മകളാണ് ഈ ഒന്‍പത് വയസുകാരി.